Categories

അണ്ണാ കോര്‍ കമ്മറ്റി പിരിഞ്ഞു; പുനഃസംഘടനയില്ല

ഗാസിയാബാദ്: ടീം അംഗങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങളെത്തുടര്‍ന്നുണ്ടായ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഹസാരെ സംഘത്തിന്റെ കോര്‍കമ്മിറ്റി യോഗം പിരിഞ്ഞു. കോര്‍ കമ്മറ്റി പിരിച്ചുവിടുകയോ പുന:സംഘടിപ്പിക്കുകയോ ചെയ്യില്ലെന്ന് ഹസാരെ സംഘാംഗം അരവിന്ദ് കെജ്‌രിവാള്‍ മീറ്റിംഗിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അരവിന്ദ് കെജ്‌രിവാളിന്റെ കീഴിലുള്ള പബ്ലിക് കോസ് റിസര്‍ച്ച് ഫൗണ്ടേഷന്റെ ഓഫീസിലാണ് യോഗം നടന്നത്.

ഹസാരെ സംഘത്തെ തകര്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഹിസാര്‍ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ പ്രചാരണം നടത്താനുള്ള തീരുമാനം ശരിയായിരുന്നുവെന്ന് കോര്‍ കമ്മറ്റി യോഗം വിലയിരുത്തിയെന്നും ഇതു സംബന്ധിച്ച് ഹസാരെ സംഘത്തില്‍ അഭിപ്രായ ഭിന്നതയില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു.

യോഗത്തില്‍ കിരണ്‍ ബേദിയും പ്രശാന്ത് ഭൂഷണും പങ്കെടുത്തു. കര്‍ണ്ണാടക ലോകായുക്ത മുന്‍ അധ്യക്ഷന്‍ ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡെയും മേധാപട്കറും പങ്കെടുത്തില്ല. മുംബൈയില്‍ മറ്റൊരു പരിപാടിയില്‍ പങ്കെടുക്കേണ്ടതിനാലാണ് യോഗത്തില്‍ പങ്കുചേരാത്തതെന്ന് സന്തോഷ് ഹെഗ്‌ഡെ പറഞ്ഞു. ഒക്ടോബര്‍ 16 മുതല്‍ മൗന വ്രതത്തിലായതിനാല്‍ ഹസാരെ യോഗത്തില്‍ പങ്കെടുത്തില്ല.

ഹസാരെ സംഘത്തിലെ പ്രധാനികളായ അരവിന്ദ് കെജ്‌രിവാള്‍, കിരണ്‍ ബേദി എന്നിവര്‍ക്കെതിരെ ഗൗരവമായ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ സംഘത്തില്‍ കാര്യമായ അഴിച്ചുപണി വേണമെന്ന് മേധ പട്കര്‍ ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴുള്ള സംഘത്തെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് കോര്‍ കമ്മിറ്റി പിരിച്ചു വിടണമെന്നാവശ്യപ്പെട്ട് സംഘാംഗങ്ങളിലൊരാളായ കുമാര്‍ വിശ്വാസ് ഹസാരെയ്ക്ക് കത്തയച്ചിരുന്നു. കൂടുതല്‍ ആളുകളെ ഉപയോഗിച്ച് കമ്മിറ്റി വിപുലീകരിക്കണമെന്നാണ് കുമാര്‍ ആവശ്യപ്പെട്ടത്.

സംയുക്തസമിതിയിലെ അംഗങ്ങളെ ലക്ഷ്യമാക്കി ആരോപണങ്ങളുയര്‍ന്ന സാഹചര്യത്തിലാണ് ഹസാരെ സംഘം അഴിച്ചുപണിയണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ യാതൊരു തീരുമാനവും യോഗത്തില്‍ ഉണ്ടായില്ല എന്നത് സംഘത്തിലെ ഭിന്നത കൂടുതല്‍ വ്യക്തമാക്കുന്നതാണ്.

