അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുജറാത്ത് സന്ദര്‍ശനത്തിന് മുന്നോടിയായി തല മൊട്ടയടിച്ച് പട്ടേല്‍ സംവരണ സമര നേതാവ് ഹാര്‍ദിക് പട്ടേല്‍. പാട്ടിദര്‍ അനാമത് സമിതിയിലെ അന്‍പതോളം പ്രവര്‍ത്തകരും തല മൊട്ടയടിച്ചു പ്രതിഷേധിച്ചു.

ബി.ജെ.പി സര്‍ക്കാറിന്റെ ഭാഗത്തുനിന്നും തങ്ങളുടെ സമുദായത്തിനെതിരെയുള്ള അതിക്രമങ്ങളിലും പീഡനങ്ങളിലും പ്രതിഷേധിച്ചാണ് ഹാര്‍ദിക് പട്ടേലിന്റെ പ്രതിഷേധം. ‘നീതിയുടെ മാര്‍ച്ച്’നും ഹാര്‍ദിക് പട്ടേല്‍ തുടക്കം കുറച്ചു.

ബോതാദ് ജില്ലിയില്‍ നിന്നുമാണ് നീ യാത്ര ആരംഭിക്കുന്നത്. തുടര്‍ന്ന് അന്‍പത് ഗ്രാമങ്ങളിലൂടെ കടന്നു പോകുന്ന റാലി ഭാവ്നഗറില്‍ അവസാനിക്കും. ഒ.ബി.സി വിഭാഗത്തില്‍ പ്രത്യേക സംവരണം സാധ്യമാകണമെന്ന ആവശ്യവുമായാണ് പാട്ടേല്‍ വിഭാഗങ്ങളുടെ ന്യായ യാത്ര.


Must Read: ബൈബിള്‍ സിനിമയാക്കിയത് ‘ഡാവിഞ്ചികോഡ്’ എന്ന പേരിലെന്ന വിചിത്ര കണ്ടെത്തലുമായി ശശികല; എം.ടി-മോഹന്‍ലാല്‍ സിനിമയ്ക്ക് മഹാഭാരതം എന്ന പേര് അനുവദിക്കില്ലെന്നും ശശികല 


അടുത്തിടെ ഗുജറാത്തില്‍ സംവരണം ആരംഭിച്ചു നടത്തിയ പ്രതിഷേധങ്ങള്‍ പുനരാരംഭിക്കുമെന്ന് പറഞ്ഞ് ഹാര്‍ദിക് പട്ടേല്‍ രംഗത്തുവന്നിരുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബി.ജെ.പിയെ പരാജയപ്പെടുത്തുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ രണ്ട് വര്‍ഷമായി ബിജെപി സര്‍ക്കാര്‍ തങ്ങള്‍ക്കെതിരെ അഴിച്ചുവിട്ട പീഡനങ്ങളെയാണ് തല മുണ്ഡനം ചെയ്തതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഹാര്‍ദിക് പട്ടേല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നീതി തേടിയുള്ള യാത്രക്ക് തുടക്കമെന്നോണമാണ് നീതിയാത്രയെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെത്തുന്നത്.