അഹമ്മദാബാദ്: പട്ടേദാര്‍ സമുദായത്തിന്റെ സംവരണത്തിനായി സമരം നടത്തുന്ന ഹാര്‍ദിക് പട്ടേലിന്റെ ഡി. .എന്‍.എയെ ചൊല്ലിയും വിവാദം. സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ ഉപപ്രധാനമന്ത്രി സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ഡി.എന്‍.എ ആണ് ഹാര്‍ദികിന്റെ ശരീരത്തിലെന്ന ഗുജറാത്ത് കോണ്‍ഗ്രസ്സ് നേതാവ് ശക്തി ഗോഹിലിന്റെ പ്രസ്താവനയാണ് വിവാദത്തിനാധാരം.

സ്വന്തം സമുദായത്തിന്റെ പുനരുദ്ധാരണത്തിനും, ഉന്നമനത്തിനുമായി സര്‍ക്കാരുമായി നിരന്തരം കലഹത്തിലേര്‍പ്പെട്ടിരിക്കുന്ന ഹാര്‍ദികിനെ ഇല്ലാതാക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനൊ ബാഹ്യശക്തികള്‍ക്കോ കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു.

‘ തന്റെ സമുദായത്തിനേറ്റ ന്യൂനതകള്‍ പരിഹരിക്കുന്നതിനായിട്ടാണ് ഹാര്‍ദികിന്റെ പ്രതിഷേധം. അമിത് ഷാ യ്ക്കോ, ബി.ജെ.പി നേതൃത്വത്തിനോ ഹാര്‍ദികിലെ തടയാന്‍ കഴിയില്ല’. ഒ. ബി.സി സംവരണത്തിനായുള്ള സമരത്തെ സര്‍ക്കാര്‍ അടിച്ചമര്‍ത്തിയശേഷം പട്ടേല്‍ വിഭാഗക്കാര്‍ നിരന്തര സമരത്തില്‍ എര്‍പ്പെട്ടിരിക്കുകയാണ്. ബ്രിട്ടീഷ് ഭരണത്തെ വെല്ലുവിളിച്ച് പ്രതിേഷധങ്ങള്‍ നടത്തിയ സര്‍ദാറിനെ ഓര്‍മ്മിപ്പിക്കും വിധമാണ് ഹാര്‍ദ്ദികിന്റെ പ്രവര്‍ത്തനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Also Read രാംദേവിന്റെ പശുക്കളെ സംരക്ഷിക്കാന്‍ ആയിരം ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയും 25000കോടി രൂപയും നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം


അടുത്തിടെ ഹാര്‍ദികിന് നേരെ സെക്സ് സിഡി വിവാദം ഉയര്‍ന്നിരുന്നു. ഇത്തരം നീച പ്രവര്‍ത്തനങ്ങള്‍ക്ക് ഹാര്‍ദികിന്റെ പ്രവര്‍ത്തനങ്ങളെ തടയാന്‍ കഴിയില്ലയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ഇതിനെതിരെ ബിജെപി ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്.

ഇന്ത്യയുടെ ഉരുക്കു മനുഷ്യനായ സര്‍ദാര്‍ പട്ടേലിനെ അപമാനിക്കുന്നതിനു തുല്യമാണ് ഇത്തരം പ്രസ്താവനകളെന്ന് ബി.ജെ.പി നേതൃത്വം അഭിപ്രായപ്പെട്ടു. അദ്ദേഹം രാജ്യത്തെ ഒരുമിച്ച് ചേര്‍ക്കാന്‍ ശ്രമിച്ച വ്യക്തിയാണെന്നും എന്നാല്‍ ഹാര്‍ദിക് രാജ്യത്തില്‍ വിഭാഗീയത സൃഷ്ടിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും ബി.ജെ. പി ആരോപിക്കുന്നു.