Malayalam News

2 Responses to “അണ്ണാ കോര്‍ കമ്മറ്റി പിരിഞ്ഞു; പുനഃസംഘടനയില്ല”

 1. J.S. Ernakulam.

  മലപോലെ വന്നത് എലിപോലെ ആകുന്നു,,,,,,,,,

 2. K M Venugopalan

  “അഴിമതി ആരോപണങ്ങള്‍ക്കിടെ ഇന്ന് അണ്ണാ ഹസാരെ സംഘത്തിന്റെ കോര്‍ കമ്മിറ്റി” എന്ന ശീര്‍ഷകത്തില്‍ പത്രത്തില്‍ ഇന്ന് വന്ന ഒരു വാര്‍ത്ത.
  :ദേശീയമായ ഒരു അരാഷ്ട്രീയ പ്രസ്ഥാനം കെട്ടിപ്പടുക്കാനാകും അണ്ണാ ഹസാരെ ശ്രമിക്കുക .തെരഞ്ഞെടുപ്പു സംവിധാനത്തിന്റെ സമഗ്ര അഴിച്ചു പണിയാണ് ലക്‌ഷ്യം .പുതിയ പ്രസ്ഥാനം തെരഞ്ഞെടുപ്പില്‍ ഭാഗമാകില്ല (പരുലെകര്‍ അറിയിക്കുന്നു):
  അണ്ണാ ഹസാരെയുടെ ഒഫിഷ്യല്‍ ബ്ലോഗ്ഗര്‍ ആയ രാജു പരുലെക്ക…ര്‍ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചതായി റിപ്പോര്‍ട്ട്‌ ചെയ്ത കാര്യം ആണ്.(ദേശാഭിമാനി ,29 /11 /2011 )
  അപ്പോള്‍, കോര്‍ കമ്മിറ്റി യോഗത്തിന്റെ യഥാര്‍ത്ഥ അജണ്ട അഴിമതിയോ കള്ളപ്പണമോ ഒന്നും അല്ല എന്ന് നമ്മളോട് ഇവര്‍ പച്ചയായി പറഞ്ഞില്ലെന്നേയുള്ളൂ!
  നിലവില്‍ 28 പേര്‍ അംഗങ്ങള്‍ ആയി ഉണ്ടെങ്കിലും, പലരും രാഷ്ട്രീയമായ അഭിപ്രായപ്രകടനങ്ങളുടെ പേരിലും മറ്റു പല കാരണങ്ങളാലും ‘ഉള്ളില്‍നിന്ന്’
  ആക്രമിക്കപ്പെടുകയും കയ്യേറ്റം ചെയ്യപ്പെടുകയും ചെയ്യുമ്പോള്‍പ്പോലും ഈ കമ്മിറ്റിയുടെ അവതാര ലക്‌ഷ്യം രാഷ്ട്രീയത്തെ തുടച്ചു നീക്കുക എന്നാണ്. നിലവിലുള്ള പാര്‍ലമെന്ററി ജനാധിപത്യ -തെരഞ്ഞെടുപ്പ് സംവിധാനം ‘സമഗ്രം’ ആയി അഴിച്ചു പണിയാന്‍ ഈ ഗ്രൂപ്പിനെ ആരാണ് ചുമതലപ്പെടുത്തിയത് ?
  എങ്ങനെയുള്ള ‘അഴിച്ചു പണിയല്‍’ ആയിരിക്കും അത് എന്ന് ഒരിക്കലും അറിയേണ്ട ആവശ്യമില്ലാത്ത അരാഷ്ട്രീയ മധ്യ വര്‍ഗ്ഗ (ബുദ്ധിജീവി..??.. ) ജിഹ്വകള്‍ക്ക് ആരും ചോദ്യങ്ങള്‍ ചോദിച്ചു പോകരുതെന്ന കാര്യത്തില്‍ മാത്രം എന്ത് കൊണ്ട് കാലുഷ്യം ഏറുന്നു?..
  “ഹസാരെ സംഘത്തെ തകര്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഹിസാര്‍ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ പ്രചാരണം നടത്താനുള്ള തീരുമാനം ശരിയായിരുന്നുവെന്ന് കോര്‍ കമ്മറ്റി യോഗം വിലയിരുത്തിയെന്നും ഇതു സംബന്ധിച്ച് ഹസാരെ സംഘത്തില്‍ അഭിപ്രായ ഭിന്നതയില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു”
  അണ്ണാ സംഘത്തിണോ അണ്ണാ ഹസാരെയ്ക്കോ രാഷ്ട്രീയമില്ല എന്ന് പറയുന്നത് ആര്‍ എസ് എസ് രാഷ്ട്രീയം ഇല്ലാത്ത ഒരു ദേശീയ /സാംസ്കാരിക സംഘടന ആണെന്ന് പറയുന്നത് പോലെയെയുള്ളൂ!

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.