തിരുവനന്തപുരം: വി.എസ് അച്ച്യുതാനന്ദനെതിരേ താന്‍ പ്രതികരണം നടത്തിയിട്ടില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.ശിവദാസമേനോന്‍. ആര് മുഖ്യമന്ത്രിയായാലും തനിക്ക് വേവലാതിയില്ലെന്നും ശിവദാസമേനോന്‍ വ്യക്തമാക്കി.

വി.എസ് അച്ച്യുതാനന്ദന് താന്‍ എതിരല്ല. ആര്‍ക്കുവേണ്ടിയും സേവ പറയാന്‍ താല്‍പ്പര്യമില്ല. ചില സത്യങ്ങള്‍ പറയുമ്പോള്‍ അത് വി.എസ്സിന് എതിരാണെന്ന രീതിയിലാണ് പലരും കാണുന്നത്. അസത്യങ്ങള്‍ പറയുന്നവരെ എല്ലാവരും ആദര്‍ശവാന്‍മാരായി കാണുകയാണെന്ന് ശിവദാസമേനോന്‍ പറഞ്ഞു.

പാര്‍ട്ടിക്കുള്ളിലുണ്ടാകുന്ന ചെറിയ കലഹങ്ങള്‍ സൗഹൃദത്തിന്റെ ലക്ഷണമാണെന്നും ആര് മുഖ്യമന്ത്രിയായാലും തനിക്ക് വേവലാതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കേണ്ടെന്ന് വി.എസ് പാര്‍ട്ടിക്കുള്ളില്‍ പറഞ്ഞിരുന്നതായാണ് ശിവദാസമേനോന്‍ നേരത്തേ അഭിപ്രായപ്പെട്ടത്. അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ് മല്‍സര രംഗത്തുനിന്നും പിന്‍മാറാന്‍ അപേക്ഷ നല്‍കിയതെന്നും ഇക്കാര്യം സംസ്ഥാന സമിതി അംഗീകരിക്കുകയായിരുന്നുവെന്നും ശിവദാസമേനോന്‍ പ്രതികരിച്ചിരുന്നു.