എഡിറ്റര്‍
എഡിറ്റര്‍
ക്രിക്കറ്റില്‍ വീണ്ടും കോഴപണത്തിന്റെ കുഴലൂത്ത്
എഡിറ്റര്‍
Thursday 24th May 2012 5:53pm

 

ഇന്ത്യന്‍ ക്രിക്കറ്റിന്റെ പിന്നാമ്പുറങ്ങളില്‍ കോഴപണത്തിന്റെ ദുര്‍ഗന്ധം പരക്കുന്നുണ്ടെന്ന് ആദ്യമായി പുറത്ത് വന്നത് 2000ത്തിലായിരുന്നു. സജ്ജയ് ചൗളയെന്ന ഇന്ത്യന്‍ ബുക്ക് മേക്കറുടെ പ്രലോഭനത്തില്‍പ്പെട്ട് താന്‍ മത്സരങ്ങള്‍ ഒത്ത് കളിച്ചെന്ന് അന്നത്തെ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഹാന്‍സി ക്രോണ്യ കുറ്റസമ്മതം നടത്തിയപ്പോഴായിരുന്നു അത്. വിബീഷ് വിക്രം എഴുതുന്നു..

ഹോക്ക് ഐ/വിബീഷ് വിക്രം

 

രണ്ട് മാസം മുമ്പ് ഇംഗ്ലണ്ടിലെ പ്രമുഖ ദിനപത്രമായ സണ്‍ഡേ ടൈംസ് ഒരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റില്‍ കോഴയും ഒത്തുകളിയും വ്യാപകമാവുന്നെന്നായിരുന്നു വാര്‍ത്തയുടെ ഉള്ളടക്കം.

കുട്ടിക്രിക്കറ്റിന്റെ ഇന്ത്യന്‍ പതിപ്പായ ഐ.പി.എല്‍ മത്സരങ്ങള്‍ക്ക് ശേഷം കളിക്കാരും ടീം ഉടമകളും ബോളിവുഡ് സുന്ദരിമാരും മദ്യത്തിന്റെയും പാട്ടിന്റെയും ആട്ടത്തിന്റെയും അകമ്പടിയോടെ സമ്മേളിക്കുന്ന നിശാപാര്‍ട്ടികളില്‍ വാതുവെപ്പ് സംഘങ്ങളും സജീവമായി പങ്കെടുക്കാറുണ്ടെന്നും ഇടനിലക്കാരിയായി പ്രവര്‍ത്തിക്കുന്ന ഒരു ബോളിവുഡ് നടി മുഖേന പ്രമുഖരുള്‍പ്പടെയുള്ള പല താരങ്ങളും കോഴപ്പണം കൈപ്പറ്റുന്നുമെന്നും ആയിരുന്നു വാര്‍ത്ത.

Ads By Google

ഒട്ടും വൈകാതെ ഇക്കാര്യം ശക്തിയുക്തം നിഷേധിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് രംഗത്തെത്തി. പിന്നാലെ ബി.സി.സി.ഐക്ക് പ്രത്യക്ഷ പിന്തുണയുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലും പ്രസ്താവനയുമായി രംഗത്ത് വന്നു. പത്രം പുറത്ത് വിട്ട വാര്‍ത്തക്ക് പിന്നില്‍ എന്തെങ്കിലും നിജസ്ഥിതി ഉണ്ടോയെന്ന് പോലും അന്വേഷിക്കാന്‍ ശ്രമിക്കാതെ സംഭവത്തെ തള്ളിക്കളയാനായിരുന്നു ഉന്നത ക്രിക്കറ്റ് അധികൃതരുടെ ശ്രമം.

എന്നാല്‍ രണ്ട് മാസത്തിനിപ്പുറം ഏതാണ്ട് ഒരു വര്‍ഷം നീണ്ട് നിന്ന് അന്വേഷണത്തിനൊടുവില്‍ ഇന്ത്യാ ടി.വി. ചാനലിന്റെ വെളിപ്പെടുത്തലുകള്‍ സണ്‍ഡേ ടൈംസ് പുറത്ത് വിട്ട വാര്‍ത്തയുടെ വിശ്വസിനീയതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഐ.പി.എല്ലിലെ പല മത്സരങ്ങളിലും ഒത്ത് കളി നടക്കാറുണ്ടെന്നും ഇന്ത്യന്‍ കളിക്കാര്‍ ഉള്‍പ്പെടെ പല പ്രമുഖതാരങ്ങളും ഇതില്‍ പങ്കാളികളാണെന്നും രഹസ്യ ക്യാമറവെച്ച് ചിത്രീകരിച്ച അന്വേഷത്തിനൊടുവില്‍  ചാനല്‍ കണ്ടെത്തി. കള്ളപ്പണമൊഴുക്കിയാണ് താരങ്ങളെ പാട്ടിലാക്കുന്നതെന്നും ടീമുകള്‍ പരസ്പരം ധാരണയിലെത്തി മത്സരങ്ങള്‍ അട്ടിമറിക്കാറുണ്ടെന്നുള്ള റിപ്പോര്‍ട്ടുകള്‍ അക്ഷരാര്‍ത്ഥത്തില്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു.

