ന്യൂദല്‍ഹി: കാശ്മീര്‍ വിഷയം സംബന്ധിച്ച് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞത് തെറ്റാണെന്ന് ഗാന്ധിയന്‍ അണ്ണാ ഹസാരെ. കാശ്മീര്‍ സംസ്ഥാനം മുഴുവനായും ഇന്ത്യയുടെ ഭാഗമാണ്. ഭൂഷണ്‍ പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും ഹസാരെ വ്യക്തമാക്കി.

‘ കാശ്മീര്‍ വിഷയം സംബന്ധിച്ച പ്രശാന്ത് ഭൂഷണിന്റെ കാഴ്ചപ്പാടുകള്‍ തെറ്റാണ്. പ്രശാന്ത് ഭൂഷണിന്റെ പ്രസ്താവനയെ ഞങ്ങള്‍ അംഗീകരിക്കുന്നില്ല. ഒരു വിഷയത്തില്‍ എന്തെങ്കിലും അഭിപ്രായം പറയുന്നുണ്ടെങ്കില്‍ അത് നിങ്ങളുടെ വ്യക്തിപരമായ ഉത്തരവാദിത്തത്തിലാകണമെന്ന് ഞാന്‍ പ്രശാന്ത് ഭൂഷണിനോട് പറയും. ഒരു ടീമിന്റെ അഭിപ്രായമാണ് പറയുന്നതെങ്കില്‍ അത് ടീമില്‍ കൂടിയാലോചിച്ചശേഷമായിരിക്കണം. കാശ്മീര്‍ ഇന്ത്യയുടെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണെന്നതാണ് ഈ വിഷയത്തില്‍ എന്റെ വ്യക്തിപരമായ അഭിപ്രായം.’ ഹസാരെ അഭിപ്രായപ്പെട്ടു.

Subscribe Us:

കാശ്മീര്‍ വിഷയത്തില്‍ ഭൂഷണ്‍ പ്രസ്താവന നടത്തിയതിനെ തുടര്‍ന്ന് ബുധനാഴ്ച മുന്നംഗ സംഘം അദ്ദേഹത്തെ ആക്രമിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് അഭിപ്രായം പറയുകയായിരുന്നു അദ്ദേഹം.

തന്റെ സംഘത്തില്‍ പ്രശാന്ത് ഭൂഷണിനെ ഇനിയും നിലനിര്‍ത്തണമോ എന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ‘ ഭൂഷണ്‍ ടീം അണ്ണയുടെ ഭാഗമായിരിക്കണമോ എന്ന കാര്യം ഞങ്ങള്‍ തീരുമാനിക്കും’ ഹസാരെ തുറന്നടിച്ചു.