ചെന്നൈ:സിനിമാസംഗീതലോകത്ത് തുടര്‍ച്ചയായ വിജയങ്ങള്‍കൊയ്തുകൊണ്ടിരിക്കുന്ന ഹാരിസ് ജയരാജ് സംഗീതത്തില്‍ പരീക്ഷണത്തിനൊരുങ്ങുന്നു. സൂര്യയും ശ്രുതി ഹാസനും പ്രധാനവേഷങ്ങളിലഭിനയിച്ച ‘ഏഴാം അറിവ്’ എന്ന ചിത്രത്തിലാണ് ചൈനീസ് ഗാനവുമായി ഹാരിസ് പരീക്ഷണത്തിനെത്തുന്നത്.

ചൈനീസ് ഗായകനായ ഹൗവിന്റെ സഹായത്തോടുകൂടിയാണ് ഹാരിസ് ഈ ഗാനം റിക്കാര്‍ഡ് ചെയ്തത്. തമിഴ് വശമില്ലാത്ത ഹൗ തമിഴ് ഈരടികള്‍ക്കൊത്ത് ഈണംനല്‍കിയത് വളരെ കൗതുകമുണര്‍ത്തിയ അനുഭവമായിരുന്നുവെന്ന് ഹാരിസ് പറയുന്നു. ചിത്രത്തിലെ എല്ലാ ഗാനങ്ങളുടെയും റിക്കാര്‍ഡിംഗ് കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. ചിത്രത്തിന്റെ ഓഡിയോവിതരണാവകാശം സോണി മ്യൂസിക്കിനാണ്.

ഇന്ത്യന്‍ സിനിമാസംഗീതത്തെ ലോകതലത്തിലേക്ക് പിടിച്ചുയര്‍ത്തിയ ഏ.ആര്‍ റഹ്മാന്റെ അസിസ്റ്റന്റായിരുന്ന ഹാരിസ്, ഗൗതംമേനോന്‍ സംവിധാനംചെയ്ത ‘മിന്നലേ’യിലൂടെയാണ് സംഗീതസംവിധായകനെന്ന നിലയില്‍ തന്റെ കരിയര്‍ ആരംഭിക്കുന്നത്. ചിത്രത്തിലെ ‘വസീഗര’ എന്ന ഗാനം അദ്ദേഹത്തെ അതിപ്രശസ്തനാക്കി. പ്രശസ്തിയുടെ കൊടുമുടി കയറിയ അദ്ദേഹത്തിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല.

തമിഴ്‌നാട് സര്‍ക്കാരിന്റെ ‘കലൈമാമണി’ പുരസ്‌കാരമുള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.