പത്തനാപുരം: വി.എസ് അച്യുതാനന്ദനെ കാമഭ്രാന്തനും ഞരമ്പ് രോഗിയുമെന്ന് വിശേഷിപ്പിച്ച മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ ആഭാസം നിറഞ്ഞ പ്രസ്താവനയില്‍ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. പ്രസ്താവനയില്‍ പ്രതിഷേധിച്ച് പത്തനാപുരത്ത് ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്. ഇടത് യുവജന സംഘടനകളുടെ പ്രതിഷേധം സംസ്ഥാനത്തൊട്ടാകെ നടന്നു കൊണ്ടിരിക്കുകയാണ്.

കൊല്ലത്തും പത്തനാപുരത്തും ഓച്ചിറയിലും തിരുവനന്തപുരത്തും കണ്ണൂര്‍ കരിവള്ളൂരിലും വടകരയിലും ഡി.വൈ.എഫ്.ഐ പ്രതിഷേധ പ്രകടനം നടത്തി.

Subscribe Us:

ഡി.വൈ.എഫ്.ഐ മുണ്ടക്കയം യൂണിറ്റ് നടത്തിയ പ്രകടനം അക്രമാസക്തമായി. ടൗണിലൂടെ പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ ബസ് സ്റ്റാന്‍ഡില്‍ പാര്‍ക്കുചെയ്തിരുന്ന ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള ശരണ്യ ബസില്‍ കരിഓയില്‍ ഒഴിക്കുകയും ടയറിന്റെ കാറ്റു കുത്തിവിടുകയും ചെയ്തു. സംഭവത്തെത്തുടര്‍ന്ന് ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള ബസുകളുടെ സര്‍വീസ് നിര്‍ത്തിവെച്ചു.

ഓച്ചിറയിലും പത്തനാപുരത്തും പ്രതിഷേധ പ്രകടനം അക്രമാസക്തമായി. ഓച്ചിറയില്‍ പ്രവര്‍ത്തകര്‍ പന്തം കൊളുത്തി പ്രകടനം നടത്തി. വടകരയില്‍ ഗണേശ് കുമാറിന്റെ കോലം കത്തിച്ചു. കടകള്‍ക്കു നേരെ കല്ലേറുണ്ടായി. സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് എല്ലായിടത്തും ശക്തമായ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ നിയമസഭാ മന്ദിരത്തിലേക്ക് മാര്‍ച്ച് നടക്കുകയാണ്.

Malayalam News