ന്യൂദല്‍ഹി: രാജ്യത്തെ കള്ളപ്പണത്തിന്റെ ഉറവിടം കണ്ടെത്തുന്ന അന്വേഷണത്തില്‍ പുരോഗതിയില്ലെന്ന് സുപ്രീം കോടതി. കേന്ദ്ര സര്‍ക്കാര്‍ അടിസ്ഥാനപരമായ കാര്യങ്ങളെ അഭിസംബോധന ചെയ്തിട്ടില്ല.

ഇപ്പോള്‍ അന്വേഷണം നടക്കുന്ന ഹസന്‍ അലിഖാനെ ചോദ്യം ചെയ്യുന്നത് വീഡിയോയില്‍ പകര്‍ത്തണമെന്ന് കോടതി ആവശ്യപ്പെട്ടു. ആവശ്യമെങ്കില്‍ ഹസ്സന്‍ അലിഖാന്റെ കുടുംബത്തിന് പോലീസ് സംരക്ഷണം നല്‍കണം. 2008 മുതലുള്ള കേസില്‍ കോടതി ഇടപെട്ടത് മുതലാണ് സുഗമമായ അന്വേഷണം നടന്നതെന്നത് വേദനാജനകമാണെന്നും കോടതി നിരീക്ഷിച്ചു.

കള്ളപ്പണം സംബന്ധിച്ച എന്‍ഫോഴ്‌സ്‌മെന്റ് റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ മനസമാധാനം നഷ്ടപ്പെടുമെന്ന് ഇന്നലെ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

വിദേശത്ത് നികുതിയില്ലാപ്പണം നിക്ഷേപിച്ചവരുടെ പേരുവിവരങ്ങള്‍ എന്തിനാണ് മറച്ചുവെക്കുന്നതെന്ന് സുപ്രീംകോടതി ചോദിച്ചിരുന്നു. ഇതൊക്കെ കാണുമ്പോള്‍ നിശബ്ദമായിരിക്കാന്‍ സാധിക്കുന്നില്ല.

രാജ്യത്ത് നടക്കുന്നതെന്ന് എന്താണെന്ന് ജനങ്ങള്‍ അറിയട്ടെ. എല്ലാം കേട്ടുകഴിഞ്ഞാല്‍ ആര്‍ക്കും മനസ്സമാധാനത്തോടെ ജീവിക്കാന്‍ സാധിക്കില്ല. കള്ളപ്പണത്തിന്റെ ഉറവിടവും അത് രാജ്യസുരക്ഷയ്ക്കുണ്ടാക്കുന്ന വെല്ലുവിളിയെക്കുറിച്ചും പൂര്‍ണമായ വിവരങ്ങള്‍ ഹാജരാക്കണമെന്നും കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു.