എഡിറ്റര്‍
എഡിറ്റര്‍
നഗരമാലിന്യം പേറാന്‍ തയ്യാറല്ലെന്ന് വിളപ്പില്‍ശാല നിവാസികള്‍: കോടതി നിര്‍ദേശം നടപ്പാക്കാനാവാതെ സര്‍ക്കാര്‍
എഡിറ്റര്‍
Wednesday 1st August 2012 9:22am

 

 

തിരുവനന്തപുരം: നഗരമാലിന്യം പേറാന്‍ തയ്യാറല്ലെന്ന് വിളപ്പില്‍ശാല  നിവാസികള്‍. വിളപ്പില്‍ശാല മാലിന്യപ്ലാന്റ് അടച്ചൂപൂട്ടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുമെന്നും വിളപ്പില്‍ശാല സംയുക്ത സമരസമിതി അറിയിച്ചു.

Ads By Google

വിളപ്പില്‍ശാല പ്ലാന്റിലേക്കുള്ള മാലിന്യനീക്കം പുനരാംരഭിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് പഞ്ചായത്തില്‍ സമരസമിതി ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്. വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍.

പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് സെക്രട്ടറിയറ്റിലേയ്ക്ക് ആയിരങ്ങള്‍ പങ്കെടുക്കുന്ന മാര്‍ച്ചും തുടര്‍ന്നു ധര്‍ണയും സംഘടിപ്പിക്കും. സെക്രട്ടറിയറ്റ് ധര്‍ണയ്ക്ക് സമീപപഞ്ചായത്തിലെ ജനങ്ങളെക്കൂടി ഉള്‍പ്പെടുത്താനാണ് സംയുക്തസമരസമിതി തീരുമാനിച്ചിരിക്കുന്നത്.

അതിനിടെ, പ്ലാന്റിലേക്ക് മാലിന്യംകൊണ്ടുവരാനോ ഫാക്ടറിയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താനോ അനുവദിക്കില്ലെന്ന് വിളപ്പില്‍ശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭനകുമാരി അറിയിച്ചു. നഗരമാലിന്യം വിളപ്പില്‍ശാലയില്‍ എത്തിക്കാനുള്ള നീക്കം തടയാന്‍ സംയുക്ത സമരസമിതി രൂപവത്കരിച്ചതായും പ്രസിഡന്റ് വ്യക്തമാക്കി.

വിളപ്പില്‍ശാലക്കാരെ മുഴുവന്‍ ജയിലിലടക്കുകയോ കൊന്നൊടുക്കുകയോ ചെയ്യാതെ മാലിന്യം ഫാക്ടറിയില്‍ എത്തിക്കാന്‍ അനുവദിക്കില്ലെന്ന് ശോഭനകുമാരി പറഞ്ഞു. പഞ്ചായത്തിന്റെ ലൈസന്‍സില്ലാതെ നഗരസഭ ധിക്കാരപരമായാണ് ഫാക്ടറി പ്രവര്‍ത്തിപ്പിച്ചിരുന്നത്. പോബ്‌സന്റെ പേരില്‍ ഫാക്ടറി നടത്താന്‍ എടുത്ത ലൈസന്‍സ് എട്ടുവര്‍ഷമായി പുതുക്കുന്നുപോലുമില്ല. ഫാക്ടറി പൂട്ടുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി ആദ്യം അത് നടപ്പാക്കണം. ഫാക്ടറി പൂട്ടുന്നതിനായി വിളവൂര്‍ക്കല്‍, കാട്ടാക്കട, മലയിന്‍കീഴ്, വെള്ളനാട്, അരുവിക്കര പഞ്ചായത്ത് നിവാസികളുടെയും പിന്തുണ കിട്ടിയതായും പ്രസിഡന്റ് പറഞ്ഞു.

വിളപ്പില്‍ശാല മാലിന്യ പ്ലാന്റിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് പോലീസ് സംരക്ഷണം നല്‍കണമെന്ന് കഴിഞ്ഞദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പ്ലാന്റിലേക്ക് മാലിന്യം കൊണ്ടുവരുന്ന വാഹനങ്ങള്‍ക്ക് തടസം നേരിടുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഇതേ തുടര്‍ന്ന് പ്ലാന്റിലേക്കുള്ള മാലിന്യനീക്കം പുന:സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ നീക്കം ആരംഭിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് സമരസമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

നേരത്തെ പ്ലാന്റ് തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ കോടതി വിധി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ജനങ്ങളുടെ എതിര്‍പ്പ് മൂലം പ്ലാന്റിലേക്ക് വന്ന മാലിന്യവണ്ടികള്‍ തിരികെ കൊണ്ടുപോവുകയാണുണ്ടായത്. പിന്നീട് ഹൈക്കോടതി വിധിക്കെതിരെ വിളപ്പില്‍ശാല പഞ്ചായത്ത് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും നഗരസഭയ്ക്കനുകൂലമായ നിലപാടാണ് സുപ്രീംകോടതിയും സ്വീകരിച്ചത്.

കഴിഞ്ഞ ഡിസംബര്‍ 21നാണ് വിളപ്പില്‍ശാല പഞ്ചായത്ത് പ്ലാന്റ് അടച്ചുപൂട്ടിച്ചത്.

വിളപ്പില്‍ശാല പ്രശ്‌നത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍

സമരക്കാര്‍ക്ക് മുന്നില്‍ പോലീസ് തോറ്റു: മാലിന്യലോറികള്‍ തിരിച്ചുപോയി

വിളപ്പില്‍ശാല ഇരകള്‍ തിരിച്ച് പിടിക്കുന്നു

വിളപ്പില്‍ ശാല: ഒരു ജനതക്കുമേല്‍ സര്‍ക്കാര്‍ ചൊരിയുന്ന മാലിന്യം

Advertisement