കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ ചരിത്രം കുറിച്ചിരിക്കുകയാണ്. പോര്‍ട്ടീസ് മണ്ണിലെ ആദ്യ ഏകദിന പരമ്പര എന്ന മൂന്നു പതിറ്റാണ്ടിന്റെ കാത്തിരിപ്പിനാണ് ഇന്ത്യയിന്നലെ വിരാമമിട്ടത്. ആധികാരികമായിരുന്നു ഇന്ത്യന്‍ വിജയം. ബാറ്റുകൊണ്ടും ബൗളുകൊണ്ടും ഇന്ത്യ തിളങ്ങി. ഫീല്‍ഡിംഗിലും ഇതേ ആധിപത്യം നിലനിര്‍ത്താന്‍ സാധിച്ചതോടെ വിജയം അനായാസമായി.

ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം വില്ലനും പിന്നീട് ഹീറോയായും മാറിയത് ഹാര്‍ദ്ദിക് പാണ്ഡ്യയായിരുന്നു. നേരിട്ട ആദ്യ പന്തില്‍ത്തന്നെ ക്യാച്ച് സമ്മാനിച്ച് ആരാധകരുടെ മനസ്സില്‍ തീകോരിയിട്ടാണ് പാണ്ഡ്യ പുറത്തായത്. പക്ഷെ ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സില്‍ പന്തെടുത്ത ഹാര്‍ദ്ദിക് അതിനുള്ള മറുപടി നല്‍കി. തന്റെ അഞ്ചാം ഓവറില്‍ ആക്രമണകാരിയായ ജെ.പി ഡ്യുമിനിയെ കൂടാരം കയറ്റിയാണ് താരം ആശ്വാസം പകര്‍ന്നത്.

Subscribe Us:

പക്ഷെ പാണ്ഡ്യയുടെ ഏറ്റവും മനോഹര പ്രകടനത്തിന് പിന്നേയും സമയം വേണ്ടി വന്നു. കുല്‍ദീപ് യാദവ് തന്റെ പത്താം ഓവര്‍ എറിയുന്നതു വരെയ കുല്‍ദീപിന്റെ പന്ത് ഷംസി ഉയര്‍ത്തി അടിക്കുകയായിരുന്നു. അത്ഭുതകരമായി ഒറ്റ കൈകൊണ്ട് പാണ്ഡ്യ ക്യാച്ച് എടുക്കുകയായിരുന്നു. പന്തിനായി പാഞ്ഞ ശിഖര്‍ ധവാന് മുമ്പില്‍ പാണ്ഡ്യ കൂടി വന്നതോടെ ആശയക്കുഴപ്പം കാരണം ക്യാച്ച് കൈവിട്ട് പോകുമെന്ന് തോന്നിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല.

നേരത്തെ ഇന്ത്യ 274 റണ്‍സെടുത്തിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ പോര്‍ട്ടീസ് ആകട്ടെ 201 ന് ഓള്‍ ഔട്ടാവുകയും ചെയ്തു. ഇതോടെ പരമ്പരയില്‍ ഇന്ത്യയുടെ ലീഡ് 4-1 ആയി. ഒരു മത്സരം കൂടി ബാക്കിയുണ്ട്. ഓപ്പണര്‍ രോഹിത് ശര്‍മ്മയുടെ സെഞ്ച്വറിയുടെ കരുത്തിലായിരുന്നു ഇന്ത്യന്‍ വിജയം. രോഹിത് 115 റണ്‍സെടുത്തു. കുല്‍ദീപ് യാദവ് നാല് വിക്കറ്റും വീഴ്ത്തിയിരുന്നു.