കണ്ണൂര്‍: പി ജയരാജന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് സി.പി.ഐ.എം ആഹ്വാനം ചെയ്തിരിക്കുന്ന 12 മണിക്കൂര്‍ ഹര്‍ത്താലില്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പരക്കെ ആക്രമണം. പലസ്ഥലങ്ങളിലും വാഹനങ്ങള്‍ തടഞ്ഞു. കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ നേരെ പല ജില്ലകളിലും കല്ലേറുണ്ടായി.

Ads By Google

കാഞ്ഞങ്ങാട് പുല്ലൂരില്‍ കോണ്‍ഗ്രസ് ഓഫീസിന് തീയിട്ടു. പിണറായിയില്‍ മൂന്നു കോണ്‍ഗ്രസ് ഓഫീസുകള്‍ അടിച്ചുതകര്‍ത്തു. എടത്തോട് ലീഗ് ഓഫീസിന് നേര്‍ക്കും ആക്രമണമുണ്ടായി. ഇതിനിടെ കണ്ണൂര്‍ സ്‌റ്റേഷന്‍ റോഡിലെ സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി ഓഫീസ് തകര്‍ക്കപ്പെട്ടു.

പലസ്ഥലങ്ങളിലും ബസ്സ് ജീവനക്കാരെ മര്‍ദിച്ചു. ചിലയിടങ്ങളില്‍ പത്രക്കെട്ടുകള്‍ കത്തിച്ചിട്ടുമുണ്ട്. കണ്ണൂര്‍ മധുക്കോത്ത് കോണ്‍ഗ്രസ് ഓഫീസ് അടിച്ചുതകര്‍ത്തു. പയ്യന്നൂരിലും മൂവാറ്റുപുഴയ്ക്കടുത്ത് കല്ലൂര്‍ക്കാട്ടും പത്രക്കെട്ടുകള്‍ കത്തിച്ചു.

കോഴിക്കോട് കൊടുവള്ളിയില്‍ കെ.എസ്.ആര്‍.ടി.സി ബസ്സിന് നേര്‍ക്ക് കല്ലേറുണ്ടായി. വില്യാപ്പള്ളിയില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് കത്തിച്ചു.

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ഡ്യൂട്ടിക്ക് ഹാജരായ രണ്ട് ജീവനക്കാരെ ഹര്‍ത്താല്‍ അനുകൂലികള്‍ മര്‍ദ്ദിച്ചു. ഇവരെ നെടുമങ്ങാട് താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കാട്ടാക്കടയില്‍ കോണ്‍ഗ്രസ് ഓഫീസ്സിനു നേരെ ആക്രമണം നടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.

കോട്ടയം തെള്ളകത്തും കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ക്കുനേരെ ആക്രമണം നടന്നു. എറണാകുളം വൈപ്പിനിലും വയനാട് കല്‍പ്പറ്റയിലും വാഹനങ്ങള്‍ തടഞ്ഞു. ആലപ്പുഴയില്‍ കെ.എസ്.ആര്‍.ടി.സി ബസ്സിന് നേരെയുണ്ടായ കല്ലേറില്‍ ഡ്രൈവര്‍ക്ക്‌ പരിക്കേറ്റു.

ദേശീയ പാതയില്‍ പാലക്കാട് പുതുശ്ശേരിയില്‍ സമരക്കാര്‍ വാഹനങ്ങള്‍ തടഞ്ഞു. കെ.എസ്.ആര്‍.ടി.സി ബസ്സിന് നേര്‍ക്കും ഇവിടെ കല്ലേറുണ്ടായി.