ന്യൂദല്‍ഹി: ബന്ദും ഹര്‍ത്താലും നിരോധിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് നടപ്പാക്കിയതിന്റെ വിശദാംശങ്ങള്‍ സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി.

Ads By Google

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോടാണ് സുപ്രീം കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ 8 ആഴ്ചയ്ക്കകം മറുപടി നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

2009ലാണ് ബന്ദും ഹര്‍ത്താലും നിരോധിച്ച് സുപ്രീംകോടതി ഉത്തരവിട്ടത്. പൊതുമുതല്‍ നശിപ്പിക്കുന്ന പാര്‍ട്ടികളില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്ന് മാര്‍ഗരേഖയും പുറത്തിറക്കി.

ഇക്കാര്യം പാലിക്കപ്പെടുന്നില്ലെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഉത്തരവ് നടപ്പിലാക്കിയതിന്റെ വിശദാംശങ്ങള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സമര്‍പ്പിക്കണമെന്ന് പി സദാശിവം, ജെ എസ് കഹാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ച് ഉത്തരവിട്ടു.

ബന്ദ് നിരോധനം എല്ലാ സംസ്ഥാനങ്ങളിലും ഫലപ്രദമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പര്യ ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.