കൊച്ചി: ഹവാല ഇടപാടു വഴി അഞ്ഞൂറു കോടിയുടെ വിദേശ കാര്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ എത്തിച്ച കേസിലെ മുഖ്യപ്രതി തിരുവല്ല സ്വദേശിയായ അലക്‌സാണെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ഹൈക്കോടതിയെ അറിയിച്ചു. അലക്‌സിന്റെ വ്യാജ പാസ്‌പോര്‍ട്ടും മറ്റു രേഖകളും ഡി ആര്‍ ഐ ഹൈക്കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

സാമ്പത്തിക കുറ്റകൃത്യത്തിന്റെ പേരില്‍ കോഫേപോസ അനുസരിച്ചുളള വാറന്റും അലക്‌സിനെതിരെയുണ്ട്. ഇന്ത്യയിലെ സിനിമാ താരങ്ങള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും
അലക്‌സ് ദുബായില്‍ നിന്നു കാറുകള്‍ എത്തിച്ചിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. എബി ജോണ്‍ എന്ന വ്യാജ പാസ്‌പോര്‍ട്ടാണ് ഇയാള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നതെന്നും അധികൃതര്‍ തിരിച്ചറിഞ്ഞു.

ദുബായില്‍ അലക്‌സ് എന്ന പേരില്‍ വാഹന ഇടപാട് സ്ഥാപനം നടത്തുന്ന ഇയാള്‍ 35 ബി എം ഡബ്ല്യൂ കാറുകള്‍ ഒന്നിച്ച് ഓര്‍ഡര്‍ നല്‍കിയതിന്റെ രേഖകള്‍ ഡി ആര്‍ ഐ ദുബായിലെത്തി ശേഖരിക്കുകയായിരുന്നു.

അലക്‌സിനെക്കുറിച്ചുള്ള ഏറ്റവും പുതിയ രേഖകളെല്ലാം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.