Administrator
Administrator
ഹസാരെ സോണിയക്കയച്ച കത്തിന്റെ പൂര്‍ണ്ണ രൂപം
Administrator
Tuesday 19th April 2011 1:05am

ലോക്പാല്‍ ബില്ലിന്റെ കരടു തയാറാക്കാനുള്ള സമിതിയുടെ സഹാധ്യക്ഷന്‍ ശാന്തി ഭൂഷണെതിരെ സിഡി ഇറക്കിയ വിഷയം ഉന്നയിച്ചു സമിതി അംഗം അണ്ണ ഹസാരെ യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിക്കു കത്തെഴുതിയിരിക്കയാണ്. അഴിമതി വിരുദ്ധ പോരാട്ടം നടത്തുന്നവരെ പൊതുജന മധ്യത്തില്‍ ഇകഴ്ത്തിക്കാട്ടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് കത്തില്‍ ഹസാരെ ചൂണ്ടിക്കാട്ടുന്നു.

നിയമ രൂപീകരണത്തിനു തടസ്സം നില്‍ക്കരുതെന്ന് സഹപ്രവര്‍ത്തകരെ ഉപദേശിക്കണമെന്നും കത്തില്‍ ഹസാരെ സോണിയയോട് ആവശ്യപ്പെടുന്നുണ്ട്. കത്തിന്റെ പൂര്‍ണ്ണ രൂപം താഴെ.

ശ്രീമതി സോണിയാഗാന്ധി

ചെയര്‍പേഴ്‌സണ്‍, യു.പി.എ
10,ജന്‍പത്, ന്യൂദല്‍ഹി

പ്രിയപ്പെട്ട സോണിയാഗാന്ധി,

അഴിമതിയ്ക്കതിരെ ശക്തമായ ഒരു നിയമം എന്ന ആവശ്യവുമായാണ് ഞങ്ങള്‍ ജോയിന്റ് കമ്മിറ്റിയില്‍ ചേര്‍ന്നത്. അഴിമതിയ്‌ക്കെതിരെ സമരം ചെയ്യേണ്ടതിന്റെ ആവശ്യകതയും, ഇക്കാര്യങ്ങള്‍ക്കുവേണ്ടിയുള്ള നിയമങ്ങള്‍ ഫലപ്രദവും പ്രതീക്ഷിക്കുന്ന തരത്തിലുള്ള ഫലം നല്‍കുന്നതുമാകണമെന്നും ചൂണ്ടിക്കാട്ടി നിരാഹാരം അവസാനിപ്പിക്കുന്നതിന് തലേന്നാള്‍ താങ്കള്‍ എനിക്കൊരു കത്തയച്ചിരുന്നു.

എങ്കിലും കുറച്ചുദിവസങ്ങളായി രാജ്യത്തു നടക്കുന്ന കാര്യങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണ്. ജോയിന്റ് കമ്മിറ്റിയിലൂടെ ശക്തമായ അഴിമതി നിരോധന നിയമം ഉണ്ടാക്കാനുള്ള ശ്രമങ്ങളെ രാജ്യത്തെ അഴിമതിക്കാര്‍ ഒത്തുചേര്‍ന്ന് നശിപ്പിക്കാന്‍ ശ്രമിക്കുകയാണ്. കമ്മിറ്റിയിലെ സാധാരണക്കാരെ മനപൂര്‍വ്വം കളങ്കപ്പെടുത്താനുള്ള ശ്രമങ്ങള്‍ അതിന്റെ ഭാഗമാണ്.

പൊതുജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ആളുകളെ പൊതുജനങ്ങള്‍ വിദഗ്ധമായി പരിശോധിക്കണമെന്ന വാദം ഞാന്‍ അംഗീകരിക്കുന്നു. എങ്കിലും തെറ്റായ ആരോപണങ്ങളും, വ്യാജമായുണ്ടാക്കിയ സിഡികളും, ഉപയോഗിച്ച് മനപൂര്‍വ്വം ഒരാളെ മോശക്കാരനാക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെ പൊതുജനപരിശോധനയായി കാണാന്‍ കഴിയില്ല.

സത്യത്തിന്റെ പാത പിന്‍തുടര്‍ന്ന് ഒരു ലളിത ജീവിതം നയിക്കുന്ന എന്നെയും അവര്‍ വെറുതെവിട്ടില്ല. എങ്കിലും അവര്‍ ഈ ശ്രമങ്ങളൊക്കെ നടത്തിയിട്ടും അവരുടെ ലക്ഷ്യം നേടാന്‍ കഴിഞ്ഞില്ല എന്നതില്‍ ഞാന്‍ സന്തോഷവാനാണ്. പൊതുജനങ്ങള്‍ക്കുമുമ്പില്‍ സാധാരണക്കാരുടെ പ്രതിനിധികളുടെ കീര്‍ത്തി നശിപ്പിക്കുക എന്ന ഉദ്ദേശം മാത്രമാണ് ഇവര്‍ക്കുള്ളത്. ഇത്തരത്തില്‍ നിഷ്പിത താല്‍പര്യമുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ പിന്നോട്ടേക്ക് പോകാന്‍ തുടങ്ങിയിട്ടുണ്ട്.

