Administrator
Administrator
ഹരിയാന; ദളിത് പീഡനങ്ങള്‍ക്ക് ഒരു പരീക്ഷണശാല ?
Administrator
Saturday 10th November 2012 6:22pm

 ഈ അടുത്ത കാലത്ത് പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത്  ഖാപ് പഞ്ചായത്തുകള്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഫോണ്‍ ഉപയോഗം പെണ്‍കുട്ടികളെ പിഴപ്പിക്കുമെന്നാണ്  ആരോപണം. മിശ്രവിവാഹിതരായ ദമ്പതികളെ കൊണ്ട് രാഖി കെട്ടിച്ച് സഹോദരി സഹോദരരാക്കുന്ന ‘പുണ്യപ്രവര്‍ത്തനവും’  ഇവര്‍ നടത്തുകയുണ്ടായി


എസ്സേയ്‌സ് / ജയപ്രകാശ്


ശതാബ്ദങ്ങളായി ഇന്ത്യയിലെമ്പാടും ദളിതര്‍ വേട്ടയാടപ്പെടുന്നുണ്ട്.  ഹരിയാനയാകട്ടെ ദളിത് ആക്രമണങ്ങള്‍ക്കും ബലാത്സംഗങ്ങള്‍ക്കുമുള്ള ഒരു പരീക്ഷണശാലയായി മാറിയിരിക്കുന്നു. ഈ സംസ്ഥാനം ഒരു പ്രത്യേക ജാതിക്കാരുടെ സംസ്ഥാനമായിട്ടാണ് ഇപ്പോള്‍ അറിയപ്പെടുന്നത്.

Ads By Google
1961ല്‍ ഹരിയാ രൂപീകരിക്കപ്പെട്ടതു മുതല്‍ ആ ജാതിക്കാരുടെ പ്രതിനിധികളുടെ സര്‍ക്കാരാണ് ഭരണം കയ്യാളുന്നത്. ഇവിടുത്തെ കൃഷിഭൂമിയും വ്യവസായങ്ങളുമെല്ലാം ഈ ദബംഗ് ജാതിക്കാരുടെ കൈവശത്തിലാണ്. ദളിതരുടെ കൈവശം ഒന്നും തന്നെയില്ല. അല്ലറ ചില്ലറ ജോലികളും കൃഷിയിടങ്ങളിലെ കൂലിപ്പണിയുമാണ് അവരുടെ നിത്യവൃത്തിയുടെ ആധാരം.

സംസ്ഥാനഭരണത്തോടൊപ്പം ഇവരുടെ ഖാപ് പഞ്ചായത്തുകള്‍ ഹരിയാനയില്‍ സമാന്തര ഭരണവും നടത്തുന്നുണ്ട്. ഭരണകൂട സ്ഥാപനങ്ങളിലും, പോലീസിലും, ഉദ്യോഗസ്ഥ തലങ്ങളിലുമെല്ലാം ഈ സമ്പൂര്‍ണ്ണജാതിയുടെ ശക്തമായ സ്വാധീനമുണ്ട്.

സാമ്പത്തിക പുരോഗതി നേടിയിട്ടുണ്ടെങ്കിലും സമൂഹത്തില്‍ മധ്യകാലഘട്ടത്തിലെ അമാനവികമായ പിന്തിരിപ്പന്‍ മൂല്യങ്ങള്‍ ആഴത്തില്‍ വേരോടിയിരിക്കുന്ന സംസ്ഥാനമാണ് ഹരിയാന. യഥാര്‍ത്ഥത്തില്‍ ദബംഗ് ജാതിക്കാര്‍ ജനസംഖ്യയില്‍ ഭൂരിപക്ഷമൊന്നുമല്ല. പക്ഷേ രാഷ്ട്രീയത്തിലും പോലീസിലും, ഭരണത്തിലുള്ള സ്വാധീനം മൂലം ഖാപ് പഞ്ചായത്തുകളുടെ സമാന്തരഭരണമാണ് അവിടെ നിര്‍ബ്ബാധം നടന്നുകൊണ്ടിരിക്കുന്നത്.

ഹരിയാനയില്‍ ജനിച്ചുവളര്‍ന്ന ഓരോ വ്യക്തിയും പ്രത്യേകിച്ചും ദളിതന്‍ ഈ സവര്‍ണ്ണരുടെ ഗുണ്ടായിസത്തിനും, അതിക്രമങ്ങള്‍ക്കും ഓരേ സമയം സാക്ഷിയും ഇരയുമാണ്. ജീവിതത്തിലെ ഓരോ നിര്‍ണ്ണായക ഘട്ടത്തിലും ദളിതര്‍ എങ്ങിനെയൊക്കെ പീഡിപ്പിക്കപ്പെടുന്നുവെന്ന് എല്ലാവര്‍ക്കുമറിയാം. ഗ്രാമങ്ങളില്‍ ഓരോ വ്യക്തിയും തിരിച്ചറിയപ്പെടുന്നത് ജാതിസ്വത്വത്തിലൂടെയാണ്. ദളിതര്‍ക്കുവേണ്ടി നമ്മുടെ ഭരണഘടനവിഭാവനം ചെയ്യുന്ന അവകാശങ്ങളുമായി ഇവിടത്തെ ദളിതര്‍ക്ക് പുലബന്ധം പോലുമില്ല. ഇക്കാര്യങ്ങളെക്കുറിച്ച് ഇവര്‍ തീര്‍ത്തും അജ്ഞരാണ്. ഇവിടെ എല്ലാ അധികാരങ്ങളും അവകാശങ്ങളും ദബംഗ് ജാതിക്കുവേണ്ടി മാത്രം സംരക്ഷിക്കപ്പെട്ടിരിക്കുന്നു.

കഴിഞ്ഞ ഒരു മാസമായി ഹരിയാനയില്‍ സ്ത്രീകള്‍ക്കു നേരെ നടന്ന 18 ബലാത്കാരങ്ങളില്‍ പതിനാറിലും ഇരയായത് ദളിത് സ്ത്രീകളായിരുന്നു. ഭൂപേന്ദ്രസിംഗ് ഹുഡ്ഡയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം അക്രമങ്ങളും ബലാത്കാരങ്ങളും സര്‍വ്വസാധാരണമായിത്തീര്‍ന്നിരിക്കുന്നു. 2007ല്‍ ഗോഹാനയില്‍ ദബംഗ് ജാതിക്കാര്‍ ദളിതരുടെ കുടിലുകള്‍ അഗ്‌നിക്കിരയാക്കുകയും ലാര എന്ന യുവാവിനെവെടിവെച്ചു കൊല്ലുകയും ചെയ്തു. 2007ല്‍ തന്നെ നാര്‍ഹൗല്‍ ഗ്രാമത്തില്‍ താമസിക്കുന്ന ഒരു ദളിത് കുടുംബത്തിലെ അഞ്ചുപേരെ നഗ്‌നരാക്കി, ഗ്രാമം മുഴുവനും നടത്തിക്കുകയും, അവരെ കുടിലില്‍ നിന്നും പുറത്താക്കുകയും ചെയ്തു.

2010 ഏപ്രില്‍ 21 ന് മിര്‍ച്പുര്‍ ഗ്രാമത്തിലെ ഒരു ദളിതന്റെ വീട് അഗ്‌നിക്കിരയാക്കി. ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയും അവന്റെ അച്ഛനും വെന്ത് വെണ്ണീറായി. 2012 ഫെബ്രുവരിയില്‍ ദൗലത്പൂര്‍ ഗ്രാമത്തിലെ രാജേഷ് എന്ന ദളിത് യുവാവിന്റെ കൈ, ദബംഗ് ജാതിക്കാര്‍ ഉപയോഗിക്കുന്ന മട്കയില്‍ വെള്ളം കുടിച്ചു എന്ന കുറ്റത്തിന് വെട്ടിമാറ്റുകയുണ്ടായി. ഈ വര്‍ഷം ആഗസ്റ്റ് 31ന് ചൗടാല ഗ്രാമത്തിലെ രണ്ട് ദളിതരെ സവര്‍ണ്ണര്‍ പൂജ ചെയ്യാനനുവദിച്ചില്ല. 2012ല്‍ തന്നെ പട്ടിഗ്രാമത്തിലെ ഒരു ദളിത് യുവാവിന്റെ മുഖം, പ്രേമവിവാഹം കഴിച്ചു എന്ന കുറ്റത്തിന് വികൃതമാക്കി, ഗ്രാമത്തില്‍ നടത്തിക്കുകയും അയാളുടെ അച്ഛന് പിഴ ചുമത്തുകയും ചെയ്തു.

 ഇപ്പോഴും മധ്യകാല ഫ്യൂഡല്‍ മൂല്യങ്ങള്‍ വേരുറച്ചു നില്ക്കുന്ന നമ്മുടെ സാമൂഹ്യവ്യവസ്ഥയെ എങ്ങിനെ ജനാധിപത്യമെന്ന് വിശേഷിപ്പിക്കാനാവും?

 

സെപ്തംബര്‍ 9ന് പ്രായപൂര്‍ത്തിയാവാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടമായി ബലാത്സംഗത്തിനിരയാക്കി. അപമാനം സഹിക്കാതെ അവളുടെ അച്ഛന്‍ ജീവനൊടുക്കി. ഓരോ അക്രമത്തിനുശേഷവും ദളിതര്‍ക്ക് ഗ്രാമം തന്നെ വിട്ടുപോകേണ്ടി വരുന്നുണ്ട്. 2010ല്‍ മിര്‍ച്പുര്‍ ഗ്രാമത്തില്‍ നിന്ന് പോയവരാരും തന്നെ ഇന്നേവരെ തിരിച്ചുവന്നിട്ടില്ല. 2011ല്‍ ഭാഗാനഗ്രാമത്തിലെ ദളിത് കുടുംബങ്ങളെ കൂട്ടത്തോടെ സവര്‍ണ്ണര്‍ ഗ്രാമത്തില്‍ നിന്നും ബലമായി പുറത്താക്കുകയുണ്ടായി. നാളിതുവരെ അവര്‍ക്ക് നീതി ലഭിച്ചിട്ടില്ല. ഇവരിപ്പോള്‍ കളക്ടറുടെ ഓഫീസിനു ചുറ്റും തമ്പടിച്ചിരിക്കുകയാണ്. വര്‍ഷങ്ങളായി ദബംഗ് ജാതിക്കാര്‍ ദളിതര്‍ക്കു നേരെ നടത്തുന്ന അതിക്രമങ്ങള്‍ അനുദിനം വര്‍ദ്ധിച്ചു കൊണ്ടേയിരിക്കുന്നു.

എങ്കിലും കുറച്ചു വര്‍ഷങ്ങളായി ദളിത് സമൂഹത്തില്‍ നടന്ന പ്രവര്‍ത്തനങ്ങളും, വിദ്യാഭ്യാസവും ദളിതരെ തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കിയിട്ടുണ്ട്. പക്ഷേ അവര്‍ തലയുയര്‍ത്തി നെഞ്ച് വിരിച്ചു നടക്കുന്നത് സവര്‍ണ്ണര്‍ക്ക് സഹിക്കാനാവുന്നില്ല. ഭൂപേന്ദ്രസിംഗ് സര്‍ക്കാരിന് മുമ്പ് ചൗടാലയുടെ ഭരണത്തിലും ദളിത് ആക്രമണങ്ങള്‍ നടന്നിരുന്നെങ്കിലും ഇന്നിപ്പോള്‍ ഈ ലിസ്റ്റിന് നീളം വര്‍ദ്ധിച്ചുവരികയാണ്. 2012 ജനുവരി മുതല്‍ ഒക്‌ടോബര്‍ വരെ ഹരിയാനനനനനല്‍ നടന്ന അക്രമപരമ്പരയുടെ സര്‍ക്കാര്‍ കണക്ക് തന്നെ ഇപ്രകാരമാണ്ഹിസാര്‍ 94,  കര്‍നാല്‍ 97, വോഡി 89, രോഹ്തക് 87, ഗുഡ്ഗാവ് 34, അംബാല 31, ഫരീദാബാദ് 28.

