തിരുവനന്തപുരം: വിവാദമായ മലബാര്‍ സിമന്റ്‌സ് അഴിമിതക്കേസുകളിലൊന്നായ ചുണ്ണാമ്പകല്ല് കേസ് അന്വേഷണത്തില്‍ ഇടപെട്ടു എന്നാരോപിച്ച് മുന്‍ ഡി.ജി.പി സിബി മാത്യൂസിനെതിരെ ഹരജി. തൃശൂര്‍ വിജിലന്‍സ് കോടതിയിലാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. മഞ്ചേരി സ്വദേശി നറുകര ഗോപിനാഥാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. ഹരജി കോടതി ഫയലില്‍ സ്വീകരിച്ചു.

വിജിലന്‍സ് ഡയറക്ടറായിരുന്ന കാലത്ത് കേസന്വേഷണത്തില്‍ ഇടപെട്ട് കേസിലെ മുഖ്യപ്രതികളിലൊരാളെ രക്ഷപ്പെടുത്തി എന്നാണ് ഹരജിക്കാരന്റെ ആരോപണം. ജോസ് തോമസ് എന്ന ഉദ്യോഗസ്ഥനെ രക്ഷിക്കാനായി സിബി മാത്യൂസ് ശ്രമിച്ചു. ഇതിനുവേണ്ടി പേ
ട്ട ധ്യാനകേന്ദ്രം മുന്‍ ഡയറക്ടര്‍ ജോര്‍ജ് പനയ്ക്കലുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നും ഹരജിയില്‍ പരാമര്‍ശിക്കുന്നു.

ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. ബി ഗോപാലകൃഷ്ണന്‍ മുഖേനയാണ് ഹരജി സമര്‍പ്പിച്ചത്.

മലബാര്‍ സിമന്റ്‌സിനുവേണ്ടി ചുണ്ണാമ്പുകല്ല് ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട് 32കോടിയുടെ അഴിമതി നടത്തി എന്നതാണ് കേസ്. കേസില്‍ ഒന്നാം പ്രതി മലബാര്‍ സിമന്റ്‌സ് മുന്‍ എം.ഡി എസ്.എസ് മോനിയാണ്. ജനറല്‍ മാനേജര്‍ മുരളീധരന്‍ നായര്‍, മുന്‍ എം.ഡിയും ബോര്‍ഡംഗവുമായ ജോണ്‍ മത്തായി എന്നിവരടക്കം 12 പേര്‍ ഈ കേസില്‍ പ്രതികളാണ്.

സിബി മാത്യൂസിന്റെ പ്രതികരണം

‘ഏത് കേസാണെന്ന് പോലും എനിക്കറിയില്ല എന്നാണ് സിബി മാത്യൂസ് ആദ്യം പ്രതികരിച്ചത്. എനിക്കെതിരെ ഇത്തരം ഹരജികള്‍ മുമ്പും ഫയല്‍ ചെയ്തിരുന്നു.

ഞാന്‍ ഡി.ജി.പി റാങ്കിലെത്തുന്നതിനു മുമ്പ് ഇത്തരത്തില്‍ രണ്ട് ഹരജികള്‍ വന്നിരുന്നു. എന്നാല്‍ അന്വേഷണത്തെ തുടര്‍ന്ന് ഇത് തള്ളുകയായിരുന്നു. രണ്ട് ഹരജികളും ‘ഊമ’ ഹരജികളായിരുന്നു. ഇപ്പോള്‍ ഹരജി നല്‍കിയിരിക്കുന്നത് തന്നെ ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷനാക്കുന്നതിനുള്ള അവസാന നീക്കം നടക്കുന്നതിനിടെയാണ്. അതിനാല്‍ മനപൂര്‍വ്വം അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കമാണിത്’