ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സൈക്കോളജി എന്താണെന്ന് മനസ്സിലാകുന്നില്ലെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌കര്‍. സി.ബി സീരിസില്‍ ഓസ്‌ട്രേലയയോട് ശ്രീലങ്ക ജയിച്ചതിനു ശേഷം ഇന്ത്യന്‍ ടീം ഫൈനലില്‍ നിന്നും പുറത്തായിരുന്നു.

ഈ സാഹചര്യത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ടീമംഗങ്ങള്‍ കളിക്കളത്തില്‍ ഒട്ടും പ്രാക്ടിക്കലല്ല. പലരും നിസ്സാരമായാണ് കളിയെ കാണുന്നതെന്ന് തോന്നും.

ഇന്ത്യന്‍ ടീമംഗങ്ങള്‍ എതിര്‍ ടീമിന്റെ വിക്കറ്റ് എടുത്താല്‍ ചീറിവിളിച്ചും ഗ്രൗണ്ടിലൂടെ തലകുത്തിമറിഞ്ഞും അവര്‍ ആഘോഷിക്കും. എന്നാല്‍ വിലപ്പെട്ട ഒരു വിക്കറ്റ് നഷ്ടപ്പെടുത്തിയാല്‍ അവര്‍ നിസ്സാരമായി അതിനെ ചിരിച്ചു തള്ളും. അതാണ് ടീമംഗങ്ങളില്‍ പലരും ചെയ്യുന്നത്. ഇവരുടെ സൈക്കോളജി എന്താണെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. വിലപ്പെട്ട വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയാല്‍ സ്വാഭാവികമായും മുഖത്ത് വരേണ്ട വികാരപ്രകടനങ്ങള്‍ പോലും പലരും കാണിക്കാറില്ല.- ഗവാസ്‌കര്‍ വ്യക്തമാക്കി.

അതിന് പല ഉദാഹരണങ്ങളും പറയാനുണ്ട്. ഓസ്ട്രലിയയുമായി അവസാനം നടന്ന മത്സരത്തില്‍ ഇഷാന്ത് ശര്‍മ മൈക്കല്‍ ക്ലാര്‍ക്കിന്റെ നല്ലൊരു ക്യാച്ച് കൈവിട്ടു. കളിയില്‍ നിര്‍ണായക വഴിത്തിരിവാകാമായിരുന്ന ആ ക്യാച്ച് കൈവിട്ട് കളഞ്ഞിട്ടും അദ്ദേഹത്തിന് യാതൊരു വിഷമവും ഉണ്ടായിരുന്നില്ല. അദ്ദേഹം വളരെ നിസ്സാരമായി ചിരിക്കുകയാണ് അപ്പോള്‍ ചെയ്തത്. ആ ക്യാച്ച് ഇഷാന്ത് പിടിച്ചിരുന്നെങ്കില്‍ സെഞ്ച്വറി തികച്ച് മുന്നേറാന്‍ ക്ലാര്‍ക്കിന് കഴിയുമായിരുന്നില്ല.

ഒരു ക്രിക്കറ്റ് താരം എന്ന നിലയ്ക്ക് ഇവരുടെ ഇത്തരം പെരുമാറ്റങ്ങള്‍ വിഷമമുണ്ടാക്കുന്നതാണ്. ഇതേപോലെ തന്നെ ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന അവസാന ടെസ്റ്റ് മത്സരത്തില്‍ ഉമേഷ് യാദവിന്റെ അലസമായ പന്തില്‍ അവര്‍ റണ്‍ അടിച്ചുകൂട്ടുകയാണ്. അപ്പോള്‍ ഉമേഷ് യാദവ് ചിരിക്കുകയാണ്. അവര്‍ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. അവരുടെ ചിരി കണ്ട് കളികാണുന്ന ലോകത്തെ കോടിക്കണക്കിന് ആളുകളും അവരെ പരിഹസിച്ചു ചിരിക്കുന്നുണ്ടാകും.-ഗവാസ്‌കര്‍ വ്യക്തമാക്കി.

കോമണ്‍വെല്‍ത്ത് ബാങ്ക് സീരീസില്‍ 0-4 ന് തോറ്റാണ് താരങ്ങള്‍ ഇന്ത്യയിലേക്ക് മടങ്ങുന്നത്. ഓസ്‌ട്രേലിയയ്‌ക്കെതിരെയും ശ്രീലങ്കയ്‌ക്കെതിരേയും നടന്ന പല മത്സരങ്ങളിലും നിലവാരത്തിലേക്കെത്താന്‍ ടീമിനായിരുന്നില്ല.

Malayalam news

Kerala news in English