Categories

Headlines

പരിസ്ഥിതി പ്രവര്‍ത്തകന്‍ ഹരിഷ് വാസുദേവന്റെ റിയാദ് സന്ദര്‍ശനം ഏപ്രില്‍ 25ലേക്ക് മാറ്റി

haris-vasudevan

റിയാദ്: റിയാദ് ഇന്ത്യന്‍ ഫ്രണ്ട്ഷിപ് അസോസിയേഷന്റെ (റിഫ) ആഭിമുഖ്യത്തില്‍ റിയാദിലെ നൂര്‍ അല്‍ മാസ് ആഡിട്ടോറിയത്തില്‍ ഇന്ന് നടക്കേണ്ടിയിരുന്ന പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ ഹരിഷ് വാസുദേവന്റെ പ്രഭാഷണവും പരിസ്ഥിതി ചിത്രങ്ങളുടെ പ്രദര്‍ശനവും ഏപ്രില്‍ 25ലേക്ക് മാറ്റി. റിയാദ് സുല്‍ത്താനയിലെ അല്‍ നഖീല്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുകയെന്നും റിഫ അറിയിച്ചു.

എന്നാല്‍ ഹരീഷ് വാസുദേവന്റെ റിയാദ് സന്ദര്‍ശനത്തോടനുബന്ധിച്ചുള്ള മറ്റ് പരിപാടികളില്‍ മാറ്റമില്ല. കുട്ടികളുടെയും കൗമാരക്കാരുടെയും പ്രകൃതിയുമായി ബന്ധപ്പെട്ട പെയിന്റുങ്ങുകളുടെ എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നുണ്ട്.

പശ്ചിമഘട്ടത്തിലെ പ്രകൃതിയുടെ സംരക്ഷണം, ജലമലിനീകരണം, ക്വാറി മാഫിയകള്‍, വനനശീകരണം, നെല്‍പ്പാട സംരക്ഷണം എന്നിങ്ങനെയുള്ള വിഷയങ്ങളിലെ തന്റെ പ്രായോഗികാനുഭവത്തെക്കുറിച്ചാകും അദ്ദേഹം സംസാരിക്കുക.

നിലവില്‍ കേരള ഹൈക്കോടതിയിലെയും ചെന്നെയിലെ ഗ്രീന്‍ ട്രിബ്യൂണലിലെയും വക്കീലായ അദ്ദേഹം കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി വ്യത്യസ്ത പരിസ്ഥിതി സാമൂഹിക വിഷയങ്ങളില്‍ പങ്കെടുത്തുവരുന്നുണ്ട്.

നേരത്തെ അദ്ദേഹം കേരള ആര്‍ടിഐ ഫെഡറേഷന്റെ റൈറ്റ് ടു ഇന്‍ഫര്‍മേഷന്‍ ഇവാലുവേഷന്‍ കമ്മിറ്റിയുടെ അംഗമായി പ്രവര്‍ത്തിച്ചിരുന്നു. ‘ആര്‍ടിഐ നിയമവുമായുള്ള അഞ്ച് വര്‍ഷത്തെ അനുഭവവും  ഉദ്യോഗസ്ഥഭരണത്തിലുള്ള അതിന്റെ സ്വാധീനവും’ എന്ന വിഷയത്തില്‍ രണ്ട് മാസത്തെ ഗവേഷണം നടത്തുകയും തുടര്‍ന്ന് അതിന്റെ റിസല്‍ട്ട് മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

2010ല്‍ എന്‍ഡോസള്‍ഫാന്‍ നിരോധന പ്രചാരണത്തിന്റെ ദേശീയ പ്രചാരകനായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. എസ്‌സിഇആര്‍ടി ടീച്ചര്‍ ട്രെയിനിംഗ് പദ്ധതിയില്‍ നിയമവും ജൈവവൈവിദ്ധ്യവും എന്ന വിഷയത്തില്‍  സ്‌റ്റേറ്റ് റിസോഴ്‌സ് വക്താവായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.

പ്രൊ.എം കെ പ്രസാദിനോടൊപ്പം ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെയും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെയും താരതമ്യം ചെയ്ത് ഡിസി ബുക്‌സ് പുറത്തിറക്കിയ പുസ്തകം എഡിറ്റ് ചെയ്തതും ഇദ്ദേഹമാണ്. .

ഇപ്പോല്‍ വനത്തിന്റെയും പരിസ്ഥിതിയുടെയും സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയായ വണ്‍ എര്‍ത്ത് വണ്‍ ലൈഫിന്റെ സെക്രട്ടറിയാണ് അദ്ദേഹം.

Tagged with: