ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയിയുടേയും ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയുടേയും കുടുംബാംഗങ്ങള്‍ അഴിമതി നടത്തിയതിന് വ്യക്തമായ തെളിവുകളുണ്ടെന്ന് എ.ഐ.സി.സി. ജനറല്‍സെക്രട്ടറി ദിഗ് വിജയ് സിങ്.

എന്‍.ഡി.എ ഭരണകാലത്ത് വാജ്പയിയുടെ മരുമകനും അദ്വാനിയുടെ മകളും ഉള്‍പ്പെടെയുള്ളവര്‍ അഴിമതി നടത്തിയതിന് തെളിവുകളുണ്ടെന്നും എന്നാല്‍ അവയെല്ലാം പരസ്യപ്പെടുത്തി അവരെ അപമാനിക്കാന്‍ കോണ്‍ഗ്രസ് തയ്യാറല്ലെന്നുമാണ് ദിഗ് വിജയ് സിങ് പറഞ്ഞിരിക്കുന്നത്.

Ads By Google

രാഷ്ട്രീയ നേതാക്കള്‍ ദൈവങ്ങളല്ല മനുഷ്യരാണ്. ബന്ധുക്കളുടെ പ്രവര്‍ത്തനം പരിശോധിക്കാന്‍ അവര്‍ക്കാവില്ല. ചില കാര്യങ്ങള്‍ താന്‍ വെളിപ്പെടുത്തിയാല്‍ വാജ്‌പേയിക്കും അദ്വാനിക്കും ക്ഷീണമാകും. നേതാക്കളുടെ മക്കളോ ബന്ധുക്കളോ എന്ത് ചെയ്യുന്നുവെന്നത് ആ നേതാക്കളെ ബാധിക്കുന്ന കാര്യമല്ല. ദിഗ് വിജയ് സിങ് പറഞ്ഞു.

സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വധേരയ്‌ക്കെതിരെ ഉയര്‍ന്ന അഴിമതിയെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സോണിയ റോബര്‍ട്ട് വധേരയുടെ അക്കൗണ്ടന്റല്ലെന്നും വധേരയുടെ ഇടപാടുകള്‍ സോണിയ അറിയേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

താന്‍ രാഷ്ട്രീയത്തില്‍ എത്തിയിട്ട് 40 വര്‍ഷമായി, നാല് പെണ്‍ മക്കളും അവരുടെ ഭര്‍ത്താക്കന്മാരും തനിക്കുണ്ട്. അവര്‍ എന്താണ് ചെയ്യുന്നത് എന്ന് അന്വേഷിക്കേണ്ട കാര്യം തനിക്കില്ല. അത് എന്റെ കാര്യമല്ല. ദിഗ് വിജയ് സിങ്.