എഡിറ്റര്‍
എഡിറ്റര്‍
എന്നാലും വേണ്ടായിരുന്നു! ; മാധ്യമങ്ങളുടെ ഒരു നിമിഷത്തെ അശ്രദ്ധ ഇല്ലാതാക്കിയത് യുവതാരത്തിന്റെ ഐ.പി.എല്‍ മോഹങ്ങളും സ്വപ്‌നങ്ങളും
എഡിറ്റര്‍
Thursday 23rd February 2017 2:44pm

മുംബൈ: ഹര്‍പ്രീത് സിംഗ് ഇപ്പോള്‍ തന്റെ നശിച്ച ഭാഗ്യത്തെ ശപിക്കുന്നുണ്ടാകും. കൈവെള്ളയിലെ സൗഭാഗ്യമാണ് ചില മാധ്യമങ്ങളുടെ ഒരു നിമിഷത്തെ അലസതയില്‍ മധ്യപ്രദേശ് ക്രിക്കറ്റ് താരത്തിന് നഷ്ടമായത്. ഐ.പി.എല്‍ എന്ന കുട്ടിക്രിക്കറ്റിന്റെ മായിക ലോകമാണ് താരത്തിന് നഷ്ടമായത്.

റെയില്‍വെ ഫളാറ്റ്‌ഫോമിലേക്ക് കാറോടിച്ച് കയറ്റിയതിന് പൊലീസ് അറസ്റ്റ് ചെയ്ത ക്രിക്കറ്റ് താരമായ ഹര്‍മീത് സിംഗിന്റെ പേരിനും ചിത്രത്തിനും പകരം മാധ്യമങ്ങള്‍ നല്‍കിയത് ഹര്‍പ്രീത് സിംഗിന്റേതായിരുന്നു. അന്ധേരിയിലെ റെയില്‍വെ സ്റ്റേഷന്‍ ഫ്‌ളാറ്റ്‌ഫോമിലേക്കായിരുന്നു ഹര്‍മീത് കാറോടിച്ചു കയറ്റിയത്. അറസ്റ്റ് ചെയ്ത താരത്തെ പിന്നീട് പൊലീസ് വിട്ടയക്കുകയായിരുന്നു.

ഉന്‍മുക് ചന്ദിന്റെ നേതൃത്വത്തില്‍ ലോകകപ്പ് നേടിയ ഇന്ത്യ അണ്ടര്‍-19 ടീമിലംഗമായിരുന്നു ഹര്‍മീത്. താരത്തിന് ശോഭമായ ഭാവിയുണ്ടന്ന് അന്ന് വിദഗ്ധര്‍ വിലയിരുത്തിരുന്നു. എന്നാല്‍ പ്രതീക്ഷകളേയെല്ലാം തകര്‍ത്ത് താരം സ്വന്തം നല്ലകാലത്തിന്റെ നിഴലായി മാറിയത് അതിവേഗമായിരുന്നു.

എന്നാല്‍ മധ്യപ്രദേശിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത് കൊണ്ടിരിക്കുന്ന താരമാണ് ഹര്‍പ്രീത് സിംഗ്. മാധ്യമങ്ങളില്‍ ഹര്‍മീതിന് പകരം ഹര്‍പ്രീതിന്റെ പേര് പറഞ്ഞതോടെ ബംഗലൂരുവില്‍ നടന്ന ഐ.പി.എല്‍ ലേലത്തില്‍ പങ്കെടുക്കാനും കരിയറില്‍ പുതിയൊരു പാതയിലേക്ക് ചുവടുമാറ്റാനുമുള്ള അവസരമാണ് താരത്തിന് നഷ്ടമായത്.

മാനസികമായി തളര്‍ത്തുന്നതായിരുന്നു സംഭവമെന്നായിരുന്നു ഹര്‍പ്രീതിന്റെ പ്രതികരണം. ഐ.പി.എല്ലില്‍ താരത്തിനായി ചില ടീമുമകള്‍ താല്‍പര്യം പ്രകടിപ്പിച്ചതുമായിരുന്നു. തന്റെ ഐ.പി.എല്‍ മോഹങ്ങള്‍ അവസാനിച്ചെന്നും പക്ഷെ ഇന്ന് ഗൂഗിളില്‍ തന്റെ പേരു തിരയുമ്പോള്‍ ആദ്യം വരുന്നത് കേസില്‍ അറസ്റ്റ് ചെയ്തു എന്ന വാര്‍ത്തയാണെന്നും ഹര്‍പ്രീത് പറയുന്നു.

തെറ്റായ വാര്‍ത്തകള്‍ നല്‍കിയ എ.എന്‍.ഐ ഉള്‍പ്പടെയുള്ള ന്യൂസ് ഏജന്‍സികളും മാധ്യമങ്ങളും പിന്നീട് വാര്‍ത്ത തിരുത്തിയെങ്കിലും ഹര്‍പ്രീതിന്റെ ക്രിക്കറ്റ് ജീവിതത്തില്‍ വരുത്തിയ കറുത്ത് മാര്‍ക്ക് മായാന്‍ നാളുകള്‍ തന്നെയെടുക്കും.

Advertisement