ജനലോക്പാല്‍ ബില്ലിന് വേണ്ടി ജനാധിപത്യ രീതിയിലുള്ള പ്രക്ഷോഭത്തിന് അനുമതി നിഷേധിച്ച ഭരണകൂടം തന്നെ അറസ്റ്റ് ചെയ്യുമെന്ന് അണ്ണാ ഹസാരെ ഏറെക്കുറെ ഉറപ്പിച്ചിരുന്നു. അറസ്റ്റ് ചെയ്യപ്പെടുന്നതിന് തൊട്ട് മുമ്പ് തന്റെ അനുയായികള്‍ക്ക് ഹസാരെ നല്‍കിയ വീഡിയോ സന്ദേശം.

ഇത് രണ്ടാം സ്വാതന്ത്ര്യസമരം: ഹസാരെ

‘പ്രിയ അനുയായികളെ, രണ്ടാം സ്വാതന്ത്ര്യസമരം ആരംഭിച്ചു, എന്നെ അറസ്റ്റു ചെയ്തു. എന്റെ അറസ്റ്റ് ഈ പോരാട്ടത്തിന് ഒരു തടസ്സമാകാന്‍ പാടില്ല. നിങ്ങള്‍ സമരം തുടരുകതന്നെ വേണം’ഹസാരെ തന്റെ അനുയായികളോട് ആഹ്വാനം ചെയ്തു. അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി ജയില്‍നിറക്കല്‍ സമരത്തില്‍ സംയമനത്തോടെ പങ്കാളികളാകാന്‍ അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അറസ്റ്റിന് തൊട്ടുമുമ്പായാണ് വീഡിയോ ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്.

ലോക്പാല്‍ ബില്‍ രൂപീകരണവുമായി ബന്ധപ്പെട്ട് അനിശ്ചിതകാല നിരാഹാരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഹസാരെയെ ഇന്ന് രാവിലെ ദില്ലി പോലീസ് അറസ്റ്റു ചെയ്തത്. അദ്ദേഹത്തോടൊപ്പം കിരണ്‍ ബേദിയെയും ഹസാരെയുടെ അനുയായി അരവിന്ദ് കെജ്‌റിവാളിനെയും ശാന്തിഭൂഷണെയും രാജ്ഘട്ടില്‍്‌നിന്നും ജെ.പി പാര്‍ക്കില്‍നിന്നുമായി പോലീസ് അറസ്റ്റു ചെയ്തിരുന്നു. മുകളില്‍നിന്നുള്ള ഉത്തരവ് അനുസരിക്കുക മാത്രമാണ് ദല്‍ഹി പോലീസ് ചെയ്തതെന്നാണ് അറസ്റ്റിനോട് കിരണ്‍ ബേദി പ്രതികരിച്ചത്.