ഖാപ് പഞ്ചായത്തുകളുടെ ആധിപത്യം

നടേ സൂചിപ്പിച്ചതുപോലെ ദളിതരെ അക്രമിക്കുകയും ദളിത് സ്ത്രീകളെ ബലാത്ക്കാരത്തിനിരയാക്കുകയും ചെയ്യുന്ന ദബംഗ് ജാതിക്കാര്‍ തന്നെയാണ് ഖാപ് പഞ്ചായത്തുകളുടെ നടത്തിപ്പുകാര്‍. മധ്യകാല ഫ്യൂഡല്‍ സംസ്‌കാരത്തിന്റെ പ്രതീകങ്ങളാണ് ഇവ. ആധുനിക സംസ്‌കാരത്തിലേക്കുള്ള യുവാക്കളുടെ മുന്നേറ്റത്തെ തടഞ്ഞുകൊണ്ട്, ബോധപൂര്‍വ്വം മധ്യകാല സംസ്‌കാരത്തിലേക്ക് നയിക്കുന്ന പിന്തിരിപ്പന്‍ നയമാണ് ഇവയുടെ പ്രവര്‍ത്തനങ്ങളുടെ കാതല്‍.

കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ഈ പഞ്ചായത്തുകള്‍, പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഫോണ്‍ ഉപയോഗം പെണ്‍കുട്ടികളെ പിഴപ്പിക്കുമെന്നാണ് ഇവര്‍ ആരോപിക്കുന്നത്. മിശ്രവിവാഹിതരായ ദമ്പതികളെ കൊണ്ട് രാഖി കെട്ടിച്ച് സഹോദരി സഹോദരരാക്കുന്ന ‘പുണ്യപ്രവര്‍ത്തനവും’ ഇവര്‍ നടത്തുകയുണ്ടായി.

ഇവയുടെ പ്രവര്‍ത്തനങ്ങള്‍ കാരണം സമൂഹത്തില്‍ പെണ്‍ഭ്രൂണഹത്യകള്‍ വര്‍ദ്ധിക്കുകയും പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ ജനസംഖ്യ ഗണ്യമായി കുറയുകയും ചെയ്തിരുന്നു. തന്മൂലം വിവാഹം തന്നെ ഒരു പ്രശ്‌നമായി മാറി. അതുകൊണ്ട് തന്നെ ഭ്രൂണഹത്യക്കെതിരെ അടുത്തകാലത്ത് ഖാപ് പഞ്ചായത്തുകള്‍ ഫത്‌വ പുറപ്പെടുവിക്കുകയുണ്ടായി. പുരോഗമനപ്രവര്‍ത്തനം എന്ന രീതിയില്‍ മീഡിയയും ഏറെ പ്രോത്സാഹനം നല്‍കി.

പക്ഷേ ഇതിന്റെ പുറകിലെ യാഥാര്‍ത്ഥ്യം യുവാക്കളുടെ വിവാഹപ്രശ്‌നം തന്നെയായിരുന്നു. അവരിപ്പോള്‍ സ്ത്രീകളുടെ വിവാഹപ്രായം 18 ല്‍ നിന്നും 15 ആയി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു തുടങ്ങിയിരിക്കുന്നു. വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ബലാത്കാരങ്ങള്‍ക്ക് അറുതിവരുത്തുകയാണ് (സ്ത്രീ വിരുദ്ധമായ) ഈ  നീതി എന്ന് ഇവര്‍ ഉദ്‌ഘോഷിക്കുന്നുണ്ടെങ്കിലും വിവാഹപ്രായവുമായി ഇതിന് ബന്ധമൊന്നുമില്ല.