ചാനല്‍ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ആരോപണവിധേയരായ 5 പ്രാദേശിക താരങ്ങളെ ബി.സി.സി.ഐ സസ്‌പെന്‍ഡ് ചെയ്തു. ഇനിയൊരുത്തുരവുണ്ടാകുന്നത് വരെ ബി.സി.സി.െഎയുടെ കീഴിലുള്ള ഒരു ടൂര്‍ണ്ണമെന്റിലും കളിക്കാന്‍ പാടില്ലെന്നാണ് ഇവരെ വിലക്കിയത്. സംഭവത്തെകുറിച്ച് അന്വേഷിച്ച് 15 ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഐ.സി.സിയുടെ മുന്‍ അഴിമതി വിരുദ്ധ സമിതി തലവനായ രവി സവാനിയെ ബി.സി.സി.ഐ ചുമതലപ്പെടുത്തിയിട്ടുണ്ട്. സവാനിയുടെ അന്തിമറിപ്പോര്‍ട്ട് എന്ത് തന്നെയായാലും ഒത്തുകളിയില്‍ സ്വദേശികളും വിദേശികളുമായ പല പ്രമുഖതാരങ്ങളും ടീം ഉടമകളും സംഘാടകരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പിന്നാമ്പുറ സംസാരം.

കോഴവിവാദം കത്തിനില്‍ക്കെയാണ് കൂനിന്മേല്‍ കുരുവെന്നപോലെ മറ്റ് ചില വിവാദങ്ങള്‍ കൂടി ഐ.പി.എല്ലിനുമേല്‍ വന്ന് ഭവിച്ചത്. കൊല്‍ക്കത്ത് നൈറ്റ് റൈഡേഴ്‌സ് ടീം ഉടമയും ബോളിവുഡ് സൂപ്പര്‍ താരവുമായ ഷാരൂഖ് ഖാന്‍ മദ്യപിച്ച് മുംബൈ വാംങ്കഡെ സ്റ്റേഡിയത്തില്‍ സെക്യൂരിറ്റി ജീവനക്കാരുമായി കൊമ്പുകോര്‍ത്തു എന്നതായിരുന്നു ആദ്യവിവാദം. തുടര്‍ന്ന് വാങ്കഡേ സ്റ്റേഡിയത്തിലേക്ക് ഷാരൂഖിന് 5 വര്‍ഷത്തേക്ക് പ്രവേശനാനുമതി നിഷേധിച്ച് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ രംഗത്ത് വന്നത് സംഭവത്തിന് കൂടുതല്‍ എരിവേകി.

പിന്നാലെ ഡല്‍ഹിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് ടീമിന്റെ വിജയാഘോഷങ്ങള്‍ക്കിടെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ ഓസ്‌ട്രേലിയന്‍ താരം ലൂക്ക് പോമര്‍ബേക്ക് തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്നും കാമുകനെ കയ്യേറ്റം ചെയ്‌തെന്നുമാരോപിച്ച് ഒരമേരിക്കന്‍ യുവതി പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന പോലീസ് കസ്റ്റഡിയിലായ ലൂക്ക് ആദ്യം കുറ്റം നിഷേധിച്ചെങ്കിലും പിന്നീട് മദ്യലഹരിയില്‍ ചെയ്തതാണെന്ന് സമ്മതിച്ചു. ഏറ്റവുമൊടുവില്‍ ജൂഹുബീച്ചില്‍ ഉന്മാദ പാര്‍ട്ടി നടക്കുന്നെന്ന രഹസ്യവിവരത്തെതുടര്‍ന്ന് റെയ്ഡ് നടത്തിയ പോലീസ് പൂനെ വാരിയേഴ്‌സ് താരങ്ങളായ രാഹുല്‍ശര്‍മ്മയേയും വെയ്ന്‍ പാര്‍ണറേയും പൊക്കിയതായി സ്ഥിരീകരിച്ചു. റെയിഡില്‍ കൊക്കെയ്ന്‍ ചരസ് എന്നീ ലഹരി പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട്.

