എഡിറ്റര്‍
എഡിറ്റര്‍
എം.എം മണിയുടെ അറസ്റ്റ്: ഇടുക്കിയില്‍ ഹര്‍ത്താല്‍ പൂര്‍ണം
എഡിറ്റര്‍
Thursday 22nd November 2012 9:06am

തൊടുപുഴ: സി.പി.ഐ.എം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം. മണിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഇടുക്കി ജില്ലയില്‍ സി.പി.ഐ.എം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി.

ജില്ലയിലെങ്ങും കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, ആശുപത്രി തുടങ്ങിയ സര്‍വീസുകളെയും ശബരിമല തീര്‍ഥാടകരെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Ads By Google

സി.പി.ഐ.എം ഇടുക്കി ജില്ലാ മുന്‍ സെക്രട്ടറിയായിരുന്ന മണിയെ ഇന്നലെ പുലര്‍ച്ചെയാണ് അറസ്റ്റു ചെയ്തത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് അഞ്ചേരി ബേബി കൊല്ലപ്പെട്ട കേസിലായിരുന്നു അറസ്റ്റ്.

എന്നാല്‍ സി.പി.ഐ ഹര്‍ത്താലിനോട് സഹകരിക്കുന്നില്ല. കുമളിയില്‍ അതിര്‍ത്തി കടന്നെത്തിയ വാഹനങ്ങളെ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞിട്ടു. ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങള്‍ തടയുന്നില്ല. ശബരിമല തീര്‍ഥാടകരെ തടയില്ലെന്ന് ഇന്നലെ തന്നെ പാര്‍ട്ടി നേതൃത്വം വ്യക്തമാക്കിയിരുന്നു.

ശക്തമായ പ്രതിഷേധമുയര്‍ത്താനാണ് ഇന്നലെ രാത്രി ചേര്‍ന്ന പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് ബ്രാഞ്ച് കമ്മറ്റികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാനായി നാല് ഡി.വൈ.എസ്.പി മാരുടെ നേതൃത്വത്തില്‍ ജില്ലയിലുടനീളം പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

മേയ് 25 ന് തൊടുപുഴക്കടുത്ത് മണക്കാട് മണി നടത്തിയ പ്രസംഗം അഞ്ചേരി ബേബി വധക്കേസില്‍ മണിക്ക് പങ്കുണ്ടെന്ന് തെളിയിക്കുന്നതാണെന്ന് ആരോപിച്ചാണ് പൊലീസ് മണിയെ അറസ്റ്റ് ചെയ്തത്.

1982 നവംബര്‍ 13നാണ് ഐ.എന്‍.ടി.യു.സി നേതാവായിരുന്ന അഞ്ചേരി ബേബി വധിക്കപ്പെടുന്നത്. സംഭവത്തിന് ദൃക്‌സാക്ഷികളുണ്ടായിരുന്നിട്ടും പ്രതികളെല്ലാം രക്ഷപ്പെടുകയായിരുന്നു. എന്നാല്‍, മുപ്പത് വര്‍ഷത്തിനുശേഷം മെയ് 25ന് മണി തൊടുപുഴ മണക്കാട്ട് നടത്തിയ പ്രസംഗത്തില്‍, കേസ് സംബന്ധിച്ച് പുതിയ വെളിപ്പെടുത്തലുകള്‍ നടത്തി. രാഷ്ട്രീയ എതിരാളികളെ പട്ടിക തയ്യാറാക്കി കൊന്നിട്ടുണ്ടെന്നായിരുന്നു മണിയുടെ പ്രസംഗം.

മണിയുടെ വിവാദ പ്രസംഗം വാര്‍ത്തയായതോടെയാണ് ജില്ലയില്‍ മുപ്പത് വര്‍ഷം മുമ്പ് നടന്ന കൊലപാതക കേസുകള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.

Advertisement