എഡിറ്റര്‍
എഡിറ്റര്‍
ഹര്‍ത്താല്‍ പൂര്‍ണം; സി.പി.ഐ.എം ‘തീപ്പന്തമായി’
എഡിറ്റര്‍
Thursday 2nd August 2012 10:21pm

കോഴിക്കോട്: ഷുക്കൂര്‍ വധക്കേസില്‍ സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ അറസ്റ്റ് ചെയ്ത് ജെയിലിലടച്ചതില്‍ പ്രതിഷേധിച്ച് സി.പി.ഐ.എം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജനജീവിതം സ്തംഭിപ്പിച്ചു. ഹര്‍ത്താലില്‍ സംസ്ഥാനത്തൊട്ടാകെ വ്യാപമായ ആക്രമണം നടന്നു. സംഘര്‍ഷത്തില്‍ ഒരു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ഡി.വൈ.എഫ്.ഐ ഉദുമ അമ്പങ്ങാട് കീക്കാനം യൂണിറ്റ് പ്രസിഡന്റ് ടി.മനോജ് കുമാര്‍ (24) ആണ് മരിച്ചത്.

Ads By Google

കൊലക്ക് പിന്നില്‍ ലീഗ് പ്രവര്‍ത്തകരാണെന്ന് സി.പി.ഐ.എം നേതൃത്വവും ഡി.വൈ.എഫ്.ഐയും ആരോപിച്ചു. എന്നാല്‍ മനോജിന്റെ മരണവുമായി ലീഗിന് ഒരു ബന്ധവുമില്ലെന്നും അദ്ദേഹം കുഴഞ്ഞുവീണാണ് മരിച്ചതെന്നും ഏത് അന്വേഷണത്തിനും തങ്ങള്‍ തയ്യാറാണെന്നും ലീഗ് വ്യക്തമാക്കി.

സംസ്ഥാനത്തൊട്ടാകെ കോണ്‍ഗ്രസ്, ലീഗ് ഓഫീസുകള്‍ക്കു നേരെ ആക്രമണം നടന്നു. കോണ്‍ഗ്രസ്സിന്റെ ഏകദേശം അമ്പത് ഓഫീസുകള്‍ തകര്‍ക്കപ്പെട്ടുവെന്നാണ് കണക്കാക്കപ്പെടുന്നത്.

പല സ്ഥലങ്ങളിലും റോഡുകളില്‍ വാഹനങ്ങള്‍ തടഞ്ഞിരുന്നു. കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ക്കു നേരെ കല്ലേറുണ്ടായി. കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്കു നേരെ കയ്യേറ്റമുണ്ടാവുകയും ചെയ്തു.

ആലപ്പുഴയില്‍  കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസ് സമരാനുകൂലികള്‍ തകര്‍ത്തു. പ്രകടനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് ഓഫീസ് ആക്രമിക്കപ്പെട്ടത്. ഓഫീസിനു പുറത്തുണ്ടായിരുന്ന വാഹനങ്ങള്‍ക്കു നേരെയും ആക്രമണമുണ്ടായി. ഇതില്‍ ഡി.സി.സി പ്രസിഡന്റിന്റെ കാറും ഉള്‍പ്പെടുന്നു.

കോഴിക്കോട് കൊടുവള്ളിയില്‍ കെ.എസ്.ആര്‍.ടി.സി ബസ്സിനു നേരെ കല്ലേറുണ്ടായി. വില്യാപ്പള്ളിയില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് അഗ്നിക്കിരയാക്കി. കോഴിക്കോട് നാദാപുരത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പൊക്കന്റെ പലചരക്കുകട കത്തിച്ചു.

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ഡ്യൂട്ടിക്ക് ഹാജരായ രണ്ട് ജീവനക്കാരെ ഹര്‍ത്താല്‍ അനുകൂലികള്‍ മര്‍ദ്ദിച്ചു. ഇവരെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാട്ടാക്കടയില്‍ കോണ്‍ഗ്രസ് ഓഫീസിനു നേരെ ആക്രമണം നടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.

കണ്ണൂര്‍ ജില്ലയില്‍ മാത്രം പതിനാലോളം കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ക്കപ്പെട്ടു. കൂത്തുപറമ്പില്‍ സോഷ്യലിസ്റ്റ് ജനതയുടെ ഓഫീസ് തകര്‍ത്തു. മാവിലായി, കോട്ടം, ചാവശ്ശേരി, മധുക്കോത്ത് തുടങ്ങിയ സ്ഥലങ്ങളിലെ കോണ്‍ഗ്രസ് ഓഫീസുകളും തകര്‍ക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു.

മാധ്യമങ്ങള്‍ക്കു നേരെയും പരക്കെ അക്രമണമുണ്ടായി. പത്രക്കെട്ടുകള്‍ സംസ്ഥാനത്തിന്റെ പലഭഗങ്ങളിലും കത്തിക്കുകയുണ്ടായി.

DYFI leader murderd in kasaragodനാളെ ഡി.വൈ.എഫ്.ഐ കരിദിനാചരണം, എല്‍.ഡി.ഫ് ഹര്‍ത്താല്‍

അതേസമയം കാസര്‍ഗോഡ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം നല്‍കി. രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ് ഹര്‍ത്താല്‍. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ നാളെ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുമെന്ന് സംസ്ഥാന നേതൃത്വം പ്രഖ്യാപിക്കുകയും ചെയ്തു.

യൂത്ത് കോണ്‍ഗ്രസ് കരിദിനം ആചരിക്കും

സമാധാനപരമായ ജനജീവിതത്തെ വെല്ലുവിളിച്ചുകൊണ്ട് സംസ്ഥാനത്തൊട്ടാകെ ഹര്‍ത്താലനുകൂലികള്‍ ഇന്ന് നടത്തിയ ആക്രമണങ്ങളില്‍ പ്രതിഷേധിച്ചുകൊണ്ട് യൂത്ത് കോണ്‍ഗ്രസ്സും സംസ്ഥാന വ്യാപകമായി നാളെ കരിദിനം ആചരിക്കും.

Advertisement