ഹരിയാ പോലീസിന്റെയും ഭരണകൂടത്തിന്റെയും പങ്കാളിത്തം

ഇന്ത്യന്‍ സമൂഹം ഇന്നും ശക്തമായ ജാതിക്കൂട്ടിനകത്താണ്. അതുകൊണ്ട് തന്നെ സര്‍ക്കാരിന്റെ സംവിധാനങ്ങളെല്ലാം ഇതിനെ അതിവര്‍ത്തിക്കാനശക്തമാണ്. പോലീസും ഇതിന് അപവാദമല്ല. അവരുടെ പ്രവര്‍ത്തനങ്ങളും ജാത്യാധിപത്യപരമാണ്. പോലീസ് സേനയിലെ ഭൂരിപക്ഷവും ദബംഗ് ജാതിക്കാരായതുകൊണ്ട്, ദളിതര്‍ക്ക് ഇവരില്‍ നിന്നും നീതി പ്രതീക്ഷിക്കുകയെന്നത് തീര്‍ത്തും അചിന്തനീയമാണ്. എഫ്.ഐ.ആര്‍. പോലും പലപ്പോഴും രേഖപ്പെടുത്താറില്ല. 1989ലെ എസ്. സി., എസ്. ടി., ആക്ട് അനുസരിച്ച് ചാര്‍ജ് ചെയ്യപ്പെട്ടാലും ദബംഗരുടെ അറസ്റ്റ് നീണ്ടുപോകും. അഥവാ അറസ്റ്റു ചെയ്യപ്പെട്ടുവെന്ന് കരുതുക, സാക്ഷികളുടേയോ, തെളിവുകളുടേയോ അഭാവത്തില്‍ അവര്‍ രക്ഷപ്പെടുക തന്നെ ചെയ്യും.

ദളിത് പാര്‍ട്ടികളുടെയും നേതാക്കളുടെയും പങ്കാളിത്തം

ദളിത് പാര്‍ട്ടികളും അവയുടെ നേതാക്കളും തങ്ങള്‍ ദളിത് സമൂഹത്തെ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ ഇവരതിന് അര്‍ഹരല്ല. വര്‍ത്തമാനകാല ദളിത് വിരുദ്ധ സാമൂഹികാവസ്ഥ ഇവരെക്കൂടി ആഴത്തില്‍ സ്വാംശീകരിച്ചിരിക്കുന്നു. അതുകൊണ്ടാണ് ഇവര്‍ അസംബ്ലികളിലും, പാര്‍ലമെന്റിലും തീര്‍ത്തും ദളിത് താല്പര്യങ്ങള്‍ക്ക് വിരുദ്ധമായ ഉദാരീകരണ, സ്വകാര്യവത്കരണ നിയമങ്ങള്‍ക്ക് പിന്തുണ നല്‍കുന്നത്. ദളിത് പീഢനങ്ങള്‍ക്കെതിരെ സമരം ചെയ്യുകയില്ലെന്ന് മാത്രമല്ല, ഒരു പ്രസ്താവനപോലും നടത്താന്‍ ഇവര്‍ തയ്യാറാകുന്നില്ല. നാഴികക്ക് നാല്പതുവട്ടം അംബേദ്കറുടെ നാമം ഉച്ചരിക്കുമെങ്കിലും അദ്ദേഹത്തിന്റെ ആദര്‍ശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ ഇവര്‍ വിമുഖരാണ്. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ ദളിത് സമൂഹം ഇന്നും നരകജീവിതം നയിക്കാന്‍ ബാധ്യസ്ഥരായിരിക്കുന്നു.

ഒരേയൊരു പോംവഴി

ബൂര്‍ഷ്വാ ജനാധിപത്യം നിലനില്ക്കുന്ന ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രമായിട്ടാണ് ഇന്ത്യ വിശേഷിപ്പിക്കപ്പെടുന്നത്. ഭരണഘടനാനുസൃതമായി ഇവിടെ എല്ലാ സമുദായങ്ങള്‍ക്കും തുല്യാവകാശമാണ്. പക്ഷേ ദളിതര്‍ക്കെതിരെ അക്രമങ്ങള്‍ അനുസ്യൂതം നടന്നു കൊണ്ടിരിക്കുന്നു. ഇപ്പോഴും മധ്യകാല ഫ്യൂഡല്‍ മൂല്യങ്ങള്‍ വേരുറച്ചു നില്ക്കുന്ന നമ്മുടെ സാമൂഹ്യവ്യവസ്ഥയെ എങ്ങിനെ ജനാധിപത്യമെന്ന് വിശേഷിപ്പിക്കാനാവും? ദളിത് സമൂഹത്തിലെ ഭൂരിപക്ഷം ജനങ്ങളും തങ്ങളുടെ ജനാധിപത്യാവകാശങ്ങളെക്കുറിച്ച് കേട്ടിട്ടുപോലുമില്ല. തലയുയര്‍ത്തി നടക്കാനുള്ള അവകാശംപോലും അവര്‍ക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു. മാത്രമല്ല, അവര്‍ നിരന്തരം പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നു.

ഇത്തരമൊരു അരക്ഷിതാവസ്ഥയില്‍ ദളിത് സമൂഹത്തിന് ഒന്നടങ്കം ജാഗരൂകരായി സംഘടിപ്പിക്കേണ്ടതുണ്ട്. ദളിത് പാര്‍ട്ടികളേയും, നേതാക്കളേയും ശരിയായ രീതിയില്‍ തിരിച്ചറിയേണ്ടതുണ്ട്. ദളിത് അക്രമങ്ങള്‍ക്കെതിരെ അവരുടെ നിലപാടെന്താണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഭരണവര്‍ഗ്ഗ പാര്‍ട്ടികളും അവയുടെ ദളിത് വിരുദ്ധ സ്വഭാവവും നിലപാടുകളും സത്യസന്ധമായി വിലയിരുത്തപ്പെടേണ്ടതുണ്ട്.

ജാതിവ്യവസ്ഥ നിലനിര്‍ത്തിക്കൊണ്ട് ദളിതരെ വോട്ട് ബാങ്കായി കാണുന്ന ഇവരുടെ ലക്ഷ്യമെന്താണെന്ന് തിരിച്ചറിയേണ്ടതുണ്ട്. എല്ലാറ്റിനുമുപരി ജാത്യാധിഷ്ഠിതമായ നിലപാടുകള്‍ക്കെതിരെ മാത്രമല്ല, ജാതിവ്യവസ്ഥയെ മുച്ചൂടും ഉന്മൂലനം ചെയ്യാന്‍ ദളിത് സമൂഹത്തിന് ഒറ്റക്കെട്ടായി അണിനിരന്നു കൊണ്ട് സമരം ചെയ്യേണ്ടതുണ്ട്. ജാതി ഉന്മൂലനപ്രസ്ഥാനം ഏതെങ്കിലും ജാതിയിലധിഷ്ഠിതമല്ല. പ്രസ്ഥാനം നടത്തുന്ന സമരങ്ങള്‍ ജാതിവ്യവസ്ഥക്കെതിരെയാണ് അക്രമണങ്ങള്‍ക്കും.

(ലേഖകന്‍ ജാതി ഉന്മൂലനപ്രസ്ഥാനത്തിന്റെ  സെന്‍ട്രല്‍ കോര്‍ഡിനേറ്ററാണ്)

Advertisement