Categories

വിശ്വാസവോട്ട് നേടാനായില്ല: കാനഡയില്‍ മെയ് രണ്ടിന് തിരഞ്ഞെടുപ്പ്

ഒട്ടാവ: കാനഡയില്‍ മെയ് രണ്ടിന് പൊതുതെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പ്പര്‍ അറിയിച്ചു. ഇന്നലെ പാര്‍ലമെന്റില്‍ നടന്ന വിശ്വാസവോട്ടെടുപ്പില്‍ ഹാര്‍പ്പറുടെ നേതൃത്വത്തിലുള്ള കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ പരാജയപ്പെട്ടതോടെയാണ് തെരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യത തെളിഞ്ഞത്. 7 വര്‍ഷത്തിനിടെ കാനഡയില്‍ നടക്കുന്ന നാലാമത്തെ പൊതുതിരഞ്ഞെടുപ്പാണിത്.

വിശ്വസവോട്ട് നേടാന്‍ കഴിയാത്തതിനെ തുടര്‍ന്ന് പാര്‍ലമെന്റ് പിരിച്ചുവിടാന്‍ ഗവര്‍ണര്‍ ജനറല്‍ ഡേവിഡ് ജോണ്‍സ്റ്റണോടു ഹാര്‍പ്പര്‍ ശുപാര്‍ശ ചെയ്തിരുന്നു. ഗവര്‍ണര്‍ ജനറലുമായി കൂടിയാലോചിച്ച ശേഷമാണ് തെരഞ്ഞെടുപ്പു തിയതി പ്രഖ്യാപിച്ചത്.

മുഖ്യപ്രതിപക്ഷ കക്ഷിയായ ലിബറല്‍ പാര്‍ട്ടി മറ്റു രണ്ടുപ്രതിപക്ഷങ്ങളായ ബ്ലോക് ക്യുബകോയിസ്, ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി എന്നീ പാര്‍ട്ടികളുടെ പിന്തുണയോടെയാണ് ഇന്നലെ അവിശ്വാസപ്രമേയം കൊണ്ടുവന്നത്. 156-145 എന്ന നിലയിലാണു വിശ്വാസവോട്ടെടുപ്പില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടത്.

കുറ്റകൃത്യവിരുദ്ധ പരിപാടി, കോര്‍പറേറ്റ് നികുതിയില്‍ വരുത്തിയ കുറവ്, സ്റ്റെല്‍ത്ത് യുദ്ധവിമാനം വാങ്ങുന്നതിനുള്ള പദ്ധതി തുടങ്ങിയ വിഷയങ്ങളുടെ വിശദാംശം വെളിപ്പെടുത്തുന്നതില്‍ ഹാര്‍പ്പര്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായി പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തിലുള്ള പാര്‍ലമെന്ററി സമിതി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അവിശ്വാസപ്രമേയം അവതരിപ്പിച്ചത്.

മെയിലെ തിരഞ്ഞെടുപ്പിലൂടെ വീണ്ടും അധികാരത്തില്‍ വരാനാകുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് കണ്‍സര്‍വേറ്റീവുകള്‍. മറ്റ് പടിഞ്ഞാറന്‍ രാജ്യങ്ങളെക്കാള്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതില്‍ കാനഡ വിജയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ മാറുന്നത് സാമ്പത്തിക പ്രതിസന്ധിയ്ക്ക് ഇടയാക്കുമെന്നും കണ്‍സര്‍വേറ്റീവുകള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.