എഡിറ്റര്‍
എഡിറ്റര്‍
രമേശിനെ ദ്രോഹിക്കുന്നത് കൂടെ നില്‍ക്കുന്നവരെന്ന് ഹസ്സന്‍: വഷളാക്കിയത് ഹസ്സനെന്ന് സുധാകരന്‍
എഡിറ്റര്‍
Friday 24th May 2013 10:52am

hassan-and-sudhakaran

കണ്ണൂര്‍:  രമേശ് ചെന്നിത്തലയുടെ മന്തിസ്ഥാനം സംബന്ധിച്ച പ്രശ്‌നങ്ങള്‍ വഷളാക്കുന്നത് അദ്ദേഹത്തിന്റെ കൂടെ നില്‍ക്കുന്നവര്‍ തന്നെയാണെന്ന് കെ.പി.സി.സി വക്താവ് എം.എം ഹസ്സന്‍.

ചര്‍ച്ചകള്‍ വഴിമുട്ടിയിട്ടില്ലെന്നും രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് വരണമെന്ന് തന്നെയാണ് ഇപ്പോഴും തന്റെ ആഗ്രഹമെന്നും ഹസ്സന്‍ പറഞ്ഞു.

Ads By Google

സംസ്ഥാനത്ത് തന്നെ പ്രശ്‌നങ്ങള്‍ പരിഹരിക്കും. വിഷയം ഹൈക്കമാന്‍ഡി ലെത്തേണ്ട കാര്യമില്ല. രമേശിനെ ദ്രോഹിക്കുന്നത് അദ്ദേഹത്തിന്റെ കൂടെ നില്‍ക്കുന്നവര്‍ തന്നെയാണ്. ഗ്രൂപ്പിന്റെ പ്രതിനിധിയായി ഇവര്‍ രമേശിനെ ചിത്രീകരിക്കുകയാണ്.അവരാണ് പ്രശ്‌നം വഷളാക്കുന്നത്.

മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി വാദിക്കുന്നവര്‍ അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്തുകയാണ്.

ഏതെങ്കിലും ഒരു ഗ്രൂപ്പിന്റെ പ്രതിനിധിയായി രമേശ് ചെന്നിത്തലയെ മന്ത്രിസഭയിലേക്കു കൊണ്ടുവരാന്‍ ആരും ആഗ്രഹിക്കുന്നില്ല.

രാജാവിനെക്കാള്‍ വലിയ രാജഭക്തി കാണിക്കുന്നവര്‍ രമേശിനെ ദ്രോഹിക്കുകയാണ്. മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റും രണ്ട് തട്ടിലാണെന്ന് ഇവര്‍ വരുത്തിതീര്‍ക്കുകയാണ്.

കെ.പി.സി.സി പ്രസിഡന്റെന്ന നിലയില്‍ ഗ്രൂപ്പിന് അതീതനായി പ്രവര്‍ത്തിക്കേണ്ട ആളാണ് ചെന്നിത്തല. നിലവില്‍ നടക്കുന്ന വിവാദങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നും ഹസന്‍ പറഞ്ഞു. ഇപ്പോഴും വൈകിയിട്ടില്ലെന്നും വിഷയം ചര്‍ച്ച ചെയ്തു പരിഹരിക്കാവുന്നതേയുളളൂവെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം പ്രശ്‌നങ്ങള്‍ വഷളാക്കിയത് ഹസ്സനാണെന്നും മന്ത്രിസ്ഥാനത്തെക്കുറിച്ചും ഉപമുഖ്യമന്ത്രിസ്ഥാനത്തെ കുറിച്ചും ആവശ്യമുന്നയിച്ചത് ഹസ്സനടക്കമുള്ളവരാണെന്നും അത് പരിഹരിക്കേണ്ടത് അവര്‍ തന്നെയാണെന്നും സുധാകരന്‍ പറഞ്ഞു.

കെ.പി.സി.സി അധ്യക്ഷനെ ഉപമുഖ്യമന്ത്രിയാക്കണമെന്ന് ഞങ്ങള്‍ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. കെ.പി.സി.സി അധ്യക്ഷന്‍ എന്ന നിലയില്‍ മികച്ച രീതിയില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് നേതൃത്വം നല്‍കുന്ന ആളാണ് ചെന്നിത്തല.

അദ്ദേഹം ആ സ്ഥാനത്ത് തന്നെ തുടരണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ഹസ്സനുള്‍പ്പെടെയുള്ളവര്‍ കാര്യങ്ങള്‍ വഷളാക്കുകയാണെന്നും സുധാകരന്‍ ആരോപിച്ചു.

Advertisement