ന്യൂദല്‍ഹി: നേരത്തേ പ്രഖ്യാപിച്ച സമയത്തിനുള്ളില്‍ ലോക്പാല്‍ ബില്‍ രൂപീകരിക്കുന്നതില്‍ വീഴ്ച്ചയുണ്ടായാല്‍ 16 മുതല്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്ന് പ്രശസ്ത ഗാന്ധിയന്‍ അണ്ണ ഹസാരെ മുന്നറിയിപ്പ് നല്‍കി. രാജ്ഘട്ടില്‍ ആരംഭിച്ച ഉപവാസത്തിനിടെയാണ് ഹസാരെ ഇക്കാര്യം വ്യക്തമാക്കിയത്.

അഴിമതിയ്ക്കും കള്ളപ്പണത്തിനുമെതിരെ നിരാഹാരമിരുന്ന ബാബാ രാംദേവിനെതിരെ കേന്ദ്രം സ്വീകരിച്ച നടപടിയില്‍ പ്രതിഷേധിച്ചാണ് ഹസാരെ ഉപവാസം തുടങ്ങിയിട്ടുള്ളത്. വൈകീട്ട് ആറുവരെയാണ് ഉപവാസം.

രാജ്ഘട്ടില്‍ വന്‍പോലീസ് സന്നാഹമാണുള്ളത്. താന്‍ സുരക്ഷ ആവശ്യപ്പെട്ടിട്ടില്ലെന്നും അതിന്റെ ആവശ്യമില്ലെന്നും ഹസാരെ അറിയിച്ചു.

ലോക്പാല്‍ സംയുക്തസമിതിയിലെ  പൊതുസമൂഹത്തില്‍നിന്നുള്ള നാല് അംഗങ്ങളും കിരണ്‍ബേദിയും അദ്ദേഹത്തോടൊപ്പം ഉപവാസമിരിക്കുന്നുണ്ട്. കൂടാതെ ആയിരക്കണക്കിന് ജനങ്ങള്‍ ഉപവാസത്തോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് രാജ്ഘട്ടിലെത്തിയിട്ടുണ്ട്.

നേരത്തെ ജന്തര്‍മന്തിറിലിലായിരുന്നു ഉപവാസമിരിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ രാംദേവിന്റെ അറസ്റ്റിനെത്തുടര്‍ന്ന് ദല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ഉപവാസം രാജ്ഘട്ടിലേക്കുമാറ്റുകയായിരുന്നു.

രാംദേവിനെതിരായ കേന്ദ്രസര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഹസാരെയുള്‍പ്പടെയുള്ള സമൂഹപ്രവര്‍ത്തകര്‍ കഴിഞ്ഞദിവസം ചേര്‍ന്ന ലോക്പാല്‍ കരടുരൂപീകരണയോഗം ബഹിഷ്‌കരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് യോഗം മാറ്റിവെയ്ക്കുകയായിരുന്നു. ഈ മാസം 15 നു ചേരുന്ന യോഗത്തില്‍ തങ്ങള്‍ പങ്കെടുക്കുമെന്ന് ഹസാരെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ മുന്നോട്ടുവെച്ചിട്ടുള്ള ആവശ്യങ്ങളില്‍ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രിയുള്‍പ്പടെയുള്ളവര്‍ ലോക്പാല്‍ സമിതിയുടെ കീഴില്‍വരണം, യോഗത്തില്‍ ചര്‍ച്ച ചെയ്യുന്ന കാര്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യണം തുടങ്ങിയ ആവശ്യങ്ങളായിരുന്നു അദ്ദേഹം ഉന്നയിച്ചിരുന്നത്. എന്നാല്‍ ജനാധിപത്യവ്യവസ്ഥ നിലനില്‍ക്കുന്ന ഇന്ത്യയില്‍ ഒരിക്കലും നടപ്പിലാക്കാന്‍ സാധ്യതയില്ലാത്ത ആവശ്യങ്ങളാണ് ഹസാരെയുടെത് എന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം.