ന്യൂദല്‍ഹി: ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും പിന്‍ബലത്തിലല്ല താന്‍ സമരം നടത്തുന്നതെന്ന് ഗാന്ധിയന്‍ അണ്ണാ ഹസാരെ. അഴിമതിക്കെതിരായുള്ള ഈ സമരത്തിനുപിന്നില്‍ ആര്‍.എസ്.എസും ബി.ജെ.പിയുമാണെന്ന് പറയുന്നവരെ ഭ്രാന്താശുപത്രിയിലേക്ക് അയക്കുക. നാളെ അവര്‍ സമരത്തിന് പിന്നില്‍ പാക്കിസ്ഥാനാണെന്ന് പറയും-ഹസാരെ പറഞ്ഞു. നേരത്തെ അമേരിക്കയുമായി ബന്ധമുണ്ടെന്നായിരുന്നു ആരോപണം. ദുഷ്പ്രചരണങ്ങളിലൂടെ അഴിമതിക്കെതിരായ ഈ കൂട്ടായ സമരത്തെ പൊളിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വ്യവസ്ഥകള്‍ അംഗീകരിച്ചുകൊണ്ടുള്ള ലോക്പാല്‍ പാസാക്കുന്നതുവരെ സമരം തുടരും-ഹസാരെ വ്യക്തമാക്കി.

ജനലോക്പാല്‍ബില്‍ കൊണ്ടുവരണമെന്നാവശ്യവുമായി ഹസാരെ നടത്തുന്ന നിരാഹാരം അഞ്ചുദിവസം പിന്നിട്ടു. ഇതിനിടെ ജനലോക്പാല്‍ബില്‍ വേണമെന്നാവശ്യവുമായി പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം പ്രകടനം നടത്തിയ 80 ഓളം പേരെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.