എഡിറ്റര്‍
എഡിറ്റര്‍
ഹര്‍ത്താല്‍ പൂര്‍ണം
എഡിറ്റര്‍
Saturday 15th September 2012 8:21am

കോഴിക്കോട്: കോഴിക്കോട്: ഡീസല്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇടതുപക്ഷം പ്രഖ്യാപിച്ച ഹര്‍ത്താല്‍ പൂര്‍ണം. ഹര്‍ത്താല്‍ കാരണം പി.എസ്.സി ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങള്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചിരുന്നു.

തെക്കന്‍ കേരളത്തില്‍ ഹര്‍ത്താല്‍ പൂര്‍ണമാണ്. തിരുവനന്തപുരത്ത് രാവിലെ കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് നടത്തിയെങ്കിലും പ്രതിഷേധത്തെത്തുടര്‍ന്ന് ഓട്ടം നിര്‍ത്തിവെക്കുകയായിരുന്നു. മധ്യകേരളത്തിലും ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. ചുരുക്കം ചില സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയതൊഴിച്ചാല്‍ മറ്റൊന്നും പുറത്തിറങ്ങിയില്ല. ഹര്‍ത്താല്‍ ദിനത്തില്‍ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വ്വീസ് നടത്താത്തതില്‍ പ്രതിഷേധിച്ച് യാത്രക്കാര്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരുമായും പോലീസുമായും വാക്കേറ്റമുണ്ടായി.

Ads By Google

ഡീസല്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ്, ബി.ജെ.പി കക്ഷികള്‍ സെക്രട്ടറിയേറ്റിലേക്കും മറ്റ് ജില്ലാ കേന്ദ്രങ്ങളിലേക്ക് പ്രതിഷേധപ്രകടനവും പൊതുയോഗവും നടത്തി. സംസ്ഥാനത്ത് വര്‍ധിപ്പിച്ച അധിക വിലയുടെ നികുതി പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ വില വര്‍ധനവ് പൂര്‍ണ്ണമായി പിന്‍വലിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. വിലവര്‍ധനവും പാചകവാതകത്തിന്റെ എണ്ണം പരിമിതപ്പെടുത്തിയതും സര്‍ക്കാരിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. വിലവര്‍ധനവിനെതിരെ ദേശീയ തലത്തിലും പ്രതിഷേധം തുടരുകയാണ്.

പരീക്ഷകളും ഇന്റര്‍വ്യൂകളും മാറ്റിവെച്ചു

ഹര്‍ത്താലിനെ തുടര്‍ന്ന് ഇന്ന് നടത്താനിരുന്ന വിവിധ സര്‍വകലാശാലകള്‍ പരീക്ഷകള്‍ മാറ്റിവെച്ചിരുന്നു. പി.എസ്.സി ഇന്ന് നടത്താനിരുന്ന ഡിപ്പാര്‍ട്ട്‌മെന്റ് ടെസ്റ്റ് ഉള്‍പ്പടെയുള്ള പരീക്ഷകള്‍ മാറ്റിയിരുന്നു. ഡിപ്പാര്‍ട്ട്‌മെന്റ് ടെസ്റ്റ് ഒക്‌റ്റോബര്‍ എട്ടിലേക്കാണ് മാറ്റിയിട്ടുള്ളത്. മറ്റു പരീക്ഷകളുടെ പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും.

കേരള, കണ്ണൂര്‍ സര്‍വകലാശാലകള്‍ ശനിയാഴ്ച നടത്താനിരുന്ന പ്രാക്ടിക്കല്‍, വൈവ ഉള്‍പ്പെടെയുള്ള എല്ലാ പരീക്ഷകളും മാറ്റിവെച്ചിരുന്നു. പുതുക്കിയ പരീക്ഷാതീയതി പിന്നീട് പ്രഖ്യാപിക്കും. കണ്ണൂര്‍ സര്‍വകലാശാല എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സിലേക്കും കണ്ണൂര്‍, കാസര്‍കോട്, നീലേശ്വരം എന്നിവിടങ്ങളിലെ ഐ.ടി എജുക്കേഷന്‍ സെന്ററുകളില്‍ എം.സി.എ കോഴ്‌സുകളിലും ഇന്ന് നടത്താന്‍ തീരുമാനിച്ച ഇന്റര്‍വ്യൂ സെപ്റ്റംബര്‍ 17ലേക്ക് മാറ്റിവെച്ചു. ഇന്റര്‍വ്യൂവിന് ഹാജരാകേണ്ട വിദ്യാര്‍ഥികള്‍ 17ന് രാവിലെ 10.30ന് മാങ്ങാട്ടുപറമ്പിലുള്ള ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഡിപാര്‍ട്‌മെന്റില്‍ ആവശ്യമായ മുഴുവന്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തിച്ചേരേണ്ടതാണ്.

തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫിസ് (ഐ.എസ്.എം) നടത്താനിരുന്ന ഇന്റര്‍വ്യു സെപ്റ്റംബര്‍ 18ലേക്ക് മാറ്റിവെച്ചു. ഇന്റര്‍വ്യൂവിന് ഹാജരാകേണ്ടവര്‍ അന്നേ ദിവസം ആരോഗ്യഭവന്‍ ബില്‍ഡിങ്ങിലുള്ള ജില്ലാ മെഡിക്കല്‍ ഓഫിസില്‍ (ഐ.എസ്.എം) നിശ്ചിത സമയത്ത് ഹാജരാകേണ്ടതാണ്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ നടത്താനിരുന്ന ബി.എല്‍.ഐ.എസ്.സി പ്രവേശ പരീക്ഷ 22ലേക്ക് മാറ്റിയിട്ടുണ്ട്.

സഹകരണ ബാങ്കുകളുടെ ജൂനിയര്‍ കഌക്ക് തസ്തികയിലേക്കുള്ള എഴുത്തുപരീക്ഷ 29ന് നടത്തും. സമയത്തിലും പരീക്ഷാ കേന്ദ്രത്തിലും മാറ്റമില്ലെന്നും പുതുതായി ഹാള്‍ ടിക്കറ്റുകള്‍ അയക്കില്ലെന്നും സെക്രട്ടറി അറിയിച്ചു.

ആരോഗ്യ സര്‍വകലാശാല നടത്താനിരുന്ന എല്ലാ തിയറി പരീക്ഷകളും 18 ന് നടത്തുമെന്ന് സര്‍വകലാശാല അറിയിച്ചു.

തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്താനിരുന്ന പി.ജി ഫാര്‍മസി കോഴ്‌സുകളിലേക്കുള്ള പ്രവേശപരീക്ഷ സെപ്റ്റംബര്‍ 23ലേക്ക് മാറ്റി.

Advertisement