രണ്ട് ദശാബ്ദത്തിനു ശേഷം കോഴവിവാദം വീണ്ടും ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ച് കുലുക്കവെയാണ് മേല്‍ വിവരിച്ച അനാവശ്യ വിവാദങ്ങള്‍ ഉയര്‍ന്ന് വന്നതെന്നത് ശ്രദ്ധേയമാണ്. ക്രിക്കറ്റിലെ അനധിക്യത ഒത്തുകളി വിവാദത്തെ തല്‍ക്കാലത്തേക്കെങ്കിലും ഒരു പരിധിവരെ മൂടിവയ്ക്കാന്‍ ഈ വിവാദങ്ങള്‍ക്കായി എന്നതാണ് സത്യം. ബി.ജെ.പി എം.പിയും മുന്‍ ഇന്ത്യന്‍ക്രിക്കറ്റ് താരവുമായ കീര്‍ത്തി ആസാദടക്കമുള്ള പല പ്രമുഖരും ഈ ദിശയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കോഴവിവാദത്തെ മറയ്ക്കാനാണ് അനാവശ്യവിവാദങ്ങള്‍ പൊലിപ്പിക്കുന്നതെന്നാണ് ആസാദിന്റെ പക്ഷം.

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഐ.പി.എല്‍ ടൂര്‍ണ്ണമെന്റ് തന്നെ നിര്‍ത്തലാക്കണമെന്നും ഒത്ത് കളിവിവാദത്തെക്കൂറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും ആസാദ് ആവശ്യപ്പെടുന്നു. ആസാദിന്റെ അഭിപ്രായത്തോട് അനുകൂല നിലപാടുമായി പല രാഷ്ട്രീയ പാര്‍ട്ടികളുടെയും ഉന്നത നേതാക്കളില്‍ നിന്നും അഭിപ്രായമുയര്‍ന്നു വന്നു. ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവും ജനതാ പാര്‍ട്ടി നേതാവ് സുബ്രഹ്മണ്യ#ം സ്വാമിയും ആസാദിന്റെ പ്രസ്താവനകളോട് യോജിക്കുന്ന നിലപാടുകളുമായി രംഗത്തെത്തി. മദ്യവും മദിരാശിയും മയക്കുമരുന്നും നിര്‍ലോഭം ഒഴുകുന്ന ഐ.പി.എല്ലില്‍ ക്രിക്കറ്റല്ല മിറച്ച് ആട്ടവും പാട്ടും ഒത്ത് കളിയുമാണ് നടക്കുന്നതെന്നും വിശ്വസ്തത നഷ്ടപ്പെട്ട ടൂര്‍ണ്ണമെന്റ് നിരോധിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ പിന്നാമ്പുറങ്ങളില്‍ കോഴപണത്തിന്റെ ദുര്‍ഗന്ധം പരക്കുന്നുണ്ടെന്ന് ആദ്യമായി പുറത്ത് വന്നത് 2000ത്തിലായിരുന്നു. സജ്ജയ് ചൗളയെന്ന ഇന്ത്യന്‍ ബുക്ക് മേക്കറുടെ പ്രലോഭനത്തില്‍പ്പെട്ട് താന്‍ മത്സരങ്ങള്‍ ഒത്ത് കളിച്ചെന്ന് അന്നത്തെ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഹാന്‍സി ക്രോണ്യ കുറ്റസമ്മതം നടത്തിയപ്പോഴായിരുന്നു അത്. ഇതിന്റെ തുടര്‍ച്ചയെന്നോണം ഇന്ത്യന്‍ ക്രിക്കറ്റിലേക്കും നീണ്ട അന്വേഷണത്തിനൊടുവില്‍ അന്നത്തെ ക്യാപ്റ്റനായിരുന്ന അസഹറദ്ദീന്‍ അജയ് ജഡേജ മനോജ് പ്രഭാകര്‍ എന്നിവരടക്കം അഞ്ച് പേരെ ബി.സി.സി.ഐ ഒത്ത് കളിച്ചെന്ന കുറ്റം ചുമത്തി ആജീവനാന്തം ക്രിക്കറ്റില്‍ നിന്ന് വിലക്കി.

സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ സി.ബി.ഐ സമര്‍പ്പിച്ച പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്ന ബി.സി.സി.ഐ നടപടി. പ്രസ്തുത റിപ്പോര്‍ട്ടില്‍ കോഴവിവാദത്തെക്കുറിച്ച് സമഗ്രമായ തുടരന്വേഷണത്തിന് സി.ബി.ഐ ശുപാര്‍ശ ചെയ്യുന്നുണ്ട്. എന്നാല്‍ അതിന് മുതിരാതെ രാജവ്യാപകമായി ഉയര്‍ന്ന പ്രതിഷേധത്തെ തണുപ്പിക്കാനായി 5 പേരെ കുറ്റം ചുമത്തി അപരാധികളുടെ പട്ടികയില്‍ പെടുത്തി ശിക്ഷിച്ച് കൈകഴുകാനാണ് ബി.സി.സി.ഐ ശ്രമിച്ചത്. കള്ളക്കളികളുടെ അടിവേരറുക്കുന്ന തരത്തില്‍ സമഗ്രമായ അന്വേഷണ#ം നടത്തി യഥാര്‍ത്ഥ ചിത്രം പുറത്ത് കൊണ്ട് വരാന്‍ അധിക്യതര്‍ മുതിര്‍ന്നില്ല. കോഴപണത്തിന്റെ കരിനിഴല്‍ ഇന്ത്യന്‍ ക്രിക്കറ്റിന്മേല്‍ പതിക്കുന്നുവെന്ന ആരോപണമുയര്‍ന്നപ്പോഴൊക്കെ സമാന നിലപാടുകളായിരുന്നു രാജ്യത്തെ ഏറ്റവും സമ്പന്നമായ കായിക സംഘടനയുടേത്.

രണ്ട് ദശാബ്ദത്തിനിപ്പുറം കോഴവിവാദത്തിന്റെ ചീഞ്ഞളിഞ്ഞ ദുര്‍ഗന്ധം ഇന്ത്യന്‍ ക്രിക്കറ്റിനെ വീണ്ടും നാണക്കേടിലാക്കിയപ്പോഴും ബിസിസിഐ മുന്‍നിലപാടുകളുടെ പിന്തുടര്‍ച്ചാ നയമാണ് സ്വീകരിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റ് പോലും കളിക്കാത്ത 5 താരങ്ങളെ സസ്‌പെന്‍ഡ് ചെയ്ത് വീണ്ടും കൈകഴുകാനാണ് ബിസിസിഐ യുടെ ശ്രമം. താരങ്ങള്‍ക്ക് പുറമെ സംഘാടകരും ടീം ഉടമകളും ഒത്ത് കളി വിവാദത്തില്‍ പങ്കാളികളാണെന്നാണ് ഇന്ത്യാ ടിവി ചാനല്‍ റിപ്പോര്‍ട്ട് ചെയ്തത്. അങ്ങിനെയെങ്കില്‍ സമഗ്രമായ ഒരന്വേഷണത്തിലൂടെ മാത്രമേ കള്ളക്കളിയെ കുറിച്ചും അതിലുള്‍പ്പെട്ടിരിക്കുന്ന വന്‍സ്രാവുകളെയും ഒന്നടങ്കം പുറത്ത് കൊണ്ട് വരാന്‍ സാധിക്കു. ചെറുമീനുകളെ ശിക്ഷിച്ച് വന്‍സ്രാവുകള്‍ക്ക് രക്ഷപ്പെടാനവസരം ബിസിസസിഐ നല്‍കരുത്. മാന്യന്മാരുടെ കളിയെ മൂടി നില്‍ക്കുന്ന സംശയത്തിന്റെ കാര്‍മേഘം നീക്കി കളങ്കിതര്‍ എത്ര ഉന്നതരാണെങ്കിലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരാനും അര്‍ഹമായ ശിക്ഷ വാങ്ങിനല്‍കാനുമുള്ള ആര്‍ജ്ജവം ബിസിസിഐ കാണിക്കണം.

പണം കായ്ക്കുന്ന ക്രിക്കറ്റിനുമേല്‍ സംശയത്തിന്റെ നേരിയ നിഴല്‍ പോലും അവശേഷിക്കുന്നത് ബിസിസിെഎക്കെന്ന പോലെ  ക്രിക്കറ്റിനും ഗുണം ചെയ്യില്ല. കാണികള്‍ക്കും ക്രിക്കറ്റിനുമിടയില്‍ നിലനില്‍ക്കുന്ന വിശ്വാസതയാണ് ഇന്ത്യയില്‍ ക്രിക്കറ്റിനെ ഇത്രമാത്രം ജനകീയമാക്കുന്നത്. ക്രിക്കറ്റിന്റെ പ്രതിച്ഛായ നഷ്ടപ്പെട്ടാല്‍ കാണികള്‍ കളിയെ കയ്യൊഴിഞ്ഞാല്‍ കാലിയാവുക ബിസിസിഐയുടെ ഖജനാവ് തന്നെയാണെന്ന കാര്യമെങ്കിലും ഇക്കാര്യത്തില്‍ ശക്തമായ നടപടികളിലേക്ക് നീങ്ങാന്‍ ലോകത്തേറ്റവും സമ്പന്നമായ കായികസംഘടനയെ പ്രേരിപ്പിക്കട്ടെ.

Advertisement