മെല്‍ബണ്‍: ശ്രീലങ്കയ്‌ക്കെതിരെ നടന്ന സി.ബി സീരീസിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ഡാനിയേല്‍ ക്രിസ്റ്റിയന് ഹാട്രിക്. ഏകദിന ക്രിക്കറ്റില്‍ ഹാട്രിക് എടുക്കുന്ന നാലാമത്തെ ഓസ്‌ട്രേലിയന്‍ ബൗളറാണ് ക്രിസ്റ്റിയന്‍. ബ്രൂസ് റീഡ്(1986),ആന്റണി സ്റ്റുവര്‍ട്ട്(1997), ബ്രെറ്റ് ലീ(2003) എന്നിവരാണ് ഇതിനുമുന്നേ ഈ ഹാട്രിക് നേട്ടം കൈവരിച്ചവര്‍.

ക്രിസ്റ്റിയന്റെ 44ാം ഓവറിലാണ് ഹാട്രിക് നേട്ടം ഉണ്ടായത്. തിസാര പെരേര, സചിത്ര സേനനായകെ, നുവാന്‍ കുലശേഖര എന്നിവരുടെ വിക്കറ്റുകളാണ് ക്രിസ്റ്റ്യന്‍ എടുത്തത്. അഞ്ചുറണ്‍ എടുത്ത പെരേരയാണ് ആദ്യം ക്രിസ്റ്റ്യന്റെ ബൗളിങ്ങില്‍ പുറത്തായത്. പെരേരയുടെ ഷോട്ട് ഡീപ് മിഡ് വി്ക്കറ്റില്‍ മൈക്ക് ഹസ്സിയുടെ കൈയില്‍ ഒതുങ്ങി. ബൗണ്ടറി കടക്കുകയായിരുന്ന പന്തിനെ പിന്നോക്കം ഡൈവ് ചെയ്താണ് മൈക്ക് ഹസ്സി കൈക്കലാക്കിയത്.

പകരം വന്ന സേനനായകെ ആദ്യപന്തില്‍ തന്നെ വിക്കറ്റിനു മുന്നില്‍ കുടുക്കി. തൊട്ടടുത്ത പന്തില്‍ കുലശേഖരയും വിക്കറ്റിനുമുന്നില്‍ കുടുങ്ങിയപ്പോള്‍ ക്രിസ്റ്റിയന്റ ഹാട്രിക് സ്വപ്‌നം പൂവണിയുകയായിരുന്നു. എയ്ഞ്ചലോ മാത്യൂസ്, ലസിത് മലിംഗ എന്നിവരേയും ക്രിസ്റ്റിയനാണ് പുറത്താക്കിയത്. 28 കാരനായ ക്രിസ്റ്റ്യന്‍ സി.ബി സീരിസിലാണ് ഏകദിന അരങ്ങേറ്റം നടത്തിയത്. കഴിഞ്ഞമാസം അഞ്ചാം തിയ്യതി ഇന്ത്യയ്‌ക്കെതിരെ നടന്ന മത്സരത്തിലൂടെയായിരുന്നു ക്രിസറ്റിയന്റെ അരങ്ങേറ്റം.

ആദ്യമത്സരത്തില്‍ 16 പന്തില്‍ പുറത്താകാതെ 17 റണ്‍സെടുക്കുകയും 21 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് എടുക്കുകയും ചെയ്തിരുന്നു. ഓസിസിനു വേണ്ടി നാല് ട്വന്റി ട്വന്റി മത്സരങ്ങളാണ് ക്രിസ്റ്റിയന്‍ കളിച്ചത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്ലബ് ഡെക്കാന്‍ ചാര്‍ജ്ജേഴ്‌സിന്റെ താരം കൂടിയാണ് ക്രിസ്റ്റ്യന്‍.

Malayalam news

Kerala news in English