പാലക്കാട്: ആര്‍ എസ് എസ് കാര്യവാഹകിനെ ബസ്സില്‍കയറി വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ബി ജെ പി ആഹ്വാനംചെയ്ത പാലക്കാട് ഹര്‍ത്താലില്‍ പരെക്കേ അക്രമം. പാലക്കാട്, മലമ്പുഴ നിയമസഭാ മണ്ഡലങ്ങളിലും ചിറ്റൂര്‍ താലൂക്കിലുമാണ് ഹര്‍ത്താല്‍. അതിനിടെ ഹര്‍ത്താലിനോടനുബന്ധിച്ച് വ്യാപകമായ അക്രമം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്.

ഇന്ന് രാവിലെ കാളിപ്പാറയില്‍ മൂന്നു സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക വെട്ടേറ്റു. അരവിന്ദാക്ഷന്‍, മജീഡ്, അയ്യപ്പന്‍കുട്ടി എന്നിവര്‍ക്കാണ് വെട്ടേറ്റത്. ചായകുടിച്ചുകൊണ്ടിരിക്കുകയായിരുന്ന ഇവരെ അക്രമിസംഘമെത്തി വെട്ടുകയായിരുന്നു. ഇവരെ പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ രതീഷിനെയാണ് ഒരുസംഘമാളുകള്‍ ബസ്സില്‍കയറി വെട്ടിക്കൊലപ്പെടുത്തിയത്. അക്രമണത്തില്‍ ലിനു, ഗിരീഷ്,ലെനിന്‍ തുടങ്ങിയവര്‍ക്ക് പരിക്കേറ്റിരുന്നു.

അതിനിടെ പ്രശ്‌നം പരിഹരിക്കാന്‍ കലക്ടര്‍ യോഗംവിളിച്ചുചേര്‍ത്തിട്ടുണ്ട്. എന്നാല്‍ യോഗത്തില്‍ പങ്കെടുക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്ന് ബി ജെ പി പറഞ്ഞു. ബി ജെ പിയുടെ ആത്മസംയമനം മുതലെടുക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നും സി.പി.ഐ.എം ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണ് അക്രമങ്ങള്‍ അരങ്ങേറുന്നതെന്നും ബി ജെ പി വ്യക്തമാക്കി.