കോട്ടയം: മദ്യവിരുദ്ധ സംഘടനകളുടെ സമരത്തെ തുടര്‍ന്ന് ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം അടച്ചുപൂട്ടിയ മദ്യശാല തുറക്കണമെന്നാവശ്യപ്പെട്ട് കോട്ടയം മണിമലയില്‍ ഹര്‍ത്താല്‍ ആചരിച്ചു.

Ads By Google

ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയന്റെ നേതൃത്വത്തിലാണ് ഹര്‍ത്താല്‍ നടത്തിയത്. കഴിഞ്ഞ ഞായറാഴ്ച്ചയാണ് മദ്യവിരുദ്ധ പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്ന് ജില്ലാഭരണകൂടം ബീവറേജസ് കോര്‍പ്പറേഷന്റെ മദ്യശാല അടച്ചുപൂട്ടിയത്.

മദ്യശാല പൂട്ടിയതോടെ സമീപ പ്രദേശങ്ങളിലെ കച്ചവടം കുറഞ്ഞെന്നും ടാക്‌സികള്‍ക്ക് ഓട്ടമില്ലാതായെന്നും കാണിച്ചാണ് ഹര്‍ത്താല്‍ നടത്തിയത്. കൂടാതെ പ്രദേശത്ത് നിന്നും പതിനഞ്ച് കി.മി അകലെയാണ് അടുത്ത മദ്യശാല എന്നതും ഹര്‍ത്താല്‍ നടത്താനുള്ള കാരണമാണ്.

അതേസമയം, മദ്യശാല തുറക്കണമെന്നും തുറക്കരുതെന്നുമുള്ള ആവശ്യങ്ങള്‍ക്കിടയില്‍ കുഴങ്ങുകയാണ് ഭരണകൂടം.