ഹാരിപോട്ടര്‍ പരമ്പരയുടെ അവസാനഭാഗം- ഹാരിപോട്ടര്‍ ആന്റ് ദ ഡെത്ത്‌ലി ഹാലോസ് ജൂലായ് 15ന് തീയറ്ററുകളിലെത്തും. 1997ലാണ് ഹാരി പോട്ടറിന്റെ ആദ്യ നോവല്‍ പ്രസിദ്ധീകൃതമായത്. ജെ.കെ.റൗളിംഗ് എഴുതിയ പരമ്പരയിലെ ഏഴാമത്തേതും, അവസാനത്തേതുമായ നോവലിന്റെ രണ്ടാം ഭാഗമാണ് അവസാന ചിത്രമായി പുറത്തുവരുന്നത്. ഇതുവരെ പ്രദര്‍ശനത്തിനെത്തിയ ചിത്രങ്ങളുടെ ആകെ കളക്ഷന്‍ അമേരിക്കയില്‍ മാത്രം രണ്ട് ബില്യണ്‍ ഡോളറിലധികമാണ്. മറ്റൊരു പരമ്പരയ്ക്കും ഇത്രയധികം സാമ്പത്തിക നേട്ടം ഉണ്ടാക്കുവാന്‍ കഴിഞ്ഞിട്ടില്ല.

ഡെത്ത്‌ലി ഹാലോസിന്റെ രണ്ടു ഭാഗങ്ങളും ലണ്ടന് സമീപമുള്ള ലീവ്‌സ്‌ഡെന്റ് സ്റ്റുഡിയോവിലും മറ്റ് ലൊക്കേഷനുകളിലുമായി ഒരേസമയത്താണ് ചിത്രീകരിച്ചത്. 261 രാത്രിയും പകലുമാണ് ചിത്രീകരണം നടന്നത്. 200 മില്യണ്‍ ഡോളറിലധികം ചെലവഴിച്ച ചിത്രം ആരംഭിക്കുന്നത് ഒന്നാം ഭാഗം അവസാനിക്കുന്നിടത്ത് നിന്നാണ്. ‘വോള്‍ഡ്‌മോര്‍ട്ട് ഡമ്പിള്‍ ഡോറിന്റെ ശവകുടീരത്തില്‍ നിന്ന് ഡെത്ത്‌ലി ഹാലോസ് കണ്ടെടുക്കാന്‍ ശ്രമിക്കുന്നു. ഹാരിയും കൂട്ടുകാരും ഹോര്‍ക്രൂക്‌സിനു വേണ്ടി തിരയുന്നു. അവര്‍ ഹോഗ്‌വര്‍ട്‌സില്‍ എത്തുന്നു. ഡമ്പിള്‍ ഡോറിന്റെ മരണത്തിന് ശേഷം സ്‌നേപാണ് അതു നടത്തുന്നത്.’ ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ഈ രംഗത്തെ കുറിച്ച് എമ്മ വാചാലയായാണ് സംസാരിക്കുന്നത്.

ചിത്രത്തിന്റെ പരിസമാപ്തിയില്‍ കഥാപാത്രങ്ങളുടെ 19 വര്‍ഷം കഴിഞ്ഞശേഷമുള്ള രൂപമാണ് ദൃശ്യമാകുന്നത്. കഥാപാത്രങ്ങള്‍ക്ക് പ്രായം തോന്നാന്‍ സംവിധായകന്‍ ഡേവിഡ് യേറ്റ്‌സ് മേക്കപ്പ് നല്‍കിയാണ് ആദ്യം ചിത്രീകരിച്ചത്. എന്നാല്‍ ഇത് കണ്ടു കഴിഞ്ഞപ്പോള്‍ ഡേവിഡിന് എന്തൊക്കെയോ പോരായ്മകള്‍ തോന്നി. ഷൂട്ടിംങ് കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷം താരങ്ങളെ തിരികെ വിളിച്ച് ലളിതമായി ഇവര്‍ക്ക് മേക്കപ്പിട്ടു. ലളിതമായി തന്നെ ചിത്രീകരിച്ചു. പിന്നീട് സ്‌പെഷ്യല്‍ ഇഫക്ടസും നല്‍കി.

ആദ്യ പരമ്പരകളുടെ വിജയം അണിയറ പ്രവര്‍ത്തകര്‍ക്ക് ഏറെ പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്. ചിത്രത്തിന്റെ വരവിനായി ആരാധകരും കാത്തിരിക്കുകയാണ്.