കൊച്ചി: ഐ.ഒ.സി പ്ലാന്റിനെതിരെ സമരം നടത്തിയവര്‍ക്കെതിരായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ഏറണാകുളം ജില്ലയില്‍ ഹര്‍ത്താല്‍. വെല്‍ഫെയര്‍പാര്‍ട്ടിയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, ആശുപത്രി എന്നിവയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് വൈപ്പിനില്‍ യു.ഡി.എഫും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവസ്ഥലം സന്ദര്‍ശിച്ച് ഹൈബി ഈഡന്‍ എം.എല്‍.എയാണ് വൈപ്പിന്‍കര ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. എന്നാല്‍ ഇത് സമരസമിതി തള്ളി.

ജനവാസ കേന്ദ്രത്തില്‍ ഐ.ഒ.സി പ്ലാന്റ് പ്രവര്‍ത്തിക്കുന്നതിനെതിരെയായിരുന്നു പുതുവൈപ്പില്‍ സമരം നടക്കുന്നത്. ഐ.ഒ.സി പ്ലാന്റുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുമെന്ന് കഴിഞ്ഞദിവസം മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ സമരക്കാര്‍ക്ക് ഉറപ്പു നല്‍കിയിരുന്നു.

എന്നാല്‍ ഇത് ലംഘിച്ച് ഇന്നുവീണ്ടും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോടെ നാട്ടുകാര്‍ പ്രക്ഷോഭം ശക്തമാക്കുകയായിരുന്നു. എന്നാല്‍ പ്രതിഷേധവുമായി രംഗത്തുവന്ന സമരക്കാര്‍ക്കെതിരെ പൊലീസ് അടിച്ചമര്‍ത്തല്‍ ആവര്‍ത്തിക്കുകയാണുണ്ടായത്. അതിക്രമത്തില്‍ നിരവധി പേര്‍ക്കു പരുക്കേറ്റു.