തിരുവനന്തപുരം: എഴുത്തുകാരും ചിന്തകരും കലാകാരന്‍മാരും സംഗമിക്കുന്ന ലോകത്തിലെത്തന്നെ ഏറ്റവും വലിയ കലാ സാഹിത്യോല്‍സവങ്ങളിലൊന്നായ ഹേ ഫെസ്റ്റിവലിന് കേരളം ഒരുങ്ങുന്നു. ആദ്യമായാണ് ഇന്ത്യയില്‍ ഫെസ്റ്റ് എത്തുന്നത്. നവംബര്‍ 12 മുതലാണ് തിരുവനന്തപുരത്ത് സാഹിത്യോത്സവം നടക്കുക.

ബാംഗ്ലൂര്‍, ചെന്നൈ, പോണ്ടിച്ചേരി തുടങ്ങിയ സ്ഥലങ്ങള്‍ സംഘാടകരുടെ പരിഗണനയിലുണ്ടായിരുന്നെങ്കിലും അവസാന നറുക്ക് തിരുവനന്തപുരത്തിന് ലഭിക്കുകയായിരുന്നു.

Subscribe Us:

റോസി ബോയ്‌കോട്ട്, തിഷാനി തോഷി, ബാമ ഫൌസ്റ്റിന, നമിത ഗോഖലെ, ജയശ്രീ മിശ്ര, അനിത നായര്‍, വിവേക് നാരായണന്‍, സെബാസ്റ്റിന്‍ ഫോക്‌സ്, ബോബ് ഗെല്‍ഡോഫ്, സൊമോന്‍ ഷാമ, വിക്രമ സേത്, വില്യം ഡാര്‍ലിംപിള്‍, തരുണ്‍ തേജ്പാല്‍ തുടങ്ങിയവരെത്തുന്നുണ്ട്. കേരളത്തില്‍ നിന്ന് ശശി തരൂരിനും ക്ഷണമുണ്ട്.

ഹേ ഫെസ്റ്റിവല്‍ പരമ്പരാഗതമായി വെയില്‍സിലെ ഹെഓണ്‍വേയില്‍ മെയ്ജൂണ്‍ മാസങ്ങളിലാണ് ആരംഭിക്കുക. ഗാര്‍ഡിയന്‍ പത്രമാണ് 2002 മുതല്‍ ഹേ ഫെസ്റ്റിന്റെ മുഖ്യ സ്‌പോണ്‍സര്‍മാര്‍.

ഇംഗ്ലീഷിലും മലയാളത്തിലുമായി നാല്‍പ്പതോളം സാഹിത്യ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഐറിഷ് ഗായകനും ഗാനരചയിതാവുമായ ബോബ് ഗെല്‍ഡോഫിന്റെ സംഗീത വിരുന്ന് സാഹിത്യോല്‍സവത്തിന്റെ ആകര്‍ഷണമാകും. ബ്രിട്ടീഷ് കൗണ്‍സിലുമായി ചേര്‍ന്നാണ് കേരളത്തില്‍ ഹേ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. 2006 മുതലാണ് കൗണ്‍സില്‍ ഹേ കമ്മിറ്റിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.