എന്താണ് ശരി എന്നത് ജനങ്ങള്‍ തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു. ഞങ്ങള്‍ക്ക് പിന്തുണപ്രഖ്യാപിച്ചുള്ള പല സന്ദേശങ്ങളും ജനങ്ങളുടെ ഭാഗത്തുനിന്നും ലഭിക്കുന്നുണ്ട്. കമ്മിറ്റയിലെ സര്‍ക്കാര്‍ പ്രതിനിധികള്‍ക്കുനേരെ ഇത്തരത്തില്‍ വിഗദ്ധ പരിശോധനയുണ്ടായാല്‍ എന്തായിരിക്കും അതിന്റെ പരിണിതഫലമെന്നോര്‍ത്ത് ഞാന്‍ അത്ഭുതപ്പെടുകയാണ്.

അധികാരം കയ്യിലുള്ളവര്‍ പലതും ചെയ്യും. എന്നാല്‍ ഇത്തരം വിടുവായത്തങ്ങള്‍ക്ക് മറുപടി പറഞ്ഞ് ലോക്പാലില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അതാണ് നിഷിപ്ത താല്‍പര്യമുള്ളവര്‍ നടത്തുന്ന ക്യാമ്പയിനിങ്ങ് ലക്ഷ്യമിടുന്നത്.

കഴിഞ്ഞ ഒരാഴ്ചയായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരില്‍ ഒരാള്‍ പത്രക്കാരുടെ മുമ്പില്‍ പുത്തന്‍ പ്രസ്താവനകളുമായി രംഗത്തെത്തുന്നു. എനിക്ക് തോന്നുന്നത് അത്തരം പ്രസ്താവനകള്‍ നടത്തുന്നത് അദ്ദേഹത്തിന് പാര്‍ട്ടി പിന്തുണ ലഭിക്കുന്നുണ്ടെന്നാണ്.

ഈ പ്രസ്താവനകളില്‍ മിക്കതും വസ്തുതാപരമായി തെറ്റാണ്. ജോയിന്റ് കമ്മിറ്റി നടത്തിവരുന്ന ചര്‍ച്ചകള്‍ തടസപ്പെടുത്തുക, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക, അവരില്‍ ആശയകുഴപ്പം സൃഷ്ടിക്കുന്ന തുടങ്ങിയ ഉദ്ദേശങ്ങള്‍ മാത്രമാണ് ഇതിനു പിന്നില്‍. ഈ പ്രസ്താവനകളെ വ്യക്തിപരമായി നിങ്ങള്‍ അംഗീകരിക്കുന്നുണ്ടോ?

സംയുക്ത കമ്മിറ്റിയുടെ കൂടിക്കാഴ്ചയ്ക്കുശേഷം മന്ത്രമാരിലൊരാള്‍ പത്രക്കാരോട് കൂടിക്കാഴ്ച ഗുണകരമാണെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഞങ്ങള്‍ സര്‍ക്കാരിനെ അധീനതയിലാക്കാന്‍ ശ്രമിക്കുകന്നതായും അതുവഴി ഈ നിയമത്തിന്റെ വീര്യം കുറയ്ക്കാന്‍ ശ്രമിക്കുന്നതായും ഇയാള്‍ വീട്ടില്‍ വച്ച് നടത്തിയ അനൗപചാരിക കൂടിക്കാഴ്ചകള്‍ക്കിടിയില്‍ ആരോപിച്ചതായി മാധ്യമരംഗത്തെ പല സുഹൃത്തുകളില്‍ നിന്നും അറിയാന്‍ കഴിഞ്ഞു.

ഇത് തികച്ചും തെറ്റായ പ്രസ്താവനയാണ്. കാരണം ഈ നിയമവുമായി ബന്ധപ്പെട്ട് കമ്മിറ്റിയില്‍ ഒരു ചര്‍ച്ചയുമുണ്ടായിട്ടില്ല. അദ്ദേഹത്തിന്റെ അനൗപചാരിക കൂടിക്കാഴ്ച രാജ്യത്തെ ജനങ്ങളുടെ മനസില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ്. ഞങ്ങള്‍ ഒളിപ്പിക്കുന്ന ഒരു കാര്യം ജനങ്ങളുടെ മുമ്പില്‍ തുറന്നുകാട്ടുക എന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ രഹസ്യ കൂടിക്കാഴ്ച.

ഇത്തരത്തിലുള്ള ദുഷ്പ്രവര്‍ത്തികള്‍ മുന്‍കൂട്ടി കണ്ടാണ് കമ്മിറ്റിയുടെ കൂടിക്കാഴ്ചകള്‍ വീഡിയോ റെക്കോര്‍ഡ് ചെയ്യണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടത്. ചര്‍ച്ച കഴിഞ്ഞാലുടന്‍ ആ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടണം. അഴിമതി കാരണം ഇന്ത്യ ഒരുപാട് അനുഭവിച്ചു കഴിഞ്ഞു. അഴിമതിയ്‌ക്കെതിരെ ശക്തമായ നടപടി വേണമെന്ന് രാജ്യം മുഴുവന്‍ ആവശ്യപ്പെട്ട ചരിത്ര നിമിഷങ്ങളാണിത്.

ഈ നിയമമുണ്ടാക്കുന്ന പദ്ധതി തടസ്സപ്പെടുത്തരുതെന്ന് നിങ്ങളുടെ സഹപ്രവര്‍ത്തകരോട് നിര്‍ദേശിക്കണമെന്നാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്. ഒരു ശക്തമായ അഴിമതി നിരോധന നിയമത്തിനുവേണ്ടി ഇനിയും കാത്തിരിക്കാനുള്ള ക്ഷമ രാജ്യത്തിനില്ല. ജനങ്ങള്‍ വളരെ കോപാകുലരാണ്. ഈ പരിപാടി തടസപ്പെട്ടാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെയും ഞാന്‍ ഭയക്കുന്നു.

Advertisement