Administrator
Administrator
ഒത്തുതീര്‍പ്പിനിടയിലും സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹസാരെ
Administrator
Thursday 25th August 2011 5:29pm

hazare ന്യൂദല്‍ഹി: അഴിമതിക്കെതിരായ അനിശ്ചിതകാല സമരം ഒത്തുതീര്‍പ്പാകാനുള്ള ശ്രമം നടക്കുമ്പോഴും അണ്ണാ ഹസാരെ സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിക്കുന്നത്. സര്‍ക്കാരിന്റെ പ്രതിനിധിയായി വിലാസ് റാവു ദേശ്മുഖ് ആണ് ഹസാരെയെ ചെന്നു കണ്ടത്. നേരത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് വര്‍മയാണ് മധ്യസ്ഥ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുക എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

താന്‍ മുന്നോട്ടുവെച്ച ഉപാധികള്‍ അംഗീകരിച്ചാല്‍ മാത്രമേ സമരത്തില്‍നിന്നും പിന്‍മാറുകയുള്ളു എന്ന് ഹസാരെ പ്രധാനമന്ത്രിയ്ക്ക എഴുതിയ കത്തില്‍ വ്യക്തമാക്കി. മധ്യസ്ഥ ചര്‍ച്ചയ്‌ക്കെത്തിയ വിലാസ്‌റാവു ദേശ്മുഖിന്റെ പക്കല്‍ കൊടുത്തയച്ച കത്തിലാണ് ഇക്കാര്യം ഹസാരെ വ്യക്തമാക്കിയത്. ലോക്പാല്‍ പരിധിയില്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തുന്നത് നാളെ മുതല്‍ ചര്‍ച്ച ചെയ്യണമെന്ന് ഹസാരെ ആവശ്യപ്പെട്ടിട്ടുണ്ട്. തന്റെ ആവശ്യങ്ങളെല്ലാം രേഖാമൂലം അംഗീകരിക്കുകയാണെങ്കില്‍ സമരത്തില്‍നിന്നും പിന്‍മാറാമെന്നാണ് ഹസാരെയുടെ വാദം. അതേസമയം പ്രധാനമന്ത്രിയോട് ചില ചോദ്യങ്ങളും ഹസാരെ ഉന്നയിക്കുന്നുണ്ട്. ജന്‍ലോക്പാല്‍ബില്‍ എങ്ങനെയാണ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതെന്നും മാറ്റമില്ലാതെ അവതരിപ്പിക്കുമോയെന്നും അദ്ദേഹം ചോദിക്കുന്നു. ഗ്രാമംതൊട്ട് മന്ത്രിമന്ദിരങ്ങളിലുള്ളവര്‍വരെ ലോക്പാല്‍ പരിധിയില്‍ വരണം. തന്റെ ആരോഗ്യപ്രശ്‌നങ്ങളിലല്ല പ്രധാനമന്ത്രി ആശങ്ക കാണിക്കേണ്ടത്, മറിച്ച് രാജ്യത്തെ ജനങ്ങളുടെ കാര്യത്തിലാണെന്നും പ്രതിപക്ഷം മൗനം വെടിയണമെന്നും ഹസാരെ വ്യക്തമാക്കുന്നു. തന്റെ കത്തില്‍ പ്രധാനമന്ത്രിയുടെ മറുപടി കിട്ടിയ ശേഷം നിരാഹാരം പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ഹസാരെ അറിയിച്ചിട്ടുണ്ട്.

അതേസമയം പ്രധാനമന്ത്രിയുടെ വീടിനു മുന്നില്‍ ഹസാരെ ടീമുകള്‍ ഇന്ന് വൈകിട്ട് നടത്താനിരുന്ന ഉപരോധം പിന്‍വലിച്ചിട്ടുണ്ട്. ഇത് സമരം ഒത്തുകതീര്‍പ്പിലെത്തുന്നതിന്റെ സൂചനയാണ് നല്‍കുന്നത്.

Advertisement