കോഴിക്കോട്: കോണ്‍ഗ്രസ്സ്‌ എം.എല്‍.എമാരായ ടി.എന്‍ പ്രതാപനെയും വി.ഡി സതീശനെയും പോലെ തരംതാഴാനില്ലെന്ന്‌ കെ.പി.സി.സി വക്താവ് എം.എം ഹസ്സന്‍. താന്‍ ദേശാടന പക്ഷിയായത് പാര്‍ട്ടിക്കുവേണ്ടിയാണ്. കാക്കള്‍ക്കും കുരുവികള്‍ക്കും ഒരു മണ്ഡലത്തില്‍ മാത്രമേ പ്രവര്‍ത്തിക്കാനാകൂ എന്നും ഹസ്സന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Ads By Google

നെല്ലിയാമ്പതിയില്‍ വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള എം.എല്‍.എമാരുടെ സംഘം സന്ദര്‍ശിച്ചതില്‍ മുഖ്യമന്ത്രി ഇടപെടാത്തതില്‍ നിരാശ തോന്നി. നെല്ലിയാമ്പതി വനംഭൂമിയാണെന്നത് പാര്‍ട്ടി നിലപാടാണ്.
ഗ്രീഡി പൊളിറ്റിക്‌സെന്ന പരാമാര്‍ശം ആരെയും വ്യക്തിപരമായി ഉദ്ദേശിച്ചല്ല, ആ തൊപ്പി ചേരുന്നത് ആര്‍ക്കാണോ അവര്‍ അണിയട്ടേയെന്നും എം.എം. ഹസ്സന്‍ പറഞ്ഞു.

കോണ്‍ഗ്രസ്സുകാര്‍ വിയര്‍പ്പൊഴുക്കി നിലനിര്‍ത്തിയ മണ്ഡലങ്ങളില്‍ ആര്‍ത്തിപൂണ്ട ദേശാടനപക്ഷിയെപ്പോലെ പറന്നിറങ്ങുന്ന നേതാവാണ് എം.എം. ഹസ്സന്‍ എന്നായിരുന്നു ടി.എന്‍. പ്രതാപനും വി.ഡി. സതീശനും ആരോപിച്ചിരുന്നത്. ആ മണ്ഡലങ്ങളൊക്കെ യു.ഡി.എഫിന് നഷ്ടമായത് ഹസ്സന്‍ കാരണമാണെന്നും ഇരുവരും ആരോപിച്ചിരുന്നു.