ന്യൂദല്‍ഹി: അണ്ണാ ഹസാരെ തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി. രാവിലെ 11.45 ഓടെയാണ് അദ്ദേഹം തിഹാര്‍ ജയിലിന് പുറത്ത് തിങ്ങിനിറഞ്ഞ നൂറ് കണക്കിന് പേരെ ഇളക്കിമറിച്ചു കൊണ്ട് ജയിലില്‍ നിന്ന് പുറത്ത് വന്നത്. രണ്ടാ സ്വാതന്ത്ര്യ സമരം തുടങ്ങിയതായി ജയിലിന് പുറത്ത് ജനങ്ങളെ അഭിസംബോധന ചെയ്ത ഹസാരെ വ്യക്തമാക്കി. അഴിമതിക്കെതിരെ പോരാട്ടം തുടരാന്‍ അദ്ദേഹം അണികളോട് ആഹ്വാനം ചെയ്തു.

അണ്ണാ ഹസാരെ മായാപുരിവരെ അദ്ദേഹം തുറന്ന ജീപ്പില്‍ അനുയായികള്‍ക്കൊപ്പം പോകും. രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം ഒരു മണിക്കൂറിനകം രാംലീലയില്‍ നിരാഹാരം തുടങ്ങുമെന്നാണ് വിവരം. സമരവേദിയില്‍ ഹസാരെ മാത്രമേ ഉണ്ടാവുകയുള്ളൂവെന്ന് കിരണ്‍ബേദിയും അരവിന്ദ് കെജ്‌രിവാളും വ്യക്തമാക്കിയിട്ടുണ്ട്.

സ്വാമി അഗ്‌നിവേശിന്റെ മധ്യസ്ഥതയില്‍ സര്‍ക്കാര്‍ പ്രതിനിധികളും ഹസാരെയുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് ഹസാരെ പുറത്തിറങ്ങാമെന്നറിയിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ തന്നെ ഹസാരെ ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ സമരത്തിനായി രാം ലീല മൈതാനം സജ്ജീകരിക്കേണ്ടതിനാല്‍ ഒരു രാത്രി കൂടി തീഹാര്‍ ജയിലില്‍ കഴിയുകയായിരുന്നു.

ഹസാരെ അനിശ്ചിതകാല നിരാഹാരമാണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും വെള്ളിയാഴ്ച മുതല്‍ 15 ദിവസത്തേക്കാണ് സമരത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്. നാലുദിവസമായി ഹസാരെ നിരാഹാരത്തിലാണ്. സര്‍ക്കാര്‍ അനുവദിച്ച സപ്തംബര്‍ രണ്ട് വരെ സമരം തുടരുകയാണെങ്കില്‍ അത് 19 ദിവസത്തെ നിരാഹാരമായി മാറും. ദിവസേന സര്‍ക്കാര്‍ ഡോക്ടറുടെ നേതൃത്വത്തിലുള്ള ആരോഗ്യപരിശോധന നടത്തേണ്ടതുണ്ടെന്ന സര്‍ക്കാര്‍ നിബന്ധനയും ഹസാരെയും അനുയായികളും അംഗീകരിച്ചിട്ടുണ്ട്.