ജോധ്പൂര്‍: ഭരണഘടനാ ശില്‍പി ബി.ആര്‍ അംബേദ്ക്കര്‍ക്കെതിരെ ട്വിറ്ററിലൂടെ വിവാദ പരാമര്‍ശം നടത്തിയത് താനല്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ദിക് പാണ്ഡ്യ. നേരത്തെ ട്വിറ്ററിലൂടെ അംബേദ്കര്‍ക്കെതിരെ പരാമര്‍ശം നടത്തിയെന്ന കുറ്റത്തിനു ജോധ്പൂര്‍ എസ്.എസി/എസ്.ടി കോടതി രാജസ്ഥാന്‍ പൊലീസിനോട് താരത്തിനെതിരെ കേസെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

ഇതിനു പിന്നാലെയാണ് അംബേദ്കര്‍ വിരുദ്ധ പരാമര്‍ശം നടത്തിയത് താനല്ലെന്ന് വ്യക്തമാക്കി ഹര്‍ദിക് പാണ്ഡ്യ രംഗത്തെത്തിയത്. ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് വിവാദ വിഷയത്തില്‍ താരം വിശദീകരണം നല്‍കിയത്.

തന്റെ ചിത്രവും പേരും ഉപയോഗിച്ച് നിര്‍മ്മിച്ച വ്യാജ അക്കൗണ്ടില്‍ നിന്നാണ് ട്വീറ്റ് പ്രത്യക്ഷപ്പെട്ടതെന്നും താന്‍ തന്റെ വെരിഫെയിഡ് അക്കൗണ്ടിലൂടെ മാത്രമേ സോഷ്യല്‍മീഡിയയില്‍ ഇടപെടാറുള്ളുവെന്നുമാണ് പാണ്ഡ്യ വ്യക്തമാക്കിയിരിക്കുന്നത്.

ഇന്ത്യയുടെ ഭരണഘടന ശില്‍പ്പിയായ അംബേദ്ക്കര്‍ തന്നെ സംബന്ധിച്ച് ഏറെ ബഹുമാന്യനായ വ്യക്തിയാണെന്നും അദ്ദേഹത്തെ അപമാനിക്കുന്ന തരത്തില്‍ താനൊരു പ്രതികരണവും ഇതുവരെയും നടത്തിയിട്ടില്ലെന്നും പാണ്ഡ്യ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ പറഞ്ഞു.

‘ഏത് അംബേദ്ക്കര്‍ ? നിയമവും ഭരണഘടനയും തയ്യാറാക്കിയ ആ ആളോ അതോ രാജ്യത്ത് സംവരണം എന്ന രോഗം പരത്തിയ ആളോ’ എന്നായിരുന്നു താരത്തിന്റെ പേരിലുള്ള അക്കൗണ്ടില്‍ നിന്നു വന്ന ട്വീറ്റ്. 2017 ഡിസംബര്‍ 26ന് ചെയ്ത ഈ ട്വീറ്റിനെതിരെ രാഷ്ട്രീയ ഭീം സേന പ്രവര്‍ത്തകനായ ഡോ. മേഘ്വാള്‍ പാണ്ഡ്യ നല്‍കിയ ഹരജിയിലായിരുന്നു കോടതിയുടെ കേസെടുക്കാന്‍ ഉത്തരവിട്ടത്.

My statement.

A post shared by Hardik Pandya (@hardikpandya93) on