എഡിറ്റര്‍
എഡിറ്റര്‍
‘മുഖം മറച്ച സ്ത്രീകള്‍ സംസ്ഥാനത്തിന്റെ മുഖമുദ്ര’; ഹരിയാന സര്‍ക്കാരിന്റെ മാഗസിന്‍ വിവാദത്തില്‍
എഡിറ്റര്‍
Wednesday 28th June 2017 5:48pm


ചണ്ഡിഗഢ്: മുഖം മറച്ച സ്ത്രീകളെ സംസ്ഥാനത്തിന്റെ മുഖമുദ്രയായി ചിത്രീകരിച്ച ഹരിയാന സര്‍ക്കാരിന്റെ കാര്‍ഷിക മാസിക വിവാദത്തില്‍. മാഗസിന്റെ കവര്‍ ചിത്രത്തിലാണ് മുഖം മറച്ച സ്ത്രീകളുടെ ചിത്രങ്ങള്‍ നല്‍കി മുഖം പുറത്ത് കാണിക്കാത്ത സ്ത്രീകള്‍ സംസ്ഥാനത്തിന്റെ മുഖ മുദ്ര എന്ന അര്‍ഥം വരുന്ന തലക്കെട്ട് നല്‍കിയിരിക്കുന്നത്.


Also read ഞങ്ങള്‍ മാധ്യമ സ്വാതന്ത്ര്യം അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല; ഞങ്ങള്‍ അതിനെ പ്രോത്സാഹിപ്പിക്കുന്നുമില്ല; അല്‍ ജസീറയ്‌ക്കെതിരായ നടപടിയില്‍ നയം വ്യക്തമാക്കി യു.എ.ഇ അംബാസിഡര്‍


സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാരിന്റെ സ്ത്രീകളോടുള്ള സമീപനത്തിന്റെ നേര്‍ സാക്ഷ്യമാണ് മാഗസിനിലെ ചിത്രീകരണത്തിലൂടെ വ്യക്തമാകുന്നതെന്ന ആരോപണം മാഗസിനെതിരെ ഉയര്‍ന്ന് കഴിഞ്ഞു. 2017 മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച കൃഷി സംവാദ് മാഗസിനിലെ ചിത്രത്തില്‍ തലയില്‍ കാലിത്തീറ്റയുമേന്തി മുഖം പൂര്‍ണമായും തുണി കൊണ്ട് മറച്ച് നില്‍ക്കുന്ന സ്ത്രീയുടെ ചിത്രമാണ് നല്‍കിയിരിക്കുന്നത്.

Haryana govt

 

സ്ത്രീകളുടെ മുഖപടം ഹരിയാണയുടെ അഭിമാന ചിഹ്നം എന്നര്‍ഥം വരുന്ന വാക്കുകളാണ് ഫോട്ടോയ്ക്ക് അടിക്കുറിപ്പായി നല്‍കിയിരിക്കുന്നത്. ഇത് സര്‍ക്കാരിന്റെ സ്ത്രീകളോടുള്ള സമീപനത്തെയാണ് കാണിക്കുന്നതെന്നും സ്ത്രീകള്‍ മുഖ്യധാരയിലേക്ക് വരുന്നതിന് ബി.ജെ.പി സര്‍ക്കാര്‍ എതിര്‍ക്കുന്നു എന്നതിന്റെ തെളിവാണിതെന്നുമാണ് മാഗസിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍.

സ്ത്രീകളോടുള്ള ബി.ജെ.പി സര്‍ക്കാരിന്റെ വിവേചനമാണ് മാസികയിലെ ചിത്രവും തലക്കെട്ടും വ്യക്തമാക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് റണ്‍ദ്വീപ് സുര്‍ജാവാല പറഞ്ഞു. ഒരു വശത്ത് ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എന്ന മുദ്രവാക്യം എഴുതിയ പദ്ധതികള്‍ സര്‍ക്കാര്‍ പുറത്തെടുക്കും മറുവശത്ത് ഇതുപോലുള്ള ലഘു രേഖകളിലൂടെ സ്ത്രീകള്‍ക്കെതിരെയുള്ള നിലപാടുകള്‍ സര്‍ക്കാര്‍ സ്വീകരിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.


Dont miss ‘ഈ മുസ്ലീങ്ങളെ, സുന്നത്ത് ചെയ്തവരെ എല്ലാറ്റിനേം കൊല്ല്’ ജുനൈദ് കൊല്ലപ്പെടുമ്പോള്‍ ആ ട്രെയിനിലെ സഹയാത്രികര്‍ പറഞ്ഞത്


പ്രതിപക്ഷത്തിനു പുറമേ സംസ്ഥാനത്തെ കായിക താരങ്ങളും മാഗസിനെതിരെ രംഗത്തെത്തിക്കഴിഞ്ഞു. തട്ടത്തിനുള്ളില്‍ മുഖം മറച്ചിരിക്കുന്ന സ്ത്രീയല്ല പകരം മുന്നോട്ടു വരുന്ന സ്ത്രീയാണ് ഹരിയാനയുടെ അഭിമാനമെന്ന് കോമണ്‍വെല്‍ത്ത് ഗെയിംസ് ഗുസ്തി ജേതാവ് ഗീത ഫോഗട്ട് പ്രതികരിച്ചു.

രാജ്യത്ത് ഏറ്റവും മേശമായ സ്ത്രീ- പുരുഷ അനുപാതം നിലനില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഹരിയാന. 879 സ്ത്രീക്ക് 1000 പുരുഷന്‍മാര്‍ തോതിലാണ് ഹരിയാനയിലെ സ്ത്രീ- പുരുഷ അനുപാതം.

Advertisement