ഹരിയാന: അധ്യാപകര്‍ ‘പൂജാ പരിശീലനം’ നേടണമെന്ന ഉത്തരവുമായി ഹരിയാന സര്‍ക്കാര്‍. മതാഘോഷ ചടങ്ങുകളിലേക്ക് അധ്യാപകരെ പൂജ ചെയ്യാന്‍ പഠിപ്പിക്കുകയെന്ന ലക്ഷ്യം വെച്ചാണ് സര്‍ക്കാരിന്റെ ഉത്തരവ്.

ഉത്തരവിറക്കിയതിന് പുറമെ പൂജാ പരിശീലനത്തില്‍ പങ്കെടുക്കാത്ത അധ്യാപകര്‍ക്കെതിരെ സര്‍ക്കാര്‍ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. അധ്യാപകര്‍ക്കെതിരെ വകുപ്പുതല നടപടി എടുക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

സെപ്റ്റംബറില്‍ ജൈനമതാഘോഷത്തോട് അനുബന്ധിച്ച് ഒമ്പത് ദിവസത്തേക്ക് മാംസം വില്‍ക്കരുതെന്ന വിവാദ ഉത്തരവ് ഹരിയാന സര്‍ക്കാര്‍ ഇറക്കിയിരുന്നു.

ഹരിയാനയില്‍ മനോഹര്‍ലാല്‍ ഖട്ടാറിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ബീഫ്, ഗോസംരക്ഷണം, വിദ്യഭ്യാസം, ഉദ്യോഗസ്ഥ നിയമനമടക്കമുള്ള വിഷയങ്ങളില്‍ ഹിന്ദുത്വ അജണ്ട നടപ്പിലാക്കാന്‍ ശ്രമിക്കുന്നതായി വിമര്‍ശനം ഉയര്‍ന്നിരുന്നു.