എഡിറ്റര്‍
എഡിറ്റര്‍
രാജ് താക്കറെയുടെ പ്രസ്താവന വിദ്വേഷം വളര്‍ത്തുന്നതെന്ന് പരാതി
എഡിറ്റര്‍
Tuesday 4th September 2012 8:14am

മുംബൈ: മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെയ്‌ക്കെതിരെ നിയമ നടപടി. ബീഹാറികള്‍ നുഴഞ്ഞുകയറ്റക്കാരാണെന്ന താക്കറെയുടെ പ്രസ്താവന വിദ്വേഷം വളര്‍ത്തുന്നതാണെന്നാരോപിച്ച് നളന്ദ ചീഫ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹരജി നല്‍കിയിരിക്കുകയാണ്. പൊതുപ്രവര്‍ത്തകനായ ബീരേഷ് പാണ്ഡെയാണ് താക്കറെയ്‌ക്കെതിരെ ഹരജി നല്‍കിയത്.

Ads By Google

മുംബൈയിലുള്ള ബീഹാറികള്‍ നുഴഞ്ഞുകയറ്റക്കാരാണെന്നും ഉടന്‍ ഇവിടെ നിന്നും പോകണമെന്നുമുള്ള താക്കറെയുടെ പ്രസ്താവന ബീഹാര്‍ ജനതയെ അപമാനിക്കുന്നതും വിഷമിപ്പിക്കുന്നതുമാണെന്ന് ഹരജിയില്‍ പറയുന്നു. ജനങ്ങള്‍ക്കിടയിലെ സമാധാനം തകര്‍ത്ത് വംശീയ വിദ്വേഷം വളര്‍ത്താനുതകുന്നതാണ് ഈ പ്രസ്താവനയെന്നും പരാതിയില്‍ ആരോപിക്കുന്നു.

അതിനിടെ വിവാദ പ്രസ്താവനകളുടെ പശ്ചാത്തലത്തില്‍ രാജ് താക്കറെയ്ക്കും അമ്മാവന്‍ ശിവസേന നേതാവ് ബാല്‍ താക്കറെയ്ക്കും ഇടയിലുള്ള പ്രശ്‌നങ്ങള്‍ തണുക്കുന്നതിന്റെ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. രാജ് താക്കറെയെ പരസ്യമായി പിന്തുണച്ച് ബാല്‍ താക്കറെ കഴിഞ്ഞദിവസം രംഗത്തുവരികയും ചെയ്തിരുന്നു. അസദ് മൈതാനിയിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര പോലീസ് യുവാവിനെ അറസ്റ്റ് ചെയ്ത നടപടി ശരിയാണെന്നായിരുന്നു ബാല്‍ താക്കറെയുടെ നിലപാട്. യുവാവിനെ അറസ്റ്റ് ചെയ്ത മുംബൈ പോലീസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന ബീഹാറിന്റെ നിലപാട് തെറ്റാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ബീഹാറികള്‍ക്കെതിരായ  താക്കറെയുടെ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടയില്‍ ശിവസേന ഇത് സംബന്ധിച്ച് എഡിറ്റോറിയലും എഴുതിയിട്ടുണ്ട്.

Advertisement