ന്യൂദല്‍ഹി: അഴിമതിരഹിത സമരത്തിന് നേതൃത്വം വഹിച്ചതിന്റെ പേരില്‍ പോലീസ് അറസ്റ്റുചെയ്ത് തിഹാര്‍ ജയിലിലെത്തിച്ച അന്നാ ഹസാരെയ്ക്കും അനുയായികള്‍ക്കും ജയിലില്‍ കൂട്ട് രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി വീരന്മാര്‍. ഹസാരെയെ പാര്‍പ്പിച്ച തിഹാര്‍ ജയിലിലെ നാലാം നമ്പര്‍ ജയിലിലാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിക്കേസില്‍ അറസ്റ്റിലായ സുരേഷ് കല്‍മാഡിയും, ടു ജി കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി എ.രാജയും.

ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഹസാരെയെ വൈകീട്ട് നാല് മണിയോട് കൂടിയാണ് തീഹാര്‍ ജയിലിലെത്തിച്ചത്. കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിക്കേസില്‍ അറസ്റ്റിലായ സുരേഷ് കല്‍മാഡിക്കൊപ്പം ജയിലിലെ നാലാം നമ്പര്‍ ജയിലിലാണ് ഹസാരെയെ പാര്‍പ്പിച്ചിരിക്കുന്നത്. ഹസാരെയക്കൊപ്പം അനുയായികളായ രാജേഷ്, സുരേഷ് പത്താരെ, മനീഷ് സിസോഡിയ എന്നിവരുമുണ്ട്.

ഹസാരെയ്‌ക്കൊപ്പം അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ ഒന്നാം നമ്പര്‍ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ടു ജി കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രിയും ഡി.എം.കെ നേതാവുമായ എ.രാജ, ഡി..ബി റിയാലിറ്റിയുടെ എം ഡിയായ ഷാഹിദ് ബല്‍വ എന്നിവരാണ് കെജ്‌രിവാളിനൊപ്പം ഒന്നാം നമ്പര്‍ ജയിലിലുള്ളത്.