ന്യൂദല്‍ഹി: പശുസംരക്ഷണത്തിന്റെ പേരില്‍ നിയമം കയ്യിലെടുക്കുന്ന ഗോസംരക്ഷകര്‍ക്ക് പൂട്ടിടാനെന്ന പേരില്‍ അംഗീകൃത ഗോരക്ഷകരെ നിയമിക്കാനൊരുങ്ങി ബി.ജെ.പി.

ഇനി എല്ലാവര്‍ക്കും ഗോരക്ഷകരാകാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ അംഗീകരിക്കുന്ന ചിലര്‍ മാത്രം ആ പണി ചെയ്താല്‍ മതിയെന്നുമാണ് ഹരിയാന ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ ഉത്തരവ്.

ഇതുവരെ ഇന്ത്യയില്‍ നിയമാധിഷ്ഠിതമായ ഒരു പശുസംരക്ഷണ സേന ഇല്ലായിരുന്നു. എന്നാല്‍ അത്തരത്തിലുള്ള അംഗീകൃത ഗോരക്ഷകരെ നിയമിക്കാനുള്ള തയ്യാറെടുപ്പിലാണ് ഹരിയാന ഉത്തരാഖണ്ഡ് സര്‍ക്കാര്‍.

ഗോരക്ഷയുടെ പേരില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തുടര്‍ക്കഥയാവുകയും സര്‍ക്കാരിന് തന്നെ ഇത് വലിയ വെല്ലുവിളിയാവുകയുംചെയ്ത സാഹചര്യത്തിലാണ് പുതിയ തീരുമാനം.


Dont Miss രക്ഷാബന്ധന്‍ ദിനത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ അപമാനിച്ച് സി.ആര്‍.പി.എഫ് ജവാന്‍മാര്‍; അന്വേഷണത്തിന് ഉത്തരവിട്ടു


ഗോരക്ഷകര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുണ്ടാവുമെന്ന് മാത്രമല്ല ആധാറുമായി ലിങ്ക് ചെയ്തിട്ടുമുണ്ടാകും. എന്നാല്‍ പ്രത്യേക അധികാരമൊന്നും അവര്‍ക്ക് നല്‍കില്ലെന്നാണ് അറിയുന്നത്.

തങ്ങളുടെ പരിധിയിലുള്ള നിയമലംഘനങ്ങള്‍ പോലീസിനെ അറിയിക്കുകയെന്നതാണ് ഇവരുടെ പ്രധാന ചുമതല. പിന്നീട് വിവരങ്ങള്‍ ശേഖരിച്ച് പോലീസ് നടപടിയെടുക്കണമെന്നുമാണ് തീരുമാനം. എന്നാല്‍ പോലീസ് ഇവരുടെ അറിയിപ്പ് പരിഗണിച്ചിട്ടില്ലെങ്കില്‍ ഗോ സേവാ ആയോഗിനെ ഇവര്‍ക്ക് നേരിട്ട് സമീപിക്കാം.

ഗോരക്ഷകരെന്ന് സ്വയം അവകാശപ്പെടുന്നവരില്‍ 90 ശതമാനവും വ്യാജന്‍മാരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തര്‍ഖണ്ഡും ഹരിയാനയും അംഗീകൃത ഗോരക്ഷകരെ നിയമിക്കാനൊരുങ്ങുന്നത്.


Dont Miss ബി.ജെ.പി വിരുദ്ധ പോസ്റ്റുകള്‍ ഇടുന്നത് നിര്‍ത്തിയില്ലെങ്കില്‍ മക്കള്‍ക്ക് അച്ഛനുണ്ടാവില്ല; പ്രവാസി മലയാളി യുവാവിന്റെ ഭാര്യക്ക് ആര്‍.എസ്.എസ്സിന്റെ ഭീഷണിക്കത്ത്


പൊലീസ് വെരിഫിക്കേഷന്‍ നടത്തിയ ശേഷം മാത്രമേ ഗോസംരക്ഷകരെ നിയമിക്കാന്‍ പാടുള്ളൂവെന്ന് ഹരിയാന ഗോ സേവ ആയോഗ് പറയുന്നു. ഗോരക്ഷകരാകാന്‍ താത്പര്യമുള്ളവര്‍ക്കായി എല്ലാ ജില്ലകളിലും അപേക്ഷ ഫോമുകള്‍ ലഭ്യമാകുമെന്നും ഗോ സേവ ഏജന്‍സി ചെയര്‍മാന്‍ ബാനിറാം മംഗല പറയുന്നു.

വെരിഫിക്കേഷന് പിന്നാലെ ഇവര്‍ക്ക് ഐഡന്റിന്റി കാര്‍ഡ് വിതരണം ചെയ്യും. ഒമ്പത് ജില്ലകളില്‍ നിന്നായി 275 പേരാണ് ഔദ്യോഗിക ഗോ രക്ഷകരാകാന്‍ സന്നദ്ധരായി മുന്നോട്ടു വന്നിട്ടുള്ളത്. ഇതില്‍ 80 പേരെ നിയമിക്കാനാണ് പദ്ധതി.

ഔദ്യോഗിക പരിഗണനയും സംരക്ഷണവും ഉണ്ടെങ്കിലും ഗോരക്ഷകര്‍ക്ക് നിയമം കൈയിലെടുക്കാനുള്ള അധികാരം ഉണ്ടാവില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.