Categories

ഹര്‍ത്താല്‍ ദിവസക്കൂലിക്ക് ജോലിയെടുക്കുന്നവര്‍ക്ക് അടിയായി: ഉമ്മന്‍ചാണ്ടി

oommen-chandi

തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫ് നടത്തുന്ന ഹര്‍ത്താല്‍ ഏറ്റവും കുറഞ്ഞ വരുമാനത്തില്‍ ജോലി ചെയ്യുന്നവരേയും ദിവസക്കൂലിക്ക് പണിയെടുക്കുന്നവരേയും ബാധിച്ചുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

ഹര്‍ത്താല്‍ പൂര്‍ണ്ണമായും ഒഴിവാക്കാമായിരുന്നുവെന്നും ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു.

വീട്ടുജോലിക്കാരേയും കടകളില്‍ ദിവസ വേതനത്തിന് ജോലി ചെയ്യുന്നവരേയും ഹര്‍ത്താല്‍ വലച്ചു.

അക്രമാസക്തമാവുന്ന ഹര്‍ത്താല്‍ സംസ്ഥാന താത്പര്യങ്ങള്‍ക്ക് യോജിക്കുന്നതല്ല. സംസ്ഥാനത്തെ അത്തരത്തില്‍ ബാധിക്കുന്ന ഒരു സമരവും അനുവദിക്കില്ല.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പായാലും കര്‍ഷകര്‍ കുടിയൊഴിയേണ്ടി വരില്ല. ഇന്നലെ വരെ എങ്ങനെയാണോ ജീവിച്ചത് അത് പോലെ ഇനിയും ജീവിക്കാം.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനായി വിജ്ഞാപനമിറക്കുമെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. വില്ലേജ് തലത്തില്‍ തന്നെ പരിസ്ഥിതി ലോല പ്രദേശങ്ങളേയും അല്ലാത്ത പ്രദേശങ്ങളേയും തരം തിരിക്കണം. ഈ നിര്‍ദേശം സര്‍ക്കാര്‍ മുന്നോട്ട് വെക്കും.

വിജ്ഞാപനത്തിന്റെ മലയാളം പരിഭാഷ എല്ലാ വില്ലേജുകളിലേക്കും എത്തിക്കും- മുഖ്യമന്ത്രി പറഞ്ഞു.

സംശയ നിവാരണത്തിനായി 0471-2741134 (ഓഫീസ്), 9447 27 10 34 എന്നീ നമ്പറുകളിലേക്ക് വിളിക്കാമെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു.

Tagged with: |