ന്യൂദല്‍ഹി: ഹസാരെയുടെ മോചനവുമായി ബന്ധപ്പെട്ട് തീഹാര്‍ ജയില്‍ അധികൃതരുടെ തീരുമാനം ഉടനുണ്ടാകും. ഇതുമായി ബന്ധപ്പെട്ട് അണ്ണാ ഹസാരെയും അരവിന്ദ് കെജ്‌റിവാളും തിഹാര്‍ ജയില്‍ ഡയറക്ടര്‍ ജനറലുമായി ചര്‍ച്ച നടത്തുകയാണ്. ജയിലിലെ കോണ്‍ഫറന്‍സ് ഹാളിലാണ് ചര്‍ച്ച.

സുശക്തമായ ലോക്പാല്‍ രൂപീകരിക്കണമെന്നാവശ്യവുമായി അനിശ്ചിതകാല നിരാഹാരം പ്രഖ്യാപിച്ച ഹസാരെയെ ഇന്നലെ രാവിലെയാണ് ദില്ലി പോലീസ് അറസ്റ്റു ചെയ്തത്. ദില്ലിയില്‍നിന്നും അജ്ഞാതകേന്ദ്രത്തിലേക്കു മാറ്റിയ ഇദ്ദേഹത്തെ ഇന്നലെ വൈകിട്ട് തീഹാര്‍ ജയിലിലേക്ക് മാറ്റുകയായിരുന്നു. പ്രതിഷേധത്തെത്തുടര്‍ന്ന് ഉപാധികളോടെ അദ്ദേഹത്തെ വിട്ടയച്ചുവെങ്കിലും വീണ്ടും അറസ്റ്റു ചെയ്യപ്പെട്ടേക്കാമെന്ന ആശങ്കയാല്‍ ജയില്‍മോചനം വേണ്ടെന്ന് ഹസാരെ തീരുമാനിക്കുകയായിരുന്നു. ജെ.പി പാര്‍ക്കില്‍ നിരാഹാരത്തിന് ഉപാധികളില്ലാതെ അനുമതി നല്‍കിയാല്‍ മാത്രമേ ജയില്‍മോചിതനാവാന്‍ തയ്യാറാവു  എന്നാണ് ഹസാരെ വ്യക്തമാക്കിയിരുന്നത്. മാത്രമല്ല, തന്റെ അനുയായികള്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

അതിനിടെ രാവിലെ തുടങ്ങിയ നിരാഹാരം ജയിലിലും ഹസാരെ തുടരുകയാണ്. ജയിലധികൃതര്‍ മൂന്ന് തവണ ഭക്ഷണം നല്‍കിയെങ്കിലും ഹസാരെ നിരാകരിച്ചു.

അതേസമയം ഹസാരെയുടെ അറസ്റ്റ് ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് കോര്‍ കമ്മിറ്റിയോഗം ദല്‍ഹിയില്‍ തുടങ്ങിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ കേന്ദ്രമന്ത്രിമാരായ പ്രണബ് മുഖര്‍ജി, എ.കെ ആന്റണി, പി.ചിദംബരം എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.