ന്യൂദല്‍ഹി:കള്ളപ്പണക്കേസില്‍ അന്വേഷണം നേരിടുന്ന പ്രമുഖ വ്യവസായി ഹസന്‍ അലിഖാനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കും

പൂനയിലെ വസതിയില്‍ നിന്നും കസ്റ്റഡിയിലെടുത്ത ഖാനെ പിന്നീട് മുംബൈയിലേക്ക് കൊണ്ടുവന്നു. അവിടെവച്ച് രാത്രി വൈകുംവരെ ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

വിദേശ ബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപമുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഹസന്‍ അലി ഖാന്റെ പൂനയിലുള്ള വീടും സ്ഥാപനങ്ങളും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധിച്ചിരുന്നു. ഹസന്‍ അലി ഖാന്റെ ഹവാല പണമിടമാടുകളുമായി ബന്ധപ്പെട്ട രേഖകള്‍ അധികൃതര്‍ പരിശോധിച്ചു. കൂടാതെ പൂനെയിലെ ഇയാളുടെ താമസസ്ഥലമായ പോഷ് കോരഗൗണ്‍ പാര്‍ക്കിന്റെ ചുറ്റുപാടുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് രാവിലെ പരിശോധിക്കും. മുംബൈ, ഗര്‍ഗൗണ്‍, കൊല്‍ക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിലെ ഖാന്റെ സ്ഥാപനങ്ങളും വസതികളും വിശദമായി പരിശോധിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

അന്വേഷണത്തിന്റെ ഭാഗമായി ഹസന്‍ അലിഖാന്റെ സഹായിയായ ഫിലിപ്പ് ആനന്ദിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. വിദേശരാജ്യങ്ങളിലെ കള്ളപ്പണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ മാര്‍ച്ച് 8ന് മുമ്പ് നല്‍കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. കള്ളപ്പണ നിക്ഷേപകരെ കുറിച്ചുള്ള വിശദവിവരങ്ങള്‍ നല്‍കാനും കോടതി നിര്‍ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഹസന്‍ അലി ഖാനെ അറസ്റ്റ് ചെയ്തത്.