എഡിറ്റര്‍
എഡിറ്റര്‍
മിസ്റ്റര്‍ വിജയന്‍, കടലെടുക്കുന്ന കരയില്‍ വ്യവസ്ഥകള്‍ ലംഘിച്ച് ഇന്ധനടാങ്ക് കുഴിച്ചിടാന്‍ നാട്ടുകാരെ തല്ലുന്നതല്ല വികസനം: ഹരീഷ് വാസുദേവന്‍
എഡിറ്റര്‍
Sunday 18th June 2017 12:10pm

കൊച്ചി: പുതുവൈപ്പില്‍ ഐ.ഒ.സി പ്ലാന്റിനെതിരെ സമരം ചെയ്യുന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ളവരെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് അഭിഭാഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഹരീഷ് വാസുദേവന്‍.

സര്‍ക്കാരല്ല, പൊലീസ് ഉദ്യോഗസ്ഥരും അല്ല മുഖ്യമന്ത്രി നേരിട്ടാണ് ഈ സമരക്കാരെ നേരിടാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത് എന്നാണ് സമരക്കാരുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറയുന്നത്. ഇത് ശരിയാണ് എന്നാണ് തന്റെ അന്വേഷണത്തില്‍ ബോധ്യമായതെന്നും ഹരീഷ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.


Also Read: ‘ജനമൈത്രി’ പൊലീസ് പുതുവൈപ്പില്‍ കുട്ടികളോട് ചെയ്തത്; അടിയന്തിരാവസ്ഥയില്‍ പൊലീസ് മര്‍ദ്ദനത്തിന് ഇരയായ പിണറായിയുടെ ഭരണത്തില്‍ സംഭവിക്കുന്നതെന്ത്? 


കോടതിവിധികള്‍ മാനിക്കാനും സത്യം ബോധ്യപ്പെടുത്താനും ജനങ്ങളുടെ ആശങ്ക അകറ്റാനും ഉള്ള പ്രാഥമിക ജനാധിപത്യ ജനാധിപത്യ മര്യാദപോലും പിണറായി വിജയന്‍ സര്‍ക്കാര്‍ ഐ.ഒ.സി വിഷയത്തില്‍ കാണിക്കുന്നില്ല. മാത്രമല്ല, യു.ഡി.എഫിനെക്കാള്‍ മോശമായ പോലീസ് രാജാണ് കാണിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

‘മിസ്റ്റര്‍.വിജയന്‍, കടലെടുക്കുന്ന കരയില്‍ വ്യവസ്ഥകള്‍ ലംഘിച്ച് ഇന്ധനടാങ്ക് കുഴിച്ചിടുന്നതിന് നാട്ടുകാരെ തല്ലുന്നതല്ല വികസനം.’ സര്‍ക്കാര്‍ നിപാടിനെ വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം കുറിക്കുന്നു.

ഐ.ഒ.സി പ്ലാന്റിന്റെ നിര്‍മാണ പ്രവൃത്തികള്‍ നിയവിരുദ്ധമായാണ് നടക്കുന്നതെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്.

‘ഹൈടൈഡ് ലൈനില്‍ നിന്ന് 200 മീറ്റര്‍ വിട്ട് നിര്‍മ്മാണം നടത്താന്‍ തീരദേശപരിപാലന അതോറിറ്റിയും കേന്ദ്രസര്‍ക്കാരും അംഗീകാരം നല്‍കി. എന്നാല്‍ കടല്‍ത്തിര വന്നടിക്കുന്ന ഇന്റര്‍ ടൈഡല്‍ സോണില്‍ ആണ് നിര്‍മ്മാണം നടത്തുന്നത്. ഓരോ വര്‍ഷവും 2-3 മീറ്റര്‍ വീതം കടല്‍ എടുത്തുപോകുന്ന ഇറോഷന്‍ സോണ്‍ ആണ് ഇതെന്നു നാട്ടുകാരും, ഒരു മീറ്റര്‍ എങ്കിലും പ്രതിവര്‍ഷം കടല്‍ എടുക്കുന്നുണ്ടെന്ന് കമ്പനിയും പറയുന്നു. നിര്‍മ്മാണം ആരംഭിച്ചപ്പോള്‍ മതിലില്‍നിന്ന് 10 മീറ്റര്‍ ലധികം ഉണ്ടായിരുന്ന കടല്‍ ഇപ്പോള്‍ പ്ലോട്ടിനകത്ത് അടിച്ചു കയറി മതില്‍ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അവിടെയാണ് കോടികള്‍ മുടക്കി ഭൂമിക്കടിയില്‍ ഇത്രവലിയ ടാങ്ക് നിര്‍മ്മാണം നടക്കുന്നത്. ഇപ്പോള്‍ നിര്‍മ്മാണം 80% ഉം കടലിന്റെ 200 മീറ്ററിന് ഉള്ളിലുള്ള No development Zone ലാണ്. ഇത് നിയമവിരുദ്ധമാണ്. 200 മീറ്റര്‍ വിട്ടുള്ള ഒരു സര്‍വ്വേ നമ്പറില്‍ മാത്രമേ നിര്‍മ്മാണം നടത്താന്‍ പെട്രോളിയം മന്ത്രാലയവും സുരക്ഷാ അതോറിറ്റിയും അനുവാദം നല്‍കിയിട്ടുള്ളൂ.’ അദ്ദേഹം വിശദീകരിക്കുന്നു.

കോടതിവിധി ലംഘിച്ചു നടക്കുന്ന നിര്‍മ്മാണത്തനെതിരെ പരാതിക്കാര്‍ നല്‍കിയ കേസ് ജൂലൈ നാലിന് ദേശീയ ഹരിത ട്രൈബ്യൂണലില്‍ വാദം കേള്‍ക്കാനിരിക്കെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് സമരസമിതിയുമായി ചര്‍ച്ച നടത്തിയത്. ജൂലൈ നാലുവരെ കാക്കാതെ പൊലീസിനോട് സമരക്കാരെ നേരിടാന്‍ ഉത്തരവ് നല്‍കുകയായിരുന്നു മുഖ്യമന്ത്രി എന്നാണ് സമരക്കാര്‍ ആരോപിക്കുന്നതെന്നും ഹരീഷ് ചൂണ്ടിക്കാട്ടുന്നു.

Advertisement