ന്യൂദല്‍ഹി: ശക്തമായ ലോക്പാല്‍ ബില്ലിനുവേണ്ടി നിരാഹാരസമരം പ്രഖ്യാപിച്ച അണ്ണ ഹസാരെയുടെ സമരവേദി ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് മാറ്റാന്‍ നീക്കം. ദല്‍ഹിയിലെ കൊടുംതണുപ്പിനെ തുടര്‍ന്നാണ് വേദി മാറ്റാന്‍ തീരുമാനിച്ചത്.  ദല്‍ഹിയില്‍ ഇന്നലെ ചേര്‍ന്ന കോര്‍കമ്മിറ്റി യോഗമാണ് വേദി മാറ്റാനുള്ള തീരുമാനമെടുത്തത്.
ദല്‍ഹിയിലെ തണുപ്പ് കണക്കിലെടുത്ത് മുംബൈയിലെ ആസാദ് മൈതാനം സമരത്തിന് വിട്ടുതരണമെന്നാവശ്യപ്പെട്ട് ഹസാരെ സംഘം അപേക്ഷ നല്‍കിയിട്ടുണ്ട്.
പാര്‍ലമെന്റിന്റെ നടപ്പുസമ്മേളനത്തില്‍ ശക്തമായ ലോക്പാല്‍ ബില്‍ കൊണ്ടുവന്നില്ലെങ്കില്‍ ഈ മാസം 27ന് നിരാഹാരം നടത്തുമെന്നാണ് ഹസാരെ പറഞ്ഞത്.  ലോക്പാല്‍ ബില്‍ അവതരിപ്പിക്കുമ്പോള്‍ അണ്ണ സംഘാംഗങ്ങള്‍ പാര്‍ലമെന്റില്‍ ഉണ്ടായിരിക്കണമെന്നും യോഗം തീരുമാനിച്ചു.

പ്രത്യേക പൗരാവകാശരേഖാബില്‍ അവതരിപ്പിക്കാനുള്ള സര്‍ക്കാറിന്റെ തീരുമാനത്തെയും ഹസാരെ വിമര്‍ശിച്ചു. ചില്ലറവില്‍പ്പന മേഖലയിലെ വിദേശനിക്ഷേപം വേണ്ടെന്നുവെക്കാന്‍ സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തിയതുപോലെ ലോക്പാലിന്റെ കാര്യത്തിലും സമ്മര്‍ദം ചെലുത്താന്‍ തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജിയോട് ഹസാരെ അഭ്യര്‍ഥിച്ചു.