എഡിറ്റര്‍
എഡിറ്റര്‍
ടോള്‍ വിരുദ്ധ സമരത്തിനെതിരെ ലാത്തിച്ചാര്‍ജ്ജ്: പരപ്പനങ്ങാടിയില്‍ ഹര്‍ത്താല്‍
എഡിറ്റര്‍
Monday 10th June 2013 12:30am

parppanangadi-strike

പരപ്പനങ്ങാടി: ടോള്‍ വിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ ജനകീയകര്‍മസമിതി ചെയര്‍മാന്‍ പ്രഫ. ഇ.പി. മുഹമ്മദലിയെ പൊലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് പരപ്പനങ്ങാടിയില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കുന്നു.

ജനകീയ കര്‍മ സമിതിയും എല്‍.ഡി.എഫുമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

Ads By Google

പൊലീസ് നടപടി ബോധപൂര്‍വം പ്രകോപനമുണ്ടാക്കാനുള്ള ശ്രമമാണെന്നും നേതാക്കള്‍ പറഞ്ഞു. പഞ്ചായത്ത് പരിധിയിലാണ് ഹര്‍ത്താലെന്നും ടോള്‍ വിരുദ്ധ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനാവില്ലെന്നും കര്‍മസമിതി കണ്‍വീനര്‍ അഷ്‌റഫ് ശിഫ അറിയിച്ചു.

ഇന്നലെയാണ് പരപ്പനങ്ങാടി മേല്‍പ്പാലത്തിന്റെ ടോള്‍ പിരിവിനെതിരേ ജനകീയ സമര സമിതി നടത്തിയ മാര്‍ച്ച് അക്രമാസക്തമായത്. ടോള്‍ ബൂത്തിന് നേരേയാണ് മാര്‍ച്ച് നടത്തിയത്.

പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. ബൂത്തിനു നേരേ കല്ലെറിഞ്ഞ പ്രവര്‍ത്തകരെ പിരിച്ചു വിടാന്‍ പൊലീസ് ലാത്തിവീശി. സമര സമിതി ചെയര്‍മാന്‍ ഇ. മുഹമ്മദ് അടക്കം നിരവധി പേര്‍ക്കു പരുക്കേറ്റു.

മുസ്‌ലിം ലീഗും കോണ്‍ഗ്രസും ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയോടെയായിരുന്നു മാര്‍ച്ച്. പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞാണു പാലം ഉദ്ഘാടനം ചെയ്തത്.

റയില്‍വേ മേല്‍പാലത്തില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ മുതല്‍ ടോള്‍ പിരിക്കാന്‍ ആരംഭിച്ചതിനെ തുടര്‍ന്നാണു സംഘര്‍ഷമുണ്ടായത്. പ്രതിഷേധത്തെ തുടര്‍ന്ന് ടോള്‍ പിരിവ് നിര്‍ത്തിവച്ചു. ഇന്നലെ രാവിലെ ഒന്‍പതിനാണ് സംഭവങ്ങള്‍ക്ക് തുടക്കം.

ആറുമുതല്‍ പൊലീസ് സംരക്ഷണത്തില്‍ ഇവിടെ ടോള്‍ പിരിച്ചുതുടങ്ങിയിരുന്നു. ഡിവൈഎഫ്‌ഐ, എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂട്ടമായെത്തി ടോള്‍ പിരിവ് തടയാന്‍ ശ്രമിച്ചു.

പൊലീസ് തടഞ്ഞതോടെ പ്രതിഷേധക്കാര്‍ റോഡില്‍ കുത്തിയിരുന്നു. അതോടെ പാലം വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. തുടര്‍ന്ന് എല്‍ഡിഎഫ് ജനകീയ ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ പ്രകടനമായി സ്ഥലത്തെത്തി. ടോള്‍ പിരിവിനായി നിര്‍മിച്ച ഷെഡ് പ്രതിഷേധക്കാരില്‍ ചിലര്‍ തകര്‍ക്കാന്‍ ശ്രമിച്ചതോടെ സംഘര്‍ഷം തുടങ്ങി.

